മോട്ടോജിപി ഭാരതിനുള്ള ഒരുക്കങ്ങള്‍ തകൃതി; ദിവസങ്ങളെണ്ണി കാത്തിരിപ്പ്
ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ മോട്ടോസ്‌പോര്‍ട് ഇവന്റാകാന്‍ ഒരുങ്ങുകയാണ് മോട്ടോജിപി ഭാരത്. ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്ക്യുട്ടിലൂടെ റേസിംഗ് ബൈക്കുകള്‍ ചീറിപ്പായുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇവന്റിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഉന്നതതല യോഗങ്ങള്‍ അരങ്ങേറി. ഗൗതം ബുദ്ധ നഗര്‍ പൊലീസ് ഉദ്യോഗസ്ഥര്‍, മോട്ടോജിപി ഒഫീഷ്യലുകള്‍, ജെപി ഗ്രൂപ്പ് എന്നിവര്‍ മോട്ടോജിപി ഭാരതിന്റെ സുഗമമായ നടത്തിപ്പും സുരക്ഷാ ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തു.

ഗൗതം ബുദ്ധ നഗര്‍ പൊലീസില്‍ നിന്ന് ആനന്ദ് കുല്‍ക്കര്‍ണി (എസിപി), സാദ് മിര്‍സ ഖാന്‍ (ഡിസിപി), അശോക് കുമാര്‍ (അഡീഷണല്‍ ഡിസിപി), പവന്‍ കുമാര്‍ ഗൗതം (എസിപി-3) സഞ്ജയ് കുമാര്‍ സിംഗ് (എസ്എച്ച്ഒ, ദങ്കൗര്‍) തുടങ്ങിയ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധനകള്‍ക്കും യോഗത്തിനുമായി എത്തി. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് പരിപാലിക്കുന്നത് ജെപി ഗ്രൂപ്പാണ്. എസ്എം അസ്മത്ത്, ബ്രിഗേഡിയര്‍ സുധീര്‍ ലാംബ, മേജര്‍ നിശാന്ത് ശ്രീവാസ്തവ എന്നിവര്‍ ജെപി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തി.
അവരോടൊപ്പം മോട്ടോജിപി ഭാരതിന്റെ സംഘാടകരായ ഫെയര്‍സ്ട്രീറ്റ് സ്‌പോര്‍ട്‌സിലെ അംഗങ്ങളും ഉണ്ടായിരുന്നു.'ഫലപ്രദമായ ഒരു യോഗമായിരുന്നു ഇത്. മോട്ടോജിപി ഭാരതിന്റെ ഇന്ത്യയുടെ പ്രാധാന്യം ലോക്കല്‍ പൊലീസ് മനസിലാക്കുകയും സാധ്യമായ എല്ലാ വിധത്തിലും പൂര്‍ണ സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇവന്റിന്റെ സുഗമമായ നടത്തിപ്പിനും ലോജിസ്റ്റിക്‌സിലുമായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക' -ഫെയര്‍സ്ട്രീറ്റ് സ്‌പോര്‍ട്‌സിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ പുഷ്‌കര്‍ നാഥ് ശ്രീവാസ്തവ പറഞ്ഞു.

റേസ് നടക്കുന്ന ദിവസങ്ങളിലെ ഗതാഗത നിയന്ത്രണ് പദ്ധതികളും വിഐപികള്‍ക്ക് ഹെലിപാഡ് പ്രവേശനം ലഭ്യമാണോ അല്ലയോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ മോട്ടോജിപി ഭാരതിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിഐപികളുടെ വരവ് അതീവ പ്രാധാന്യത്തോടെയും മുന്‍ഗണനയോടെയും കൈകാര്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
മികച്ച സംഘാടനത്തിലൂടെ എങ്ങനെ കാണികള്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കാമെന്ന് മനസിലാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ട്രാക്ക് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. റേസ് അരങ്ങേറുന്ന ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന് ചുറ്റുവട്ടത്തെ ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് വിശദമായ പദ്ധതി തയാറാക്കാന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
യോഗം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ അവലോകനം നടത്താന്‍ ഗ്രേറ്റര്‍ നോയിഡ ഡിസിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കാത്തിരിക്കുന്ന ഇവന്റ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് അരങ്ങേറുന്നത്. സുരക്ഷ മുതല്‍ ട്രാക്ക് പരിശോധനകളില്‍ വരെ പുലര്‍ത്തുന്ന സൂക്ഷ്മത ഈ ഇവന്റിന് സംഘാടകര്‍ നല്‍കുന്ന പ്രാധാന്യം എടുത്ത് കാണിക്കുന്നു.
റേസിന് രണ്ട് മാസം മാത്രമാണ് ഉള്ളതെങ്കിലും എണ്ണയിട്ട യന്ത്രം പോലെയാണ് സംഘാടകര്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ തന്നെ മോട്ടോജിപി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനെ മോട്ടോജിപി ഭാരതിന്റെ വിശിഷ്ടാതിഥിയായി കഴിഞ്ഞ ദിവസം സംഘാടകര്‍ ക്ഷണിച്ചിരുന്നു. മോട്ടോജിപി ഇന്ത്യയില്‍ ആദ്യമായാണ് നടക്കാന്‍ പോകുന്നതെന്നും ഗൗതം ബുദ്ധ് നഗറില്‍ നടക്കുന്ന ഈ വലിയ പരിപാടി റേസിംഗ് ബൈക്ക് പ്രേമികള്‍ക്ക് ഒരു ഉത്തേജനം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായത്തിനും ഉത്തേജനം ലഭിക്കുന്ന വലിയ സംരംഭമാണിതെന്നും രാജ്യം റേസിങ്ങില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസ് ആണ് ഇന്ത്യയില്‍ വെച്ച് നടത്തുന്നത്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവന്റില്‍ പങ്കാളികളാകുന്നുണ്ട്.


Click it and Unblock the Notifications








