ധോണി പുതിയ ടീം തുടങ്ങുന്നു! ക്രിക്കറ്റിലോ അതോ വാഹന ലോകത്തോ? ചര്‍ച്ചയായി FB പോസ്റ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കാരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ വീണ്ടും രാജ്യത്തെത്തിച്ച നായകന്‍. ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന റാഞ്ചിക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിക്കറ്റ് കാക്കാനെത്തിയിരുന്നു.
ധോണി ക്രിക്കറ്റ് പ്രേമികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ട കളിക്കാരനാണെന്ന് തെളിയിക്കാന്‍ ഐപിഎല്ലിലെ ഓരോ മത്സരത്തിലും അദ്ദേഹം ക്രീസിലെത്തുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് മുഴങ്ങുന്ന ആരവം മാത്രം മതി. എന്നാല്‍ ഈ സീസണില്‍ ധോണിയുടെ സ്വന്തം ടീമായ ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി നടന്ന അവസാന ലീഗ് മത്സരത്തില്‍ തോറ്റതോടെയാണ് ചെന്നൈയുടെ ആറാം ഐപിഎല്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞത്.

ഇതോടെ 42-കാരനായ ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ മുഴുവന്‍. പ്രായവും പരിക്കുകളും അലട്ടുന്നതിനാല്‍ 'തല' അടുത്ത ഐപിഎല്‍ സീസണില്‍ കളിച്ചേക്കില്ലെന്നാണ് അടക്കംപറച്ചിലുകള്‍. ഭൂരിഭാഗം പേരും അത് തന്നെ വിശ്വസിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോലെ ഐപിഎല്‍ റിട്ടയര്‍മെന്റ് പ്രഖ്യാപനത്തിലും ധോണി വല്ല സര്‍പ്രൈസും ഒരുക്കുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്.
ഇതിനിടെ ധോണിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ബുധനാഴ്ച (മെയ് 22) ഉച്ചയ്ക്കായിരുന്നു എഫ്ബി പോസ്റ്റ് പങ്കുവെച്ചത്. ഒരു കുതിച്ചുചാട്ടം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രധാനപ്പെട്ടത് ചെയ്യാനുള്ള സമയമാണിത്. ഞാന്‍ എന്റെ സ്വന്തം ടീം ഉണ്ടാക്കാന്‍ പോകുന്നു. ഇങ്ങനെ ആയിരുന്നു ധോണിയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അവസാനത്തില്‍ ഒരു കപ്പിന്റെ ഇമോജിയും ചേര്‍ത്തിരുന്നു.

ഇതോടെ ആരാധകരില്‍ പലരും ആവേശത്തിലായി. ധോണി പുതിയ ഐപിഎല്‍ ടീം തുടങ്ങാന്‍ പോകുകയാണെന്ന് പലരും ഊഹിച്ചു. ചെന്നൈക്കെതിരെ ധോണി ടീം ആരംഭിക്കാന്‍ പോകുകയാണോ എന്ന തരത്തില്‍ സിഎസ്‌കെ ആരാധകര്‍ സങ്കടപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് സത്യമാകാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നത്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണിന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തിട്ടുള്ള പോസ്റ്റ് ആയതിനാല്‍ തന്നെ ഇത് ഒരു പരസ്യമാകാനാണ് വഴി.
ഇന്ത്യയില്‍ അതിവേഗം വളരുന്ന് കൊണ്ടിരിക്കുന്ന കാര്‍ കമ്പനികളിലൊന്നായ സിട്രണ്‍ അടുത്തിടെ ധോണിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഇന്ത്യയിലെ വമ്പന്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ധോണി സിട്രണുമായി ചേര്‍ന്ന് 'ടീമുണ്ടാക്കിയത്'. ഈ ഒരു സാഹചര്യത്തില്‍ സിട്രണുമായി ചേര്‍ന്ന് ചെയ്യാന്‍ പോകുന്ന ഭാവി പരിപാടികളെ കുറിച്ചുള്ള സൂചനയായി ഈ പോസ്റ്റിനെ എടുക്കാമെന്ന് തോന്നുന്നു.

പോസ്റ്റ് ട്രെന്‍ഡിംഗ് ആകാന്‍ വേണ്ടി പേജ് ഹാന്‍ഡില്‍ ചെയ്യുന്ന അഡ്മിന്‍ ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതാകാം. ക്രിക്കറ്റ് താരത്തിന്റെ ഫേസ്ബുക്ക് പേജ് ഇത്തരത്തില്‍ നിരവധി പ്രൊമോഷണല്‍ പോസ്റ്റുകള്‍ കാണാന്‍ പറ്റുന്നതിനാല്‍ ഇതൊരു പരസ്യമായിരിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. മാത്രമല്ല പോസ്റ്റിന് താഴെ 'പെയ്ഡ് പാര്‍ട്‌നര്‍ഷിപ്പ്' എന്നും എഴുതിയിരിക്കുന്നു.
മാത്രമല്ല ഐപിഎല്ലില്‍ അത്ര പെട്ടെന്നൊന്നും ഒരാള്‍ക്ക് ടീം രൂപവല്‍ക്കരിക്കാനും സാധിക്കില്ലെന്ന കാര്യം കൂടിയുണ്ട്. ലീഗിന്റെ മത്സരക്രമത്തെയും നടത്തിപ്പിനെയും മൊത്തത്തില്‍ ബാധിക്കുന്നതിനാല്‍ ടീമിന്റെ എണ്ണം കൂട്ടുന്നതിനും ഫ്രാഞ്ചൈസികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും മുമ്പ് ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്. പുതുതായി ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്ന തരത്തില്‍ ബിസിസിഐ ഇതുവരെ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടുമില്ല.

ഏതായാലും പോസ്റ്റ് മുതലാളി ഉദ്ദേശിച്ച കാര്യം ഫലം കണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐപിഎല്‍ എലിമിനേറ്റര്‍ മത്സരം പോലെ തന്നെ ഈ പോസ്റ്റും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. സിട്രണിനെ കുറിച്ച് പറയുമ്പോള്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ നാല് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. C3, eC3, C3 എയര്‍ക്രോസ്, C5 എയര്‍ക്രോസ് എന്നിവയാണ് നിലവില്‍ സിട്രണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സിട്രണ്‍ ബസാള്‍ട്ട് കൂപ്പെ എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്. വരാന്‍ പോകുന്ന ടാറ്റ കര്‍വിന്റെ എതിരാളിയാകുന്ന ബസാള്‍ട്ട് ഇതിനകം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിട്രണിന് ഏറെ പ്രതീക്ഷയുള്ള ഒരു ലോഞ്ചാണ് ബസാള്‍ട്ടിന്‍േറത്. അതുകൊണ്ട് സിട്രണുമായി ചേര്‍ന്ന് ധോണി പങ്കുവെച്ച പോസ്റ്റ് ബസാള്‍ട്ടുമായി ബന്ധപ്പെട്ടതാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏതായാലും സംഗതിയുടെ യാഥാര്‍ത്ഥ്യമറിയാന്‍ കുറച്ച് ദിവസം കാത്തിരുന്നാല്‍ മതിയാകും.


Click it and Unblock the Notifications








