ഗരാജ് വീണ്ടും വലുതാക്കി ധോണി; താരം സ്വന്തമാക്കിയ 'സ്‌പെഷ്യല്‍' ബൈക്ക് ഏതെന്ന് കണ്ടോ?
ഇന്ത്യന്‍ ടീം മുന്‍ നായകന്‍ എംഎസ് ധോണിക്ക് ക്രിക്കറ്റിനെ പോലെ തന്നെ പ്രിയമാണ് വാഹനങ്ങളോടും. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി വാഹന പ്രേമികളില്‍ ഒരാള്‍ കൂടിയാണ് ധോണി. മോഡേണ്‍-റെട്രോ വാഹനങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ധോണിയുടെ പക്കലുണ്ട്. അടുത്ത കാലത്ത് ധോണിയുടെ ഗരാജിലുള്ള ടൂവീലറുകള്‍ കാണിക്കുന്ന ഒരു വീഡിയോ കണ്ട് വണ്ടിപ്രാന്തന്‍മാര്‍ വാപൊളിച്ചു പോയിരുന്നു.
അപൂര്‍വമായി കണ്ടുവരുന്ന പല ബൈക്കുകള്‍ക്കുമൊപ്പം പുതിയ മോഡലുകളും ധോണി വാങ്ങാറുണ്ട്. ഈ സാഹചര്യത്തില്‍ ധോണി തന്റെ ബൈക്ക് ഗരാജ് വീണ്ടും വലുതാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ധോണി പുതിയ ബൈക്കിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗാണ്. ക്യാപ്റ്റന്‍ കൂള്‍ ധോണി ഏറ്റവും ഒടുവിലായി തന്റെ ഗരാജിലെത്തിച്ച വാഹനം ഏതാണെന്ന് ചുവടെ വിശദമായി പരിശോധിക്കാം.

ഐക്കണിക് ബ്രാന്‍ഡായ ജാവയുടെ 42 ബോബര്‍ ടൂവീലര്‍ മോഡലാണ് ധോണി സ്വന്തമാക്കിയത്. കസ്റ്റമൈസ് ചെയ്ത വ്യത്യസ്ത ലുക്കിലുള്ള ഒരുബൈക്കാണിത്. ജേഡ്/ബോട്ടില്‍ ഗ്രീന്‍ നിറത്തില്‍ പൂര്‍ത്തിയാക്കിയ ജാവ 42 ബോബര്‍ ബൈക്കാണ് ധോണി ഡെലിവറിയെടുത്തത്. പുതിയ ജാവ 42 ബോബര്‍ പോളിമര്‍ പൈപ്പ് ഫിറ്റിംഗുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ സ്‌കിപ്പര്‍ ധോണിക്ക് സമ്മാനമായി നല്‍കിയതാണെന്നാണ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ധോണിയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും സ്‌കിപ്പര്‍ പൈപ്പ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിതരായത്. ധോണിയുടെ പുത്തന്‍ ബൈക്കിലേക്ക് മടങ്ങിവന്നാല്‍ ഇതിന്റെ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട്‌റിയര്‍ മഡ്ഗാര്‍ഡ് എന്നിവിടങ്ങളില്‍ ആകര്‍ഷണീയമായ ഗോള്‍ഡന്‍ സ്‌ട്രൈപ്പുകള്‍ നല്‍കിയിരിക്കുന്നു. ഒരു കസ്റ്റമൈസ്ഡ് സീറ്റും ബൈക്കിന് ലഭിക്കുന്നു. സാധാരണ ജാവ 42 ബോബര്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി സീറ്റ് അല്‍പ്പം സവിശേഷമായ നിറമുള്ള കവര്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ആകര്‍ഷകമായ രൂപം നല്‍കിയതല്ലാതെ ബൈക്കില്‍ കാര്യമായ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നുമില്ല. നിലവില്‍ ജാവ 42 ബോബര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ 2.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മുതല്‍ വില്‍പ്പനക്ക് ലഭ്യമാണ്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ജാവ ബോബര്‍ 42 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 29.5 bhp കരുത്തും 32.74 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മികച്ച സസ്‌പെന്‍ഷനും ബ്രേക്കിംഗ് സംവിധാനവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. 35 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിറകില്‍ 7 സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ പ്രീലേഡോഡ് കൂടിയ ഗ്യസ് ഫില്‍ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 280 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിറകിലും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന തരത്തിലാണ് ഈ ബൈക്കില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമായും ഈ ബൈക്ക് ഉപയോഗിക്കാം. ജാവ 42 ബോബറിന്റെ 2023 പതിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. അടുത്തിടെ ഇതിഹാസ ക്രിക്കറ്റര്‍മാരായ വെങ്കിടേഷ് പ്രസാദും സുനില്‍ ജോഷിയും ധോണിയുടെ ഗരാജ് സന്ദര്‍ശിച്ചപ്പോള്‍ എുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എണ്ണിയാലൊടുങ്ങാത്തത്ര മോട്ടോര്‍സൈക്കിളുകളാണ് രണ്ട് നിലകളായുള്ള അടച്ചിട്ട ഗരാജിലുള്ളത്. മുകള്‍ നിലയില്‍ മുഴുവന്‍ ബൈക്കുകളാണ്. താഴത്തെ നിലയില്‍ കുറച്ച് ബൈക്കുകളും കാറുകളും പാര്‍ക്ക് ചെയ്തിരിക്കുന്നു. പഴയ തലമുറ യമഹ YZF-R6 പോലെ തോന്നുന്ന ഫുള്ളി ഫെയര്‍ഡ് യമഹ സ്പോര്‍ട്സ് ബൈക്കില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

പിന്നാലെ ധോണി സ്വന്തമാക്കിയ യമഹ, യെസ്ഡി, ജാവ, ബിഎസ്എ, നോര്‍ട്ടണ്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മറ്റ് ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകള്‍ കാണാം. യമഹ RD350, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയ സമീപ ദശകങ്ങളിലെ പഴയ തലമുറ മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ബിഎംഡബ്ല്യുവില്‍ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ടു-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളുടെ ദൃശ്യങ്ങളും പിന്നാലെ വരുന്നുണ്ട്.
ഗരാജിന്റെ താഴത്തെ നിലയില്‍ യമഹ RD350, സുസുക്കി ഇന്‍ട്രൂഡര്‍ M1800R തുടങ്ങിയ മോട്ടോര്‍സൈക്കിള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ധോണിയുടെ ഉടമസ്ഥതയിലുള്ള ചില കാറുകളും വീഡിയോയില്‍ പതിഞ്ഞു. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്കോക്ക്, ഫുള്ളി കസ്റ്റമൈസഡ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പുതുതായി വാങ്ങിയ കിയ EV6 GT എന്നിവയാണ് കാറിന്റെ താഴത്തെ നിലയില്‍ കാണാം.
കവസാക്കി നിഞ്ച ZX-14R, കവസാക്കി നിഞ്ച H2, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ്, ഡ്യുക്കാട്ടി 1098, എക്‌സ്‌ക്ലൂസീവ് കോണ്‍ഫെഡറേറ്റ് X132 ഹെല്‍കാറ്റ് എന്നിവയാണ് ധോണിയുടെ മറ്റ് ബൈക്കുകള്‍. ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ടിവിഎസ് മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ധോണി. ടിവിഎസിന്റെ അപ്പാച്ചെ RR 310, റോണിന്‍ എന്നീ ബൈക്കുകളും ധോണിയുടെ പക്കലുണ്ട്.


Click it and Unblock the Notifications








