റോള്‍സ് റോയ്‌സാണോ അംബാനി വാങ്ങിയിരിക്കും! 7.5 കോടിയുടെ ഇവിയും ജിയോ ഗരാജിലേക്ക്
ലോകത്തെ കോടീശ്വരന്‍മാര്‍ എല്ലാവരും കാറുകളോട് അത്ര കമ്പം ഉള്ളവര്‍ അല്ല. അവര്‍ ഓരോരുത്തരുടെയും ഹോബി വ്യത്യസ്തമായിരിക്കും. എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് (Mukesh Ambani) ഇഷ്ടപ്പെട്ട സംഗതികളില്‍ ഒന്നാണ് ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി ഗരാജ് നിറയ്്ക്കുന്നത്. ആഡംബരത്തിന്റെ പ്രതീകമായ റോള്‍സ് റോയ്‌സ് കാറുകളോട് അംബാനി കുടുംബത്തിന് പ്രത്യേക ഇഷ്ടമുണ്ട്. ഇതിനോടകം തന്നെ നിരവധി ലോകോത്തര കാറുകള്‍ അണിനിരക്കുന്ന ജിയോ ഗരാജിലേക്ക് ഒരു പുത്തന്‍ അതിഥി വന്നുചേര്‍ന്നിട്ടുണ്ട്. അത് ഏത് കാറാണെന്നും അതിന്റെ സവിശേഷതകളും നമുക്ക് പരിശോധിക്കാം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിക്ക് റോള്‍സ് റോയ്‌സ് കാറുകളോട് പ്രത്യേക സ്‌നേഹമാണെന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി ബ്രാന്‍ഡില്‍ നിന്നുള്ള 1 ഡസനിലേറെ കാറുകള്‍ ഇതിനോടകം അംബാനി കുടുംബം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയേറെ റോള്‍സ് റോയ്‌സ് കാറുകള്‍ സ്വന്തമായുള്ള ലോകത്തിലെ ചുരുക്കം ചില കോടീശ്വരന്‍മാരില്‍ ഒരാള്‍ ആയിരിക്കും മുകേഷ് അംബാനി. ഇന്ത്യയിലും വിദേശത്തുമായാണ് ഈ കാറുകള്‍ എല്ലാമുള്ളത്.

ഈ വര്‍ഷം ആദ്യം റോള്‍സ് റോയ്‌സ് പുറത്തിറക്കിയ ഓള്‍-ഇലക്ട്രിക് ലക്ഷ്വറി കൂപ്പെയാണ് സ്‌പെക്ടര്‍. ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് കാറായിരുന്നു ഇത്. റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ പുറത്തിറങ്ങിയത് മുതല്‍ അംബാനി എന്തേ ഈ കാര്‍ വാങ്ങാത്തേ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു വാഹനപ്രേമികള്‍. ഇപ്പോള്‍ ദേ ഒരു ഇലക്ട്രിക് റോള്‍സ് റോയ്‌സ് കൂടി ചേര്‍ത്ത് തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് ശതകോടീശ്വരന്‍.
സോഷ്യല്‍ മീഡിയയില്‍ ഓട്ടോമൊബൈല്‍, ലൈഫ്‌സ്‌റ്റൈല്‍ വിഭാഗത്തില്‍ മികച്ച കണ്ടന്റുകള്‍ പുറത്ത്‌വിടാറുള്ള Automobili Ardent എന്ന പേജ് ആണ് അംബാനി പുതിയ കാര്‍ വാങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ നഗരവീഥിയിലൂടെ ഒഴുകി നീങ്ങുന്ന റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ കാറിന്റെ ദൃശ്യങ്ങള്‍ പേജ് പുറത്തുവിട്ടു. പച്ച നമ്പര്‍ നിറത്തിലുള്ള വിഐപി നമ്പര്‍പ്ലേറ്റില്‍ MH 0001 എന്ന് കൊത്തിവെച്ചിരിക്കുന്നു.

7.50 കോടി രൂപയാണ് റോള്‍സ് റോയ്‌സ് സ്‌പെക്ടറിന്റെ എക്‌സ്‌ഷോറൂം വില. കസ്റ്റമൈസേഷന്‍ അനുസരിച്ച് കാറിന്റെ വില വീണ്ടും ഉയരും. ഇവി ആണെങ്കിലും സ്‌പെക്ടറിന്റെ ഡിസൈനില്‍ റോള്‍സ് റോയ്‌സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസി തിലകം ചാര്‍ത്തുന്ന റോള്‍സ്-റോയ്സ് ഗ്രില്‍ തുടരുന്നു. ഉപഭോക്താവിന്റെ അഭ്യര്‍ത്ഥന പ്രകാരം ബോണറ്റിന്റെയും ഗ്രില്ലിന്റെയും നിറം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
കൂപ്പെ സ്‌റ്റൈലിലുള്ള ചരിഞ്ഞ റൂഫ് ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റുമായി യോജിക്കുന്നു. അകത്തളത്തില്‍ മികച്ച നിലവാരവും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുമുള്ള മെഗാ-പ്രീമിയം ഇന്റീരിയര്‍ നിറഞ്ഞിരിക്കുന്നു. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്‌പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
4 സീറ്റര്‍ അള്‍ട്രാ ലക്ഷ്വറി ഇവി 102 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നത്. മുന്നിലെയും പിന്നിലെയും ആക്സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഇതിന് ആക്ടീവ് സസ്‌പെന്‍ഷനും ഫോര്‍ വീല്‍ സ്റ്റിയറിങ്ങും ലഭിക്കുന്നു. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി.
അംബാനി ഇടക്കിടെ വാഹനനിര അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ പക്കലുള്ള കാറുകള്‍ ഏതൊക്കെയെന്ന് പറയുക പ്രായസകരമായിരിക്കും. റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ്, മെര്‍സിഡീസ്-മെയ്ബാക്ക് S 680 ഗാര്‍ഡ്, റോള്‍സ് റോയ്സ് ഫാന്റം EWB, ഫെരാരി SF 90, ലംബോര്‍ഗിനി ഉറൂസ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ബെന്റ്ലി ബെന്റയ്ഗ, മെര്‍സിഡീസ്-ബെന്‍സ് G63 AMG, ഫെറാറി പുരുസോങ്‌ഗ്വേ, ലെക്‌സസ് LM 350h എന്നിവയാണ് ഇപ്പോള്‍ ജിയോ ഗരാജിലുള്ള പ്രധാനപ്പെട്ട കാറുകള്‍.


Click it and Unblock the Notifications








