കാര്‍ പാര്‍ക്കിംഗിന് മുടക്കിയ തുക കേട്ടാൽ തലകറങ്ങും! ഈ പൈസക്ക് നല്ല കിടുക്കാച്ചി വീട് വെക്കാലോ
നിരത്തില്‍ കാറുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നഗരത്തിലെ റോഡുകള്‍ തിരക്കില്‍ അമരുകയാണ്. പലരും സിറ്റിയിലേക്ക് കാറുകളുമായി ഇറങ്ങാന്‍ മടിക്കുന്നതിനുള്ള ഒരു കാരണം പാര്‍ക്കിംഗ് ആണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പാര്‍ക്കിംഗ് ഒരു വലിയ പ്രശ്‌നമാണ്. മെട്രോ നഗരങ്ങളിലും ടയര്‍-2 നഗരങ്ങളിലുമെല്ലാം ഈ പ്രശ്‌നം അലട്ടുന്നുണ്ട്. വന്‍ നഗരങ്ങളില്‍ പാര്‍ക്കിംഗ് ഇല്ലാത്തയാളുകള്‍ വണ്ടികള്‍ യാതൊരു ഗത്യന്തരവുമില്ലാതെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നു. അതുകൊണ്ട് തന്നെ പുതിയ പാര്‍ക്കിംഗ് സ്‌പെയ്‌സുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം നഗരങ്ങളില്‍ കാലാകാലങ്ങളായി മുറവിളികള്‍ ഉയരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ 'പേ പാര്‍ക്കിംഗ്' ആണ് വലിയ ആശ്വാസം.
എന്നാല്‍ നിങ്ങളുടെ വാഹനം നിര്‍ത്തിയിടാനുള്ള പാര്‍ക്കിംഗ് സ്‌പെയ്‌സിന് എത്ര രൂപ മുടക്കാന്‍ നിങ്ങള്‍ തയാറാകും. വലിയ നഗരങ്ങളില്‍ ആണെങ്കില്‍ കുറച്ച് ആയിരങ്ങള്‍ എന്നായിരിക്കാം നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പാര്‍ക്കിംഗ് സ്‌പെയ്‌സിനെ കുറിച്ച് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാര്‍ പാര്‍ക്കിംഗ് സ്പയ്‌സിന് 40 ലക്ഷം രൂപയാണ് മുടക്ക്. എന്തായാലും ഇത് കേട്ട് ഞാന്‍ ഞെട്ടി.

vishal.bhargava.710-എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് ഈ 'സ്‌പെഷ്യല്‍' പാര്‍ക്കിംഗിനെ കുറിച്ച് പറയുന്നത്. മുംബൈയിലെ വോര്‍ലിയിലെ കടലിനഭിമുഖമായ കെട്ടിടത്തിലാണ് ഈ പാര്‍ക്കിംഗ്. ഇവിടെ ഒരു വീട് വാങ്ങാന്‍ ഏകദേശം 100 കോടിയിലധികം രൂപ ചെലവ് വരും. വീഡിയോയില്‍ പറയുന്ന 180 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള പാര്‍ക്കിംഗ് സ്‌പെയ്‌സിനാണ് 40 ലക്ഷം രൂപ വിലയെന്ന് ഓര്‍ക്കണം. ഇന്ത്യയില്‍ വില്‍ക്കുന്ന 98.5% കാറുകളുടെയും വിലയേക്കാള്‍ കൂടുതലാണ് ഇതെന്നാണ് വീഡിയോയിലെ അവതാരകന്‍ പറയുന്നത്.
പൊന്നും വിലയുള്ള ഈ പാര്‍ക്കിംഗില്‍ ഒരാള്‍ക്ക് ഒരു മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് അല്ലെങ്കില്‍ 3 മാരുതി സ്വിഫ്റ്റ് കാറുകള്‍ പാര്‍ക്ക് ചെയ്യാം. വന്‍ നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളില്‍ പാര്‍ക്കിംഗ് സ്‌പെയ്‌സ് പ്രത്യേകം പണം മുടക്കി വാങ്ങണമെന്ന് കൂടി നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. വണ്ടി നിര്‍ത്തിയിടാനുള്ള സ്ഥലത്തിനായി മുടക്കിയ ക്യാശിന് ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു വീട് വാങ്ങാമെന്നാണ് വീഡിയോയുടെ കൂടെ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്.

കേരളത്തിലേക്ക് വന്നാല്‍ 40 ലക്ഷത്തിന് ചെറിയ 4 വീടുകള്‍ വരെ വെക്കാമെന്ന് തോന്നുന്നു. ഏതായാലും പോസ്റ്റ് വൈറലാകാന്‍ അധികം സമയം വേണ്ടി വന്നില്ല. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. മുംബൈയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കാര്‍ പാര്‍ക്കിങ്ങിന്റെ ശരാശരി വില 10 മുതല്‍ 20 ലക്ഷം വരെയാണെന്നാണ് ഒരാള്‍ കമന്റിട്ടത്. ഓരോ ഫ്‌ലാറ്റിനും കാര്‍ പാര്‍ക്കിംഗ് സ്‌പെയ്‌സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാണ് ഒരു നെറ്റിസണ്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഈ ഒരു സംഭവം അറിഞ്ഞിട്ട് വലിയ അത്ഭുതം തോന്നാത്തവരും കുറവല്ല. കാരണം ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വസ്തുവിന്റെ വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കും ധാരാളം പണം പൊടിക്കാന്‍ അവര്‍ തയാറാകും. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്.

കോടികള്‍ വിലമതിക്കുന്ന ഒരു കാര്‍ വാങ്ങിയാല്‍ പിന്നെ അത് നിര്‍ത്താന്‍ കുറച്ച് ലക്ഷങ്ങള്‍ പൊടിക്കുന്നതില്‍ തെറ്റില്ലെന്നാണ് സമ്പന്നരായ ആളുകള്‍ ചിന്തിക്കുന്നതെന്ന് തോന്നുന്നു. ഏതായാലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ തുക ഒരുപക്ഷേ കോടിയായി മാറിയാലും അത്ഭുതപ്പെടാനില്ല. അന്നും ഇത്തരം സ്ഥലങ്ങള്‍ പൊന്നും വില നല്‍കി വാങ്ങാനും ആളുണ്ടാകും. ഏതായാലും ഇത്രയും പണം മുടക്കി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം വാങ്ങുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








