ബൈക്ക് നന്നാക്കാന്‍ പണമില്ലേ? വൈറല്‍ വീഡിയോയിലെ ധോണിയുടെ ബൈക്ക് കണ്ട് നെറ്റിസണ്‍സ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നുണ്ട് ധോണി. ഓണ്‍ഫീല്‍ഡിലായാലും ഓഫ് ഫീല്‍ഡിലും ധോണിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പെട്ടെന്ന് വൈറലാകാറുണ്ട്.
അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. എംഎസ് ധോണി തന്റെ യമഹ RD350 ബൈക്കില്‍ യുവ ക്രിക്കറ്റ് താരത്തിന് ലിഫ്റ്റ് നല്‍കുന്ന വീഡിയോ ആണ് വൈറലായത്. വണ്ടികളോട് ഇത്രയധികം പ്രേമം സൂക്ഷിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരമുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ധോണിയുടെ ഗാരാജിന്റെ ഉള്‍വശം കാണിക്കുന്ന വീഡിയോ ഇന്റര്‍നെറ്റിനെ തീപിടിപ്പിച്ചത് ഉദാഹരണം.

ഈ ഗരാജ് വീഡിയോയില്‍ നിന്ന് തന്നെ ധോണിക്ക് മോട്ടോര്‍സൈക്കിളുകളോടുള്ള ഇഷ്ടം നാം കണ്ടതാണ്. നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളായിരുന്നു ധോണിയുടെ ഗരാജില്‍ തലയെടുപ്പോടെയിരിക്കുന്നത് കണ്ടത്. ക്ലാസിക് ബൈക്കുകള്‍ മുതല്‍ ഇന്നത്തെ മോഡേണ്‍ ഹൈ എന്‍ഡ് ബൈക്കുകള്‍ വരെ ധോണി സ്വന്തമാക്കിയിട്ടുണ്ട്. സംഗതി ഇങ്ങനെ ആണെങ്കിലും ക്ലാസിക് ബൈക്കുകളോടാണ് ധോണിക്ക് ഇച്ചിരി ഇഷ്ടക്കൂടുതല്‍.
പലപ്പോഴും സ്വന്തം നാടായ റാഞ്ചിയിലൂടെ തന്റെ ക്ലാസിക് ബൈക്കുകളില്‍ ധോണി കറങ്ങുന്ന വീഡിയോ നാം കണ്ടിട്ടുണ്ട്. പഴയ ബൈക്കുകളോടുള്ള ധോണിയുടെ പ്രിയം വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ വൈറല്‍ വീഡിയോയും. കാരണം ഈ വീഡിയോയില്‍ ധോണി ഓടിക്കുന്നത് ഒരു ക്ലാസിക് മോട്ടോര്‍സൈക്കിളായ യമഹ RD350 ആണ്. ധോണിക്കൊപ്പം ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു യുവ ക്രിക്കറ്റ് താരമാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

സ്വന്തം നാട്ടിലുള്ള ക്രിക്കറ്റ് ക്ലബില്‍ ധോണി പ്രാക്ടീസ് ചെയ്യാറുണ്ട്. അതേ ഗ്രൗണ്ടില്‍ തന്നെയാണെന്ന് തോന്നുന്നു യുവ ക്രിക്കറ്ററും പരിശീലനം നടത്തുന്നത്. ഗ്രൗണ്ടില്‍ നിന്നുള്ള ധോണിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ഇതിഹാസ താരത്തിന്റെ ബൈക്കിന് പില്യണ്‍ സീറ്റില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. പരിശീലനം കഴിഞ്ഞ് യുവതാരത്തിന് ധോണി ലിഫ്റ്റ് കൊടുത്തതാകാനാണ് സാധ്യത. ധോണി ലിഫ്റ്റ് നല്‍കിയ യുവാവ് അതീവ സന്തോഷവാനായാണ് കാണപ്പെടുന്നത്.
ഹിറ്റ് ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയില്‍ എഡിറ്റ് ചെയ്ത് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ധോണി ബൈക്കുമായി കറങ്ങുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വന്നെങ്കിലും ഈ വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. വളരെ അടുത്ത് നിന്ന് ധോണി എങ്ങനെയാണ് ബൈക്ക് ഓടിക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുവെന്നതാണ് അതിന്റെ കാരണം.
വളരെ സ്‌റ്റൈലിഷായി പരിചസമ്പന്നനായ റൈഡറുടെ ഭാവത്തിലാണ് ധോണി ബൈക്ക് ഓടിക്കുന്നതെന്നാണ് വീഡിയോക്ക് താഴെ ആരാധകര്‍ കമന്റിടുന്നത്. എന്നാല്‍ വൈറല്‍ വീഡിയോ ഇഴകീറി പരിശോധിക്കുന്ന നെറ്റിസണ്‍സ് മറ്റ് ചില വിഷയങ്ങളും ചര്‍ച്ചയാക്കി. വീഡിയോയില്‍ ധോണിയുടെ ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റിലൂടെ പുറംതള്ളുന്ന കട്ടപുകയായിരുന്നു അതില്‍ ഒന്ന്. വീഡിയോ കണ്ട ചിലര്‍ ധോണിയേയോ ബൈക്കോ അല്ലെങ്കില്‍ പാട്ടോ ഒന്നുമല്ല ശ്രദ്ധച്ചത്, മറിച്ച് ക്ലാസിക് ബൈക്കിന്റെ പുകയായിരുന്നു.
'അന്നത്തെ സര്‍ക്കാര്‍ ബസുകള്‍ പോലും ഇത്രയും പുക പുറന്തള്ളില്ല' എന്നായിരുന്നു ഈ വീഡിയോയ്ക്ക് കീഴില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന്. ഇതുകൂടാതെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ യുവതാരം ഹെല്‍മറ്റ് ധരിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ധോണി ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും യുവ ക്രിക്കറ്റര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
പിന്‍സീറ്റില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നത് നിയമമാണെങ്കിലും ചെറുപട്ടണങ്ങളിലും ഗ്രമപ്രദേശങ്ങളിലും പൊലീസ് ഇത്തരക്കാരെ തടയാറില്ല. ഇരുചക്രവാഹന യാത്രയില്‍ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ധോണിയെ പോലുള്ള ഒരു കടുത്ത ബൈക്ക് പ്രേമിയുടെ വാഹനത്തില്‍ നിന്ന് അമിതമായ പുക ഉയരുന്നതും മോശമാണ്. 2 സ്‌ട്രോക്ക് ബൈക്ക് ആണെങ്കിലും ധോണിയുടെ യമഹ RD350 ബൈക്കിന്റെ എഞ്ചിന്‍ സീലന്റ് ലീക്കായിരിക്കാന്‍ സാധ്യതയുണ്ട്.
യമഹ RD350-യുടെ ഇന്ത്യന്‍ പതിപ്പ് CDI സിസ്റ്റം വാഗ്ദാനം ചെയ്യുന്നില്ല. കട്ട RD ഫാന്‍ ആയ ധോണി സ്‌റ്റോക്ക് കണ്ടീഷനിലാണ് തന്റെ ബൈക്ക് സൂക്ഷിക്കുന്നത്. RD350 കൂടാതെ എണ്ണിയാലെടുങ്ങാത്ത അത്രയും ബൈക്കുകള്‍ ധോണിയുടെ ഗരാജിലുണ്ട്. യമഹ RX100, സുസുക്കി ഷോഗണ്‍ എന്നിവക്കൊപ്പം നോര്‍ട്ടണ്‍, ജാവ, ബിഎസ്എ എന്നീ ബ്രാന്‍ഡുകളുടെ ചില ടു സ്‌ട്രോക്ക് കരുത്തന്‍മാരും ധോണിയുടെ ഉടമസ്ഥതയിലുണ്ട്.


Click it and Unblock the Notifications








