ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇപ്പോൾ ഏറെ ശ്രദ്ധ ലഭിക്കുന്നുണ്ട്. സിറ്റി ഡ്രൈവിംഗിനായി ആളുകൾ ഇപ്പോൾ ICE വാഹനങ്ങളേക്കാൾ ഇവികളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഇവയ്ക്ക് നോർമൽ ICE വാഹനങ്ങളേക്കാൾ വില കൂടുതലാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
അതിനാൽ, പലർക്കും ഇപ്പോഴും ഇവികൾ താങ്ങാൻ കഴിയില്ല എന്നതാണ് വാസ്തവം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അടുത്തിടെ യാക്കൂസ എന്ന കമ്പനി കരിഷ്മ എന്ന മൈക്രോ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുകയാണ്. ഈ വ്യത്യസ്തമായ ഇലക്ട്രിക് കാറിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഈ യാക്കൂസ കരിഷ്മ ഇലക്ട്രിക് കാറിൻ്റെ ഉടമയുമായി സംസാരിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് കാറിൻ്റെ ഡീലർ കൂടെയാണ് ഇദ്ദേഹം എന്നത് ശ്രദ്ധേയമാണ്. കാറിൻ്റെ വിശദാംശങ്ങൾ കാണിക്കുമ്പോൾ, മുൻവശത്ത് വളരെ ആധുനികമായ ഡിസൈൻ ശൈലി ഇതിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഹെഡ്‌ലൈറ്റുകളിലെ എൽഇഡി ഡിആർഎല്ലുമാണ് ഈ ഇവിയുടെ ഫ്രണ്ട് ഫാസിയയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയാവുന്നത്. കൂടാതെ മെയിൻ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് രണ്ട് ഹാലൊജൻ ബൾബുകൾ ലഭിക്കുന്നു. ഇരു ഹെഡ്‌ലാമ്പുകളേയും കണക്റ്റ് ചെയ്യുന്ന എൽഇഡി DRL -ഉം ലഭിക്കുന്നു.

സൈഡ് പ്രൊഫൈലിൽ, കരിഷ്മ ഇവി രണ്ട് ഡോറുകളോടെ വളരെ മിനിമലിസ്റ്റിക് ശൈലിയുമായിട്ടാണ് വരുന്നത്. വാഹനത്തിൻ്റെ കൃത്യമായ അളവുകൾ വീഡിയോയിലോ നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സൂചിപ്പിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് വളരെ ചെറിയ കാറാണ് എന്നും തിരക്കേറിയ സിറ്റി ട്രാഫിക്കിനുള്ളിൽ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും നമുക്ക് മനസിലാക്കാം. കാറിന് വലിയ വീതിയുമില്ല.
പിന്നിലേക്ക് നീങ്ങുമ്പോഴും കാറിൻ്റെ ഡിസൈൻ വളരെ സിമ്പിളാണ്. നടുക്ക് കണക്റ്റിംഗ് ലൈറ്റുള്ള ഹാലൊജൻ ടെയിൽലൈറ്റുകളാണ് ഇതിൽ വരുന്നത്. അടുത്തതായി കമ്പനി ഇതിന് ഒരു ഫ്ലിപ്പ് കീ സെറ്റപ്പാണ് നൽകിയിരിക്കുന്നത്, ഈ കീ ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന കാറിൻ്റെ ചാർജിംഗ് പോർട്ടും വീഡിയോയിൽ കാണിക്കുന്നു.

യാക്കൂസ കരിഷ്മ ഇവി കാറിൻ്റെ എക്സ്റ്റീരിയർ വിശേഷങ്ങൾക്ക് ശേഷം, വീഡിയോയിൽ വാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച കാറിൻ്റെ ഇലക്ട്രിക് മോട്ടോർ കാണിക്കുന്നു. മോട്ടോർ കാണിക്കുന്നതിന് മുമ്പ്, ഈ കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വ്ൻലഗർ ഉടമയോട് ചോദിക്കുന്നു. എന്നാൽ, കാറിന് മണിക്കൂറിൽ 25 - 30 കിലോമീറ്റർ വരെ മാത്രമേ സ്പീഡിൽ പോകാനാവൂ, അതിനാൽ ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം മറുപടി നൽകി.
ഇനി മോട്ടോറിന്റെ വിശേഷങ്ങളാണ്, ഇവിയ്ക്ക് 1250 W ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ മോട്ടോറിന് കമ്പനി ഒരു വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് ഉടമ വ്യക്തമാക്കുന്നു. ഈ കാലയളവിനുള്ളിൽ, മോട്ടോറിന് എന്തെങ്കിലും സംഭവിച്ചാൽ, കമ്പനി അത് ഒരു പുതിയ മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും.
ഒരു നോർമൽ ഷോക്ക് അബ്സോർബറുകൾ ലഭിക്കുന്ന കാറിൻ്റെ സസ്പെൻഷനും സജ്ജീകരണവും വീഡിയോയിൽ കാണാം. 60V 45Ah ബാറ്ററിയും ടൈപ്പ് 2 ചാർജറുമായാണ് വാഹനം വരുന്നത്. ഈ ചാർജറിൽ മൊത്തം ആറ് മുതൽ ഏഴ് മണിക്കൂറാണ് ചാർജിംജ് ടൈം വേണ്ടി വരുന്നത്. കൂടാതെ, ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 50 മുതൽ 60 കിലോമീറ്റർ വളരെ ഡ്രൈവിംഗ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.
യാക്കൂസ കരിഷ്മ ഇവിയുടെ ഇൻ്റീരിയറിൽ ഒരൊറ്റ ഫ്രണ്ട് സീറ്റ് സെറ്റപ്പിലാണ് ഈ കാർ വരുന്നത്. മുന്നോട്ടും പിന്നോട്ടും നീക്കി ഇത് ക്രമീകരിക്കാനാവും, കൂടാതെ ഡ്രൈവർ സീറ്റിൻ്റെ റിക്ലൈൻ ആംഗിളും അഡ്ജസ്റ്റ് ചെയ്യാം. കൂടാതെ രണ്ട് പേരെ പിൻസീറ്റിൽ അനായാസം ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉടമ പരാമർശിക്കുന്നു. ഡെയ്ലി വളരെ കുറച്ച് കിലോമീറ്ററുകൾ യാത്ര ചെയ്യുന്നവർക്ക് ഈ കാർ ഏറ്റവും അനുയോജ്യമാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. യാക്കൂസ കരിഷ്മയുടെ ഡാഷ്ബോർഡ് വളരെ സിമ്പിളാണ്.

പവർ സ്റ്റിയറിംഗ്, ഒരു ചെറിയ ഡിജിറ്റൽ സ്‌ക്രീൻ, ഒരു ഓഡോമീറ്റർ, പവർ വിൻഡോകൾ, ഒരു സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ഫോർവേഡും റിവേഴ്‌സ് തിരഞ്ഞെടുക്കാനുള്ള റോട്ടറി ഗിയർ നോബ് എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. വാങ്ങുന്ന സമയത്ത് ലഭ്യമായ കിഴിവുകൾ അനുസരിച്ച് ഈ ഇലക്ട്രിക് കാറിന് ഏകദേശം ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരും എന്നാണ് ഉടമ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








