യൂസ്ഡ് വാഹന വിപണിക്ക് മൂക്കുകയറിട്ട് ഗതാഗത മന്ത്രാലയം; പുതിയ നിയമഭേദഗതിയെ കുറിച്ചറിയാം
ഇന്ത്യയില്‍ വാഹന വിപണിക്കൊപ്പം തന്നെ വളര്‍ന്ന് പന്തലിക്കുകയാണ് യൂസ്ഡ് വാഹന വിപണിയും. മാര്‍ക്കറ്റില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകുന്നതും ചൂഷണം ചെയ്യപ്പെടുന്നതും തടയാനും കാര്‍, ബൈക്ക് ഡീലര്‍മാര്‍ക്ക് മൂക്കുകയറിടാനും നിയമം കൊണ്ടുവരുന്നതിനായി കേന്ദ്രം നേരത്തെ തന്നെ കരട് തയാറാക്കിയിരുന്നു. യൂസ്ഡ് വാഹന വിപണിയില്‍ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് കേന്ദ്ര ഗതാഗത വകുപ്പ്.
2022 സെപ്റ്റംബറില്‍ ഒരു കരട് നിയമം സമര്‍പ്പിച്ചതിന് ശേഷം രാജ്യത്തെ വളരുന്ന പ്രീ-ഓണ്‍ഡ് കാര്‍/ബൈക്ക് വിപണികള്‍ക്ക് ഒരു റെഗുലേറ്ററി ഇക്കോസിസ്റ്റം സംയോജിപ്പിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം (MoRTH) ഇപ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989 ഭേദഗതി ചെയ്തു. പുതിയ നിയമങ്ങള്‍ യൂസ്ഡ് വാഹനങ്ങളുടെ വാങ്ങലിലും വില്‍പ്പനയിലും സുതാര്യത ഉറപ്പാക്കും. ഒപ്പം തന്നെ അനധികൃത ഡീലര്‍മാരില്‍ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലര്‍മാരെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്ന നിരവധി പരിഷ്‌കാരങ്ങള്‍ നിയമത്തില്‍ ഉണ്ട്.

നിയമങ്ങള്‍ പ്രകാരം, ഒരു ഡീലറുടെ ആധികാരികത ഉറപ്പാക്കാനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഡീലര്‍മാര്‍ക്കായി ഒരു പുതിയ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ചു. പുതിയ നിയമമനുസരിച്ച്, ഇനി മുതല്‍ യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഡീലര്‍മാരും ഇടനിലക്കാരും വില്‍പ്പന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗതാഗത വകുപ്പിന് സമര്‍പ്പിക്കണം. വ്യവസായം സുഗമമാക്കാനും സുതാര്യത കൈവരുത്താനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡീലര്‍മാര്‍, വാഹനം വില്‍ക്കുന്നയാള്‍, വാഹനം വാങ്ങുന്ന ഉപഭോക്താവ് എന്നിവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഓരോ വാഹനത്തെക്കുറിച്ചും മുഴുവന്‍ വിവരങ്ങളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.
പുതിയ നിയമം അനുസരിച്ച് ഒരു വ്യക്തി തന്റെ കാറോ ബൈക്കോ സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍ക്ക് വില്‍ക്കുമ്പോള്‍ ഇരുവരും ഈ വിവരം അവരുടെ പ്രാദേശിക ആര്‍ടിഒയ്ക്ക് നല്‍കണം. ഇത് വേണമെങ്കില്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ ചെയ്യാം. തുടര്‍ന്ന് വാഹനം വാങ്ങുന്ന ഉപഭോക്താവിനെ കുറിച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ അറിയിക്കണം. ഡീലറര്‍മാരുടെ കാര്യം നോക്കിയാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് ആര്‍സി, എന്‍ഒസി എന്നിവ പുതുക്കുന്നതിനും മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും അവര്‍ക്ക് ഇപ്പോള്‍ അധികാരം നല്‍കിയിട്ടുണ്ട്.

കൂടാതെ, ഡീലര്‍മാര്‍ ഇപ്പോള്‍ വാഹനത്തിന്റെ ഇലക്ട്രോണിക് ട്രിപ്പ് മീറ്ററിന്റെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. അതില്‍ ഡീലറുടെ മേല്‍നോട്ടത്തില്‍ നടത്തിയ യാത്രകളുടെ വിശദാംശങ്ങളായ യാത്രയുടെ ഉദ്ദേശ്യം, ഡ്രൈവര്‍, സമയം, മൈലേജ് എന്നിവ അടങ്ങിയിരിക്കും. കൂടാതെ അത്തരം വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവുകള്‍, അറ്റകുറ്റപ്പണികള്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാന്‍ എന്നിവയ്ക്കായി മാത്രമേ നിരത്തിലിറക്കാന്‍ കഴിയൂ. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന, വാങ്ങല്‍ പ്രക്രിയയെക്കുറിച്ച് ഡീലര്‍ക്ക് ആര്‍ടിഒ ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാം അല്ലെങ്കില്‍ ഒരു പ്രത്യേക വെബ്സൈറ്റില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കാം.
ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ ഉടമയുടെ വിശദാംശങ്ങള്‍ ലഭിക്കേണ്ടതും ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്. പുതിയ നിയമങ്ങള്‍ അംഗീകൃത ഡീലര്‍മാരെ തിരിച്ചറിയുന്നതിനും ശാക്തീകരിക്കുന്നതിനും, യൂസ്ഡ് കാറുകള്‍/ബൈക്കുകള്‍ എന്നിവയുടെ വില്‍പനയിലും വാങ്ങലിലും ഉള്‍പ്പെട്ടിട്ടുള്ള തട്ടിപ്പുകാര്‍ക്കും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ വാഹനം വാങ്ങുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത കാലത്തായി, പുതിയ കാറുകളുടെ വിലക്കയറ്റവും വിതരണ ശൃംഖലയുടെ കുറവും നീണ്ട കാത്തിരിപ്പ് കാലയളവിലേക്ക് നയിക്കുന്നതിനാല്‍ പ്രീ-ഓണ്‍ഡ് വാഹന വിപണി ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു.
കൂടാതെ, ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍/ബൈക്ക് പ്ലാറ്റ്ഫോമുകളുടെ ആവിര്‍ഭാവം ഈ മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കി. യഥാര്‍ത്ഥ ഉടമ വാഹനം വിറ്റ ശേഷം ഡീലര്‍മാര്‍ തെറ്റായ ആവശ്യങ്ങള്‍ക്ക് കാര്‍ ഉപയോഗിച്ചുവെന്ന തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. കൃത്യസമയത്ത് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനാല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ മുന്‍ ഉടമക്ക് ലഭിച്ച നിരവധി ഉദാഹരണങ്ങളുമുണ്ട്. പഴയ ഉടമകള്‍ നടത്തിയ ലംഘനങ്ങള്‍ക്ക് പുതിയ ഉടമകള്‍ ചിലപ്പോള്‍ പിഴയടേക്കണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ പഴയ വാഹന ഉടമകള്‍ക്കും യുസ്ഡ് കാറുകളുടെ പുതിയ ഉടമകള്‍ക്കും ഏറെ ഗുണകരമാകും. യൂസ്ഡ് വാഹന വിപണിയെ സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. മോഷ്ടിച്ച വാഹനങ്ങളുടെ പുനര്‍വില്‍പ്പന തടയാന്‍ ഇത് സഹായിക്കും. യൂസ്ഡ് വാഹന വിപണി നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് നടത്തിയ നിയമഭേദഗതിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ...


Click it and Unblock the Notifications








