സ്വന്തമായി ഇട്ടുമൂടാനുള്ള സ്വത്ത്, ലോകമറിയുന്ന അമ്മായിയപ്പന്‍! ടൊയോട്ട കാറില്‍ സഞ്ചരിക്കുന്ന ഇങ്ങേരുടെ എളിമ
ഇന്ത്യന്‍ കാര്‍ വിപണി ഇലക്ട്രിക്കിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മുമ്പേ ഹൈബ്രിഡ് കാറുകളില്‍ വലിയ രീതിയില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. താരതമ്യേന മലിനീകരണം കുറഞ്ഞതും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതുമായ ഹൈബ്രിഡ് കാറുകള്‍ ഇപ്പോള്‍ ജനപ്രിയമാണ്. ടൊയോട്ടയും മാരുതി സുസുക്കിയുമാണ് നിലവില്‍ ഹൈബ്രിഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന മാസ് മാര്‍ക്കറ്റ് കാര്‍ നിര്‍മാതാക്കള്‍ ഇതില്‍ തന്നെ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് എന്നീ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണ്. ഇത് കൂടാതെ മറ്റൊരു ഹൈബ്രിഡ് കാറും ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്നു.
പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന മോഡല്‍ ആയതിനാല്‍ തന്നെ ഈ ഹൈബ്രിഡ് സെഡാന്‍ എല്ലാവര്‍ക്കും വാങ്ങാന്‍ സാധിച്ച് കൊള്ളണമെന്നില്ല. നിലവില്‍ 48.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. നികുതിയും ഇന്‍ഷൂറന്‍സും മറ്റ് ചെലവുകളുമെല്ലാം ചേര്‍ത്ത് ഈ സെഡാന്‍ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 61 ലക്ഷം രൂപയാകും.

ടൊയോട്ട കാമ്രിയുടെ ഏറ്റവും വലിയ പ്രത്യേകത ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് എഞ്ചിന്‍ തന്നെയാണ്. ടൊയോട്ടയുടെ കാമ്രിയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും ലഭ്യമാണ്. ലിറ്ററിന് 25.49 കിലോമീറ്ററാണ് ഈ കാറിന്റെ ഇന്ധനക്ഷമത. സാധാരണക്കാരെ സംബന്ധിച്ച് ഈ കാര്‍ ഒരു പ്രീമിയം മോഡലാണ്, എന്നാല്‍ ശതകോടീശ്വരന്‍മാരെ സംബന്ധിച്ച് ഇത് ഒരു സാധാരണ കാര്‍ ആയിരിക്കും.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഗരാജിലെ കാറുകളെ കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയ്സ് അടക്കമുള്ള ആഡംബര കാറുകളിലാണ് അംബാനി കുടുംബാംഗം സഞ്ചരിക്കുന്നത്. അംബാനിമാരുടെ സെക്യൂരിറ്റി ഗാര്‍ഡ്സ് ഉപയോഗിക്കുന്ന കാറുകള്‍ക്ക് വരെ കോടികള്‍ വിലയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളെ ടൊയോട്ട കാമ്രി പോലെ ഒരു കാറില്‍ ആരും പ്രതീക്ഷിക്കില്ല.
എന്നാല്‍ അംബാനി കുടുംബാംഗമായ ആനന്ദ് പിരാമല്‍ ഇതിന് അപവാദമാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ ഭര്‍ത്താവാണ് ബിസിനസുകാരനായ ആനന്ദ് പിരാമല്‍. അതായത് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമകനും ആകാശിന്റെയും അനന്ദിന്റെയും സ്വന്തം അളിയന്‍. ഇപ്പോള്‍ ആനന്ദ് പിരാമല്‍ ടൊയോട്ട കാമ്രിയില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വളരെ ലളിതമായ വസ്ത്രത്തിലാണ് ശതകോടീശ്വരന്‍ ടൊയോട്ട കാമ്രി ഓടിക്കുന്നത്.
അദ്ദേഹത്തിന് ചുറ്റും ധാരാളം സുരക്ഷാ ഉദ്യോഗസ്ഥരെയും നമുക്ക് കാണാന്‍ കഴിയും. ആനന്ദ് പിരമല്‍ ആദ്യമായിട്ടല്ല ഈ ടൊയോട്ട കാമ്രിയില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഓര്‍മിപ്പിക്കട്ടെ. മുമ്പും പലതവണ ഇതേ കാര്‍ ഓടിച്ച് വരുന്ന അംബാനി കുടുംബത്തിലെ മരുമകന്റെ വീഡിയോ വൈറല്‍ ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഇതേ കാറിലാണ് ആനന്ദ് എത്തിയത്.

റോള്‍സ് റോയ്‌സ്, മെര്‍സിഡീസ് മെയ്ബാക്ക് തുടങ്ങിയ ആഡംബര കാറുകള്‍ ഉണ്ടായിരുന്നിട്ടും ലോകം ശ്രദ്ധിച്ച വിവാഹച്ചടങ്ങിലേക്ക് ഒരു ടൊയോട്ട കാറില്‍ വന്ന ആനന്ദ് പിരമലിന്റെ ലാളിത്യത്തിന് അന്നേ കൈയ്യടി ലഭിച്ചതാണ്. ഇത്രയും കാലമായിട്ടും ഈ കാര്‍ ചേര്‍ത്ത്പിടിക്കുന്ന ബിസിനസുകാരന്‍ വീണ്ടും പ്രശംസക്ക് പാത്രമാകുകയാണ്. ഈ പരമ്പരയില്‍ ടൊയോട്ട കാമ്രി ഉപയോഗിച്ചതിന് ആനന്ദ് പിരമല്‍ വീണ്ടും ആരാധകരില്‍ നിന്ന് പ്രശംസ നേടുകയാണ്.
അജയ് പിരമലിന്റെയും ഡോ. സ്വാതി എ. പിരാമലിന്റെയും മകനായ ആനന്ദ് പിരമല്‍ പിരാമല്‍ ഗ്രൂപ്പ് ബോര്‍ഡില്‍ ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 30 -ലധികം രാജ്യങ്ങളിലായി ഫിനാന്‍സ്, ഹെല്‍ത്ത്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിരാമല്‍ ഗ്രൂപ്പിന് ഫേര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 23,170 കോടി രൂപ (2.8 ബില്യണ്‍ ഡോളര്‍) ആസ്തിയുണ്ട്.
അംബാനി കുടുംബത്തിന് ഇത് വളരെ സാധാരണ കാര്‍ ആണെങ്കിലും ഇത് അത്യാധുനിക സവിശേഷതകള്‍ നിറഞ്ഞ ഒന്നാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, സിംഗിള്‍-പെയിന്‍ സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്നിവയടക്കം പ്രധാനപ്പെട്ട ഫീച്ചറുകള്‍ എല്ലാം ഇതിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
ADAS സ്യൂട്ട്, 9 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവയടക്കമുള്ള ഫീച്ചറുകളുമായി വരുന്ന കാമ്രിയുടെ സുരക്ഷയും മികച്ചതാണ്. സ്‌കോഡ സൂപ്പര്‍ബ്, ഔഡി A4 എന്നീ കാറുകളായിരുന്നു എതിരാളികള്‍. സ്‌കോഡ സൂപ്പര്‍ബ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയിലില്ല. അരക്കോടിയിലധികം വിലയുള്ള കാര്‍ ആണെങ്കിലും 2025 മെയില്‍ കാമ്രിയുടെ 198 യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 2024 മെയ് മാസത്തില്‍ വിറ്റ 122 യൂണിറ്റിനെ അപേക്ഷിച്ച് 62.30 ശതമാനമാണ് വളര്‍ച്ച. ഇത് ഹൈബ്രിഡ് കാറിനുള്ള ഡിമാന്‍ഡ് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








