വീണതല്ല! സാഷ്ടാംഗം പ്രണമിച്ചതാണ്; എമിഷൻ മാനദണ്ഡങ്ങളുടെ പിടിയിൽ പിൻവാങ്ങിയ ഐക്കണിക് കാറുകളും എഞ്ചിനുകളും
ഒരു വണ്ടിഭ്രാന്തനെ സംബന്ധിച്ചിടത്തോളം എഞ്ചിൻ എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടമാണ്. അന്നും ഇന്നും നമ്മൾ ഒരു വാഹനം വാങ്ങിയാൽ വണ്ടി പെട്രോൾ ആണോ അതോ ഡീസൽ എഞ്ചിൻ ആണോടാ എന്ന് ചോദിക്കുന്ന ഒരു വണ്ടിഭ്രാന്തൻ ചങ്ക് എങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടാവും.
ഒരു കാലത്ത് നാം വളരെ ആസ്വദിച്ച് ഓടിച്ചിരുന്ന പല കാറുകളും എഞ്ചിനുകളും ഇന്ന് നിലവിൽ ഇല്ല എന്നതാണ് സത്യം. 2020 മാർച്ച് 31 മുതൽ ബിഎസ് IV വാഹനങ്ങളുടെ വിൽപ്പനയോ രജിസ്ട്രേഷനോ രാജ്യത്ത് സാധ്യമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതും, 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളുമാണ് പല സൂപ്പർഹിറ്റ് കാറുകളുടേയും ഐക്കണിക് എഞ്ചിനുകളുടേയും അകാല മൃത്യുവിന് കാരണമായത്.

ഈ മാനദണ്ഡങ്ങൾ കാരണമാണ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളുള്ള ബലേനോ RS പോലുള്ള ചില മോഡലുകളും ഫിയറ്റിൽ നിന്നുള്ള 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ പോലെയുള്ള എഞ്ചിനുകളും നിർത്തേണ്ടി വന്നത്. പല വാഹന നിർമ്മാതാക്കളേയും ഒന്നുകിൽ പഴയ എഞ്ചിനുകൾ ബിഎസ് VI -ലേക്ക് പോർട്ട് ചെയ്യാനോ അല്ലെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പുതിയ എഞ്ചിനുകൾ നിർമ്മിക്കാനോ നിർബന്ധിതരാക്കി.
ഞാൻ മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ഒരു കാലത്ത് ഏറ്റവും മികച്ചതും സൂപ്പർഹിറ്റുകളുമായ ചില കാറുകളുടേയും എഞ്ചിനുകളുടേയും റിട്ടയർമെന്റിന് കാരണമായി. ഈ ലേഖനത്തിൽ, ചില ഐതിഹാസിക ബിഎസ് IV എഞ്ചിനുകളേയും അവ വന്നിരുന്ന കാറുകളേയും നമുക്ക് ഒന്നു നോക്കാം.

1. മാരുതി സുസുക്കി വിറ്റാര ബ്രെസ
മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് ഞങ്ങളുടെ ലിസ്റ്റിൽ ഒന്നാമത്. 2016 -ൽ ബ്രെസ ആദ്യമായി അരങ്ങേറ്റം കുറിച്ചപ്പോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഫിയറ്റിൽ നിന്ന് സോഴ്സ് ചെയ്ത 1.3 ലിറ്റർ മൾട്ടിജെറ്റ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ബ്രെസയ്ക്ക് കരുത്തേകിയിരുന്നത്.
ഈ 1.3 ലിറ്റർ ടർബോ ഡീസൽ ഒരു കാലത്ത് ഇന്ത്യയുടെ നാഷണൽ എഞ്ചിൻ എന്നും അറിയപ്പെട്ടിരുന്നു. 1.3 ടർബോ ഡീസൽ എഞ്ചിൻ മുമ്പ് ഫിയറ്റ്, മാരുതി സുസുക്കി, ഷെവർലെ, ടാറ്റ മോട്ടോർസ് തുടങ്ങിയ വിവിധ കാർ ബ്രാൻഡുകളും തങ്ങളുടെ മോഡൽ നിരയിൽ അവതരിപ്പിച്ചിരുന്നു.
2. മാരുതി സുസുക്കി സിയാസ്
ലിസ്റ്റിലെ മറ്റൊരു മാരുതി മോഡൽ സിയാസ് ആണ്. DDiS 225 എന്ന് വിളിക്കപ്പെടുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് സിയാസ് വാഗ്ദാനം ചെയ്തിരുന്നത്. നിർഭാഗ്യവശാൽ, മാരുതി ആന്തരികമായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സിയാസ്, എർട്ടിഗ എന്നീ രണ്ട് മോഡലുകളിൽ മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ.
കൂടാതെ ഒരു വർഷം എന്ന വളരെ ചുരുങ്ങിയ ആയുസ്സ് മാത്രമേ ഇതിന് ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഈ എഞ്ചിൻ 94 bhp മാക്സ് പവറും 225 Nm torque ഉൽപ്പാദിപ്പിച്ചിരുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ എഞ്ചിനൊപ്പം മാരുതി സുസുക്കി വാഗ്ദാനം ചെയ്തിരുന്നത്.

3. ഫോർഡ് എൻഡവർ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുൾ സൈസ് എസ്‌യുവികളിലൊന്നായിരുന്നു ഫോർഡ് എൻഡവർ എന്ന് നിസംശയം പറയാം. 3.2 ലിറ്റർ, ഫൈവ്-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായാണ് ഫോർഡ് എൻഡവർ വന്നിരുന്നത്. ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വന്നപ്പോൾ അത് 2.0 ലിറ്റർ ഡീസൽ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു. ഫോർഡ് എൻഡവറിലെ 3.2 ലിറ്റർ ഡീസൽ യൂണിറ്റ് 197 bhp കരുത്തും 470 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്തിരുന്നു.
4. ഹോണ്ട സിവിക്
2005 -ലാണ് ഹോണ്ട സിവിക് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്, ആദ്യ കാലങ്ങളിൽ പ്രീമിയം സെഡാൻ പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്തത്. എന്നിരുന്നാലും, 2019 -ൽ, ഹോണ്ട സിവിക്കിന്റെ ഡീസൽ അവതാർ നിർമ്മാതാക്കൾ ഇന്ത്യയിൽ പുറത്തിറക്കി. 120 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ I-DTEC ടർബോ ഡീസൽ എഞ്ചിനാണ് സിവിക് ഡീസലിന് കരുത്തേകിയിരുന്നത്, കൂടാതെ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഇതിനൊപ്പം ലഭ്യമായിരുന്നു.

5. ഫോക്‌സ്‌വാഗണ്‍ പോളോ
ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയവുമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ എന്നത് യാതൊരു തർക്കവുമില്ലാത്ത കാര്യമാണ്. ഈ കാർ നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്ന് നിർത്തലാക്കിയെങ്കിലും, വാഹനം ഇപ്പോഴും ആരാധകർക്കിടയിൽ വളരെ ജനപ്രിയമാണ്. ബിഎസ് VI മാനദണ്ഡങ്ങൾക്ക് ശേഷം നിർത്തലാക്കിയ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും പോളോയിൽ ഉണ്ടായിരുന്നു. ഈ 1.5 ലിറ്റർ TDI യൂണിറ്റ് 90 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.
6. ടൊയോട്ട ഇന്നോവ ക്രിസ്റ്റ
പുതിയ ഇന്നോവ ഹൈക്രോസിനെ അടുത്തിടെ ടൊയോട്ട പുറത്തിറക്കി. സ്ട്രോംഗ് ഹൈബ്രിഡ്, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമേ ഹൈക്രോസ് ലഭ്യമാകൂ. ഹൈക്രോസിനൊപ്പം ക്രിസ്റ്റ ഡീസൽ വിൽക്കുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. ഇന്നോവ ക്രിസ്റ്റയ്ക്ക് 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്തിരുന്നത്, ബിഎസ് VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഈ യൂണിറ്റ് നിർത്തലാക്കി. ഇന്നോവ ക്രിസ്റ്റയിലെ 2.8 ലിറ്റർ എഞ്ചിൻ 174 PS പവറും 360 Nm torque ഉൽപ്പാദിപ്പിക്കുകയും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരികയും ചെയ്തിരുന്നു.
7. ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ
ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഒരു പ്രീമിയം ഫുൾ സൈസ് എസ്‌യുവിയാണ്. എന്നാൽ ബിഎസ് VI മാനദണ്ഡങ്ങൾക്ക് ശേഷം വാഹനത്തിലെ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ കമ്പനി നിർത്തലാക്കി. ടിഗുവാനിലെ 2.0 ലിറ്റർ TDI എഞ്ചിൻ 143 bhp കരുത്തും 340 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. ഇത് ഏഴ് സ്പീഡ് DSG ഗിയർബോക്സുമായിട്ടാണ് വന്നിരുന്നത്. വിവിധ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളിൽ വാഗ്ദാനം ചെയ്തിരുന്ന ഒരേ എഞ്ചിൻ ഫാമിലിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ യൂണിറ്റ്.


Click it and Unblock the Notifications








