മോട്ടോജിപി ഭാരതിന് ട്രാക്കുണരാന്‍ ആഴ്ചകള്‍ മാത്രം; അഹമ്മദാബാദും കടന്ന് സിറ്റി ടൂര്‍
മോട്ടോര്‍സൈക്കിളുകളുടെ ലോകോത്തര റേസിന് ഇന്ത്യന്‍ മണ്ണ് ആതിഥേയത്വം വഹിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. മോട്ടോജിപി ഭാരതിന്റെ വരവിന്റെ കാഹളമൂതിക്കൊണ്ട് മോട്ടോജിപി ഭാരത് സിറ്റി ടൂര്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആണ് മോട്ടോജിപി ഭാരത് സിറ്റി ടൂറിന് വേദിയായത്.
2023 സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഇന്ത്യയില്‍ ആദ്യമായി അരങ്ങേറാന്‍ പോകുന്ന മോട്ടോജിപിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സിറ്റി ടൂറില്‍ 500-ലേറെ റൈഡര്‍മാര്‍ അണിചേര്‍ന്നു. റൈഡിന്റെ ഭാഗമായി റൈഡര്‍മാര്‍ നഗരത്തിന്റെ വിവിധ സുപ്രധാന പോയന്റുകളിലൂടെ ബൈക്കില്‍ ചുറ്റിയടിച്ചതിനൊപ്പം ക്യാമ്പസിനുള്ളിലെ ജനപ്രിയ ഐഐഎം ബാന്‍ഡിന്റെ സംഗീത വിരുന്നും ഇവന്റ് കൂടുതല്‍ കളറാക്കി. ബൈക്ക് സ്റ്റണ്ടിംഗ് വിദഗ്ധരുടെ അഭ്യാസ പ്രകടനങ്ങള്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് ആവേശം പകര്‍ന്നു.

'മോട്ടോജിപി ഭാരതിന്റെ മള്‍ട്ടി-സിറ്റി ടൂര്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ നഗരം മുമ്പ് നിരവധി ഐതിഹാസിക സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടാതെ ഐഐഎം കാമ്പസിലെത്തുന്നത് ഞങ്ങള്‍ എന്നും വളരെ ആവേശം പകരുന്നു' മോട്ടോജിപിയുടെ ഇന്ത്യന്‍ പ്രൊമോട്ടര്‍മാരായ ഫെയര്‍സ്ട്രീറ്റ് സ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും സിറ്റി ടൂര്‍സ് മേധാവിയുമായ സുശാന്ത് ശ്രീവാസ്തവ പറഞ്ഞു.
സിറ്റി ടൂറിന്റെ ഭാഗമായി ഫ്രഷ് ഫേസ് ആന്‍ഡ് മോട്ടോഫ്‌ലുവന്‍സര്‍ മത്സരം നടത്തിയതായി സുശാന്ത് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. ഈ മത്സരങ്ങളില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് ഉത്തര്‍പ്രദേശിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ മോട്ടോജിപി ഭാരത് തത്സമയം വീക്ഷിക്കാന്‍ അവസരം ലഭിക്കും. 'റോഡുകള്‍ റൈഡിനും ട്രാക്കുകള്‍ റേസിംഗിനുള്ളതാണ്' എന്നീ തത്ത്വചിന്തകളിലേക്ക് വെളിച്ചം വീശുകയും ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവതലമുറ ഈ ഫിലോസഫി പിന്തുടരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ബൈക്കിംഗ് കമ്മ്യൂണിറ്റി വികസിപ്പിക്കുന്നതിനും പരിചയസമ്പന്നരായ തലമുറയ്‌ക്കൊപ്പം യുവതലമുറയെ ഉള്‍പ്പെടുത്തുന്നതിനുമുള്ള ഒരു നല്ല ശ്രമമാണ് സിറ്റി ടൂര്‍. രാജ്യത്തുടനീളമുള്ള വനിത റൈഡര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ മോട്ടോജിപി ഭാരത് ലക്ഷ്യമിടുന്നുണ്ട്. ഇതിന് അനുകൂലമായ പ്രതികരണങ്ങളാണ് ഓരോ ഇവന്റിലും ലഭിക്കുന്നത്. ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രെഷ് ഫേസ് മോട്ടോഫ്‌ലുവന്‍സര്‍ മത്സരത്തില്‍ മികച്ച ജനപങ്കാളിത്തം അനുഭവപ്പെട്ടു.
പരിപാടിയുടെ ഔദ്യോഗിക എനര്‍ജി ഡ്രിങ്ക് പാര്‍ട്ണര്‍ എന്ന നിലയില്‍ റെഡ് ബുളും ആവേശം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു. അഹമ്മദാബാദില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നുമുള്ള ബൈക്ക് പ്രേമികളെ ആതിഥേയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് സ്വാഗതം ചെയ്യും. സെപ്റ്റംബറിലെ റേസ് വാരാന്ത്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാകും ഗ്രാന്‍ഡ് ഫിനാലെ. ഒരു ദശാബ്ദത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്‌പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത് എന്നതും ഏറെ ശ്രദ്ധേയമാണ്.
ഫോര്‍മുല വണിന് ശേഷം രാജ്യം കാത്തിരിക്കുന്ന ഏറ്റവും വലിയ മോട്ടോസ്പോര്‍ട് ഇവന്റായ മോട്ടോജിപി ഭാരതിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് വേദിയാകാന്‍ പോകുകയാണ്. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് റേസ് അരങ്ങേറുക. മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസിനാണ് ഇന്ത്യ വേദിയാകുന്നത്.
ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവന്റില്‍ പങ്കാളികളാകുന്നുണ്ട്. ഉപയോക്താക്കള്‍ക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഭാരത് ഗ്രാന്‍പ്രിയുടെ ആദ്യ ടിക്കറ്റ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയ വാര്‍ത്തകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുക്ക്മൈഷോ വഴി ഓണ്‍ലൈനായി മോട്ടോജിപി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ടിക്കറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് 2023 ജൂണ്‍ 23 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങിയിരുന്നു. ഭാരത് ഗ്രാന്‍പ്രിയുടെ ടിക്കറ്റ് നിരക്ക് 800 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്സില്‍ കൂടുതല്‍ എക്സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ട്.


Click it and Unblock the Notifications








