Expensive Cars In India 'പണം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല'; ഇന്ത്യയിലെ വിലയേറിയ കാറുകളും അതിന്റെ ഉടമകളും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് താങ്ങാവുന്ന വിലയും മികച്ച ഇന്ധനക്ഷമതയുമുള്ള ചെറുകാറുകളാണ്. എസ്‌യുവികളുടെയും വലിയ കാറുകളുടെയും വില്‍പ്പന അടുത്ത കാലത്തായി മികച്ച വളര്‍ച്ച നേടുന്നുണ്ടെങ്കിലും അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.ഇന്നും വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയടക്കി വെച്ചിരിക്കുന്നത് ചെറുകാറുകളാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര് വിപണിയായി ഇന്ത്യ മാറിയത് അടുത്ത കാലത്താണ്.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും സാധാരണക്കാരാണെന്നത് തന്നെ അതിന് കാരണം. എന്നാല്‍ അതിനര്‍ത്ഥം ഇന്ത്യയില്‍ വിലകൂടിയ കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഇല്ലെന്നല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകള്‍ സ്വന്തമാക്കിയ വന്‍ വ്യവസായികളും സെലിബ്രിറ്റികളും ഇന്ത്യയിലുണ്ട്. രാജ്യത്തെ ഏറ്റവും വിലകൂടിയ കാറുകളും അതിന്റെ ഉടമസ്ഥരെയും നമുക്ക് പരിചയപ്പെടാം.

വിഎസ് റെഡ്ഡി-ബെന്റ്‌ലി മുല്‍സാന്‍ EWB സെന്റിനറി എഡിഷന്‍: ഇന്ത്യയിലെ നിലവിലെ ഏറ്റവും വില കൂടിയ കാറാണ് ബെന്റ്‌ലി മുല്‍സാന്‍ EWB സെന്റിനറി എഡിഷന്‍. 14 കോടി രൂപയാണ് ഇതിന് വില വന്നത്. ബ്രിട്ടീഷ് ബയോളജിക്കല്‍സിന്റെ എംഡിയായ വിഎസ് റെഡ്ഡിയാണ് ഇതിന്റെ ഉടമ. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പോഷകാഹാര നിര്‍മ്മാണ കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് ബയോളജിക്കല്‍സ്. ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളാണ് ബെന്റ്ലി.
അവരുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂപ്പര്‍ ലക്ഷ്വറി സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. 6.75 ലിറ്റര്‍ V8 എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഇത് 506 bhp പവറും 1020 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വെറും 5.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗതയിലെത്തും. മണിക്കൂറില്‍ 296 കിലോമീറ്ററാണ് പരമാവധി വേഗത.

മുകേഷ് അംബാനി- റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് VIII EWB: അംബാനി കുടുംബം അടുത്ത കാലത്താണ് ആഢംബര കാര്‍ ഗരാജില്‍ ചേര്‍ത്തത്. ഇന്ത്യയിലെ വില കൂടിയ കാറുകളുടെ പട്ടികയില്‍ അംബാനി ഗരാജില്‍ നിന്നുള്ള രണ്ടെണ്ണം ഉണ്ട്. 13.5 കോടി രൂപ മുടക്കിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനി റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് VIII എക്‌സ്റ്റെന്‍ഡഡ് വീല്‍ ബേസ് (EWB) പതിപ്പ് സ്വന്തമാക്കിയത്. കസ്റ്റമൈസേഷന്‍ ഇല്ലാതെയാണ് ഈ വില.
അതിനാല്‍ തന്നെ കാറിന്റെ വില 13.5 ലക്ഷത്തിലും കൂടിയില്ലെങ്കിലേ ഉള്ളൂ. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് റോള്‍സ് റോയ്സ് സീരീസ് VIII EWB പതിപ്പിന് തുടിപ്പേകുന്നത്. എഞ്ചിന്‍ പരമാവധി 563 Bhp പവറും 900 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 8 സ്പീഡ് സാറ്റലൈറ്റ് അറ്റാച്ച്ഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഈ റോള്‍സ് റോയ്‌സ് മോഡല്‍ 5.4 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

നസീര്‍ ഖാന്‍-മക്‌ലാരന്‍ 765 LT സ്‌പൈഡര്‍: 12 കോടി രൂപയാണ് ഈ കാറിന്റെ വില. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നസീര്‍ ഖാനാണ് രാജ്യത്തെ ഏക മക്‌ലാരന്‍ 765 LT സ്‌പൈഡറിന്റെ ഉടമ. ആഢംബര, സ്പോര്‍ട്സ് കാറുകളുടെ വന്‍ ശേഖരം സ്വന്തമായുള്ളയാളാണ് നസീര്‍ ഖാന്‍. മക്‌ലാരന്‍ 765 LT സ്‌പൈഡര്‍ ലോകത്ത് ഇതുവരെ ആകെ 765 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.
അതിനാല്‍ തന്നെ നസീര്‍ ഖാന്റെ ഈ കാര്‍ വളരെ സ്‌പെഷ്യലാണെന്ന് പറയാം. 765 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് മക്‌ലാരന്‍ 765 LT സ്‌പൈഡറിന് കരുത്തേകുന്നത്. ഇത് 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
മുകേഷ് അംബാനി- മെര്‍സിഡീസ് S600 ഗാര്‍ഡ്: ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമനായ മുകേഷ് അംബാനി വീണ്ടും ഈ പട്ടികയില്‍ സ്ഥാനം നേടി. സ്‌പെഷ്യല്‍ ഓര്‍ഡര്‍ വാഹനമായ മെര്‍സിഡീസ് S600 ഗാര്‍ഡിന് 10 കോടിയാണ് വില. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ ഇത് മുകേഷ് അംബാനി മാത്രമാണ് ഉപയോഗിക്കുന്നത്.
യാത്ര ചെയ്യുന്നവരെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പോന്ന സുരക്ഷ സംവിധാനങ്ങളാണ് ഈ കാറിന്റെ പ്രത്യേകത. അണ്ടര്‍ബോഡി, ബേസ് സ്ട്രക്ചറും ബലപ്പെടുത്തിയതിനൊപ്പം റീ-ഇന്‍ഫോഴ്‌സ്ഡ് സ്റ്റീല്‍ കൊണ്ടാണ് ബോഡി ഷെല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 523 bhp പവറും 850 Nmടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് 6.0-ലിറ്റര്‍ V12 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
നസീര്‍ ഖാന്‍-റോള്‍സ് റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ്: മുകേഷ് അംബാനിയെ പോലെ നസീര്‍ ഖാന്റെയും രണ്ട് കാറുകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളാണ്. ഏകദേശം 8.20 കോടി രൂപയാണ് ഇതിന്റെ വില.
അംബാനി കുടുംബത്തിനും ഈ ആഢംബര എസ്‌യുവി സ്വന്തമായുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും അടുത്തിടെ ഒരു റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയിരുന്നു. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്. ഇത് 600 bhp പവറും 900 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.


Click it and Unblock the Notifications








