Most Expensive Number Plate ലേലത്തില്‍ വാരിവിതറിയത് 122 കോടി രൂപ! ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ്
ഏതൊരു വാഹനമെടുത്താലും അതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്പര്‍പ്ലേറ്റ്. ഇത് ലൈസന്‍സ് പ്ലേറ്റ് എന്നും അറിയപ്പെടുന്നു. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികള്‍ നമുക്ക് രജിസ്റ്റര്‍ നമ്പര്‍ അനുവദിച്ച് തരികയാണ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറോ അതോ വല്ല ഫാന്‍സി നമ്പറോ വേണമെങ്കില്‍ പണം മുടക്കണം. ഒരു ഫാന്‍സി നമ്പര്‍ കിട്ടാനായി പരമാവധി നിങ്ങള്‍ എത്ര മുടക്കം?.
അത് ആളുകളുടെ ആവശ്യവും ഡിമാന്‍ഡും അനുസരിച്ചായിരിക്കും. പലപ്പോഴും ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ക്കായി ലേലം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു നമ്പര്‍ പ്ലേറ്റിനായി കോടികള്‍ വാരിവിതറി ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ് അജ്ഞാതനായ കോടീശ്വരന്‍. സംഗതി ഇന്ത്യയിലല്ല അങ്ങ് ദുബൈയിലാണെന്ന് മാത്രം. മോട്ടോര്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ലോഹ പ്ലേറ്റാണ് നമ്പര്‍ പ്ലേറ്റ്. ഇതില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മുദ്രണം ചെയ്തിരിക്കുന്നു. മോട്ടോര്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ചിരിക്കും.

ഇത് വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. എന്നാല്‍ നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ അധികാരികള്‍ നല്ലൊരു തുക സമാഹരിക്കുന്നു. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിനായി യുഎഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്' എന്ന ചാരിറ്റി ലേലമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ചാരിറ്റി ലേലത്തില്‍ വിഐപി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' ആണ് 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി രൂപ) ലേലത്തില്‍ വിറ്റുപോയത്.
ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡും ഇതിന് സ്വന്തമായി. നമ്പര്‍ പ്ലേറ്റ് വാങ്ങിയയാള്‍ അജ്ഞാതനായിരിക്കാന്‍ താല്‍പര്യപ്പെടുന്നു. ലേലത്തില്‍ നിന്നുള്ള വരുമാനം നേരിട്ട് '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കാന്‍ സാധിക്കും.
വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിനായി ശനിയാഴ്ച രാത്രി ജുമൈറ ബീച്ചിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് ചാരിറ്റി ലേലം സംഘടിപ്പിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സഹകരണത്തോടെ എമിറേറ്റ്സ് ഓക്ഷനാണ് ലേലം നടത്തിയത്. 2008-ല്‍ അബുദാബിയിലെ കാര്‍ നമ്പര്‍ 1 പ്ലേറ്റ് 52.2 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്ന നിലവിലുണ്ടായിരുന്ന റെക്കോഡ്.
അതിനാല്‍ തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടണമെന്ന വാശി പലര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ തന്നെ 'P 7' ലേലപ്പട്ടികയില്‍ ഒന്നാമതെത്തി. 15 ദശലക്ഷം ദിര്‍ഹത്തിനാണ്് ലേലം ആരംഭിച്ചത്. ഫ്രഞ്ച് എമിറാത്തി ബിസിനസ്മാനും ടെലിഗ്രാം സ്ഥാപകനുമായ പാവല്‍ ദുറോവും ലേലത്തില്‍ പങ്കെടുത്തിരുന്നു. മിനിറ്റുകള്‍ക്കകം ലേലം വിളി 30 ദശലക്ഷം ദിര്‍ഹം പിന്നിട്ടു. പവല്‍ ദുറേവ് 35 ദശലക്ഷം വിളിച്ചതോടെ ലേലം അല്‍പ്പസമയം സ്തംഭിച്ചു.
എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പലരും കൂട്ടി വിളിച്ചതോടെ ലേലത്തിന് വീണ്ടുും ചൂടുപിടിച്ചു. ഓരോ വിളിക്കും കാണികള്‍ ആര്‍പ്പുവിളിച്ചു. പിന്നാലെ ലേലംവിളി 55 ദശലക്ഷം ദിര്‍ഹത്തില്‍ അവസാനിച്ചു. എന്നാല്‍ ലേലം വിളിച്ചെടുത്ത വ്യക്തി അജ്ഞാതനായിരിക്കാന്‍ ആഗ്രഹിക്കുന്നു. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹന നമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു.
AA19, AA22, AA80, O71, X36, W78, H31, Z37, J57, N41 എന്നിങ്ങനെ 10 രണ്ടക്ക നമ്പറുകള്‍ ഉള്‍പ്പെടെ വിവിധ നമ്പര്‍ പ്ലേറ്റുകളും ലേലത്തിന്റെ ഭാഗമായിരുന്നു. മറ്റ് പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ Y900, Q22222, Y6666 എന്നിവ ഉള്‍പ്പെടുന്നു. AA19 എന്ന നമ്പര്‍ 4.9 ദശലക്ഷം ദിര്‍ഹത്തിന് വിറ്റുപോയി.
O 71 നമ്പര്‍പ്ലേറ്റിന് 150 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. 975,000 ദിര്‍ഹത്തിനാണ് Q22222 നമ്പര്‍ വിറ്റുപോയത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കൊപ്പം 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു. ഇത്തിസലാത്ത് ഡയമണ്ട് പ്ലസ്, ഡു പ്രത്യേക നമ്പറുകളുടെ ലേലത്തിലൂടെ മൊത്തം 3,007,500 ദിര്‍ഹം സമാഹരിക്കാന്‍ സാധിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ലോകത്ത് പട്ടിണി തുടച്ച്‌നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി ഈ പദ്ധതിക്ക് സമാരംഭം കുറിച്ചത്. 50 ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രഖ്യാപിച്ച് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 51.4 കോടി ദിര്‍ഹം സമാഹരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








