ധോണിയുടെ ഗരാജിലെത്തിയ പുത്തന്‍ അതിഥിയെ കണ്ടോ? നമ്പര്‍പ്ലേറ്റിലും 'തല'യുടെ വിളയാട്ടം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന പല താരങ്ങളേക്കാളും ആരാധകരുള്ള കളിക്കാരനാണ് എംഎസ് ധോണി. ദേശീയ ടീം കുപ്പായമഴിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചുകൊണ്ടിരിക്കുന്നത് ധോണിയാണ്. ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ഏതാനും ഐപിഎല്‍ സീസണുകള്‍ നമ്മള്‍ക്ക് കാണിച്ച് തരുന്നത്.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമല്ല വെളിയിലും താരമാണ് ധോണി. റാഞ്ചിക്കാരന്റെ വാഹനപ്രേമം അതപ്രശസ്തമാണെന്ന് ഏവര്‍ക്കുമറിയാമല്ലോ. മോട്ടോര്‍സൈക്കിളുകളുടെയും അത്യപൂര്‍വമായ കാറുകളുടെയും കമനീയ ശേഖരം തന്നെ ധോണിക്ക് സ്വന്തമായുണ്ട്. കാറുകളോടും ബൈക്കുകളോടും ധോണി പ്രകടപ്പിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും ട്രെന്‍ഡിംഗ് ആകാറുണ്ട്. ഇപ്പോള്‍ മെര്‍സിഡീസ് AMG G63 കാറുമായി കറങ്ങുന്ന ധോണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്.

ജനപ്രിയ എസ്‌യുവി ധോണി സ്വന്തം ഗരാജിലേക്ക് ചേര്‍ത്തുവെന്ന് നമുക്ക് മനസ്സിലാക്കാം. 3.3 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള എസ്‌യുവി നിരത്തിലെത്തിക്കുമ്പോള്‍ ഏകദേശം 3.5 കോടി രൂപയാകും. എന്നാല്‍ ഈ ചിത്രത്തില്‍ സ്‌പെഷ്യലായി എന്താണുള്ളത് എന്ന് ചോദിച്ചാല്‍ അത് മെര്‍സിഡീസ് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു. '0007' എന്ന വിഐപി നമ്പര്‍പ്ലേറ്റായിരുന്നു ഝാര്‍ഖണ്ഡ് രജിസ്‌ട്രേഷന്‍ കാറിനുള്ളത്. ധോണിയുടെ ജഴ്‌സിയുടെ നമ്പറും '7' ആണെന്നതാണ് ശ്രദ്ധേയം.
ട്രെയില്‍ പാക്കേജ് ഘടിപ്പിച്ച കൂറ്റന്‍ മെര്‍സിഡീസ് എസ്‌യുവി ധോണി ഓടിക്കുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ടെന്നിസ് പാര്‍ട്‌നറായ സുമീത് കുമാര്‍ ബജാജാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചെറുവീഡിയോയില്‍ ധോണിയെ ഡ്രൈവര്‍ സീറ്റിലാണ് കാണപ്പെടുന്നത്. സ്വന്തം വണ്ടികള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന ധോണി വണ്ടിയുമായി റാഞ്ചി നഗരത്തിലൂടെ കറങ്ങുന്ന വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്.

സാറ്റിന്‍ ബ്ലാക്ക് റാപ്പ് വാഹനത്തിന്റെ മൊത്തത്തിലുള്ള എടുപ്പ് വര്‍ധിപ്പിക്കുന്നു. എംഎസ് ധോണിയുടെ ഗരാജില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനും ജീപ്പ് ട്രെയില്‍ഹോക്കിനും അടുത്താണ് മെര്‍സിഡീസ് AMG G63 ഇരിക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രിയമായ ആഡംബര എസ്യുവികളിലൊന്നാണ് മെര്‍സിഡീസ ബെന്‍സ് G-ക്ലാസ്. സെലിബ്രിറ്റികളുടെയും ശതകോടീശ്വരന്‍മാരുടെയും ഗരാജുകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വണ്ടികളില്‍ ഒന്നാണിതെന്ന് പറയാറുണ്ട്.
പുതിയ മെര്‍സിഡീസ് AMG G63 കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എയറോഡൈനാമിക്കലി ഏറ്റവും മികവുറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്ത G-വാഗണ്‍ ആയി ഇത് വാഴ്ത്തപ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ തുടങ്ങി നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഈ എസ്‌യുവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ G63 പതിപ്പ് മാത്രം വില്‍പ്പനക്കെത്തിക്കുന്ന കമ്പനി കൂടുതല്‍ ശക്തമായ G65 പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ വാഗ്ദാനം ചെയ്യുന്നു.

അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ സിഗ്‌നേച്ചര്‍ ബോക്സി ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചെറുതായി റൗണ്ട് ഷെയ്പ്പിലാണ് പുതിയ G63 അവതരിപ്പിക്കുന്നത്. ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബോണറ്റ് മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള ഒരു പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്ററും ഇതിലുണ്ട്. 21 ഇഞ്ച് സെവന്‍-സ്പോക്ക് അലോയ് വീലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സുമായി വരുന്ന മെര്‍സിഡീസ് AMG G63 ഓഫ്-റോഡിംഗിനും പ്രാപ്തമാണ്.
4.0 ലിറ്റര്‍ ബൈ-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് G63-ക്ക് കരുത്തേകുന്നത്. 585 bhp പവറും 850 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. മുന്‍ തലമുറ പതിപ്പില്‍ 5.5 ലിറ്റര്‍ V8 എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്. പുതിയ പതിപ്പില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ AMG സ്പീഡ്ഷിഫ്റ്റ്, നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു.
പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 220 കി.മീ ആയി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 240 കിലോമീറ്ററായി ഉയര്‍ത്തുന്ന AMG ഡ്രൈവര്‍ പാക്കേജ് ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. നമ്മുടെ സ്വന്തം 'തല' ധോണിയുടെ പുത്തന്‍ കാര്‍ എങ്ങനെയുണ്ട്. അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








