ഇലക്ട്രിക് വാഹനങ്ങള്‍ പരിഹാരമല്ലെന്ന് ധോണി; ക്രിക്കറ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് വിമര്‍ശനം
ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങളിലെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സമീപകാലത്ത് നിരവധി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിത്തുടങ്ങിയതോടെ അവ കൂടുതല്‍ ജനകീയമായി തുടങ്ങി. ഭാവിയുടെ ഇന്ധനമായി വൈദ്യുതിയെ കണക്കാക്കുന്നതിനാല്‍ തന്നെ ഇവികള്‍ക്കും ഫാന്‍സുണ്ട് ഇന്ന്. ആ സമയത്ത് ആരെങ്കിലും ഇലക്ട്രിക് മൊബിലിറ്റിയെയോ ഇലക്ട്രിക് വാഹനങ്ങളെയോ കുറിച്ച് നെഗറ്റീവായി എന്തെങ്കിലും പറഞ്ഞെന്ന് അവര്‍ക്ക് തോന്നിയാലോ.
പൊങ്കാല ഉറപ്പല്ലേ. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി സംബന്ധിച്ച് ധോണി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വാഹന പ്രേമി കൂടിയായ ധോണിക്ക് സോഷ്യല്‍ മീഡിയയിലൂടെ ക്ലാസ് എടുക്കുകയാണ് ചിലയാളുകള്‍.

lightorium എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കപ്പെട്ട ചെറു വീഡിയോയിലാണ് കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിഹാരമല്ലെന്ന തരത്തില്‍ ധോണിയുടെ വാക്കുകള്‍. ഇതിനടിയിലാണ് നിങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഫലപ്രദമല്ലെന്ന് പറഞ്ഞ ധോണി നിങ്ങള്‍ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പരിഹാരമെന്നാണ് പറയുന്നത്.
താപവൈദ്യുത നിലയത്തില്‍ നിന്നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത് ഹരിത ഊര്‍ജമാണെന്ന് പറയാനാകില്ലെന്നാണ് ധോണി പറയുന്നത്. ഗ്രീന്‍ എനര്‍ജി ഉല്‍പ്പാദനത്തിനും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഊന്നല്‍ നല്‍കാനുമാണ് ക്രിക്കറ്റ് താരം ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതിനെയാണ് ചിലര്‍ തെറ്റായി വായിക്കുന്നത്. എന്നാല്‍ ധോണി സൗരോര്‍ജ്ജത്തെക്കുറിച്ച് കേട്ടിട്ടില്ലേ എന്ന് പറഞ്ഞും ചിലര്‍ അദ്ദേഹത്തെ ട്രോളുന്നു. ധോണിയുടെ വീഡിയോ ശ്രദ്ധാപൂര്‍വം കണ്ടാല്‍ ക്രിക്കറ്റ് താരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എതിരല്ലെന്ന് മനസ്സിലാക്കാന്‍ കഴിയും.

വൈറലായിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ്. രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രീതിയിലും മാറ്റം വരണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ധോണി വീഡിയോയില്‍ പറയുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ വൈദ്യുതി താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറയുന്നതിന് അദ്ദേഹം വിശദീകരണവും നല്‍കുന്നുണ്ട്. താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രധാനമായും കല്‍ക്കരി ഉപയോഗിക്കുന്നു.
കല്‍ക്കരി പുനരുല്‍പ്പാദിപ്പിക്കാനാവാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നും അവ കത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ പരിസ്ഥിതി മലിനമാക്കുന്നതായും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യുന്നതിനെ പരിസ്ഥിതി സൗഹൃദമെന്നോ ഹരിത ഊര്‍ജ്ജമെന്നോ വിളിക്കാനാവില്ലെന്നാണ് ധോണി വ്യക്തമാക്കുന്നത്. കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് കഴിയുന്ന ഒരു മാര്‍ഗം.
ഈ സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് വിവിധ സ്ഥലങ്ങളിലും പ്രചാരത്തിലുണ്ട്. പലരും ഇതിനോടകം തന്നെ സോളാറിലേക്ക് മാറിക്കഴിഞ്ഞു. സൗരോര്‍ജ്ജം ഉപയോഗിച്ച് തങ്ങളുടെ വീടിനും വാഹനത്തിനും ആവശ്യമായ ഊര്‍ജ്ജം സമാഹരിച്ച് ഉപയോഗപ്പെടുത്തുന്ന ആളുകള്‍ നിരവധിയാണ്. ഇതുവഴി ധോണി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. രാജ്യത്തെ അറിയപ്പെടുന്ന സെലിബ്രിറ്റി വാഹനപ്രേമികളില്‍ ഒരാളാണ് ധോണി. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച ധോണിയുടെ ഗരാജിലും ഒരു ഇവിയുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ധോണി കിയ EV6 സ്വന്തമാക്കിയത്. കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ഇലക്ട്രിക് ക്രോസ്ഓവര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇത് കൂടാതെ അനേകം കിടിലന്‍ ബൈക്കുകളും കാറുകളും ധോണിക്ക് സ്വന്തമായുണ്ട്. യമഹ, യെസ്ഡി, ജാവ, BSA, ബിഎംഡബ്ല്യു, നോര്‍ട്ടണ്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ടു-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളോട് ധോണിക്ക് ഒരു പ്രത്യേക താല്‍പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്.

ധോണിയുടെ പക്കലുള്ള യമഹ RX100s, RD350s തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ പ്രശസ്തമാണ്. സുസുക്കി ഇന്‍ട്രൂഡര്‍ M1800R,കവസാക്കി നിഞ്ച ZX-14R,കവസാക്കി നിഞ്ച H2, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ്, ഡ്യുക്കാട്ടി 1098, അള്‍ട്രാ എക്സ്‌ക്ലൂസീവ് കോണ്‍ഫെഡറേറ്റ് X132 ഹെല്‍ക്യാറ്റ്, ടിവിഎസ് അപ്പാച്ചെ RR310, ടിവിഎസ് റോണിന്‍ എന്നിവയാണ് ധോണിയുടെ ഗരാജിലുള്ള മറ്റ് ബൈക്കുകള്‍.
ധോണിയുടെ കാര്‍ ശേഖരം പരിശോധിച്ചാല്‍ മിനി 3-ഡോര്‍, റോള്‍സ് റോയ്‌സ് സില്‍വര്‍ ഷാഡോ, നിസാന്‍ ജോംഗ, ഹമ്മര്‍ H2, പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സ് ആം, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍, ഔഡി Q7, മിത്സുബിഷി പജേറോ SFX, മെര്‍സിഡീസ് ബെന്‍സ് GLE എന്നിവ കാണാം.


Click it and Unblock the Notifications








