ഡ്രൈവറുടെ 'പിടിപ്പ്‌കേട്' കാരണം വിമാനയാത്ര മുടങ്ങി;Uber-ന് 20000 രൂപ പിഴ
സമയത്തിനും സൗകര്യത്തിനും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടിയാണ് നമ്മള്‍ എല്ലാവരും ടാക്‌സി ബുക്ക് ചെയ്യുന്നത്. എന്നാല്‍ അതുകൊണ്ട് ഒരു ഉപകാരവുമില്ലാതെ ഉപദ്രവുമുണ്ടായാലോ?. സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനി നല്‍കിയ പരാതിയില്‍ ഊബര്‍ ഇന്ത്യക്ക് 20000 രൂപ പിഴ വിധിച്ചിരിക്കുകയാണ് താനെ ജില്ലാ ഉപഭോക്തൃ കോടതി.

സേവനങ്ങളിലെ പോരായ്മയില്‍ യുബര്‍ ഇന്ത്യ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ യുവതിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് 10,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നല്‍കാന്‍ ഊബറിനോട് കോടതി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലേക്കുള്ള സവാരിക്കിടെ ഊബര്‍ ക്യാബ് ഡ്രൈവര്‍ പലവിധത്തില്‍ കാലതാമസം വരുത്തിയതിനാല്‍ അവര്‍ക്ക് ചെന്നൈയിലേക്കുള്ള വിമാനം നഷ്ടമായിരുന്നു.

പരാതിക്കാരിയായ കവിതാ ശര്‍മ്മ എന്ന അഭിഭാഷക 2018 ജൂണ്‍ 12-ന് വൈകിട്ട് 5.50-നായിരുന്നു മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറേണ്ടിയിരുന്നത്. പരാതിക്കാരിയുടെ വസതിയില്‍ നിന്ന് ഏകദേശം 36 കിലോമീറ്റര്‍ അകലെയായിരുന്നു വിമാനത്താവളം.

ഏകദേശം 3.29-ന് അവര്‍ ഒരു ഊബര്‍ ക്യാബ് ബുക്ക് ചെയ്തു. അവള്‍ക്ക് ഒരു കാര്‍ അനുവദിച്ചതിന് പിന്നാലെ 14 മിനിറ്റിന് ശേഷമാണ് ഡ്രൈവര്‍ അവരുടെ വസതിയിലെത്തിയത്. ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് ശേഷമാണ് എത്തിച്ചേര്‍ന്നത്. സ്ഥലത്തെത്തിയ ശേഷവും ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്ന തിരക്കിലായിരുന്നെന്നും സംഭാഷണം അവസാനിപ്പിച്ച ശേഷമാണ് യാത്ര ആരംഭിച്ചതെന്നും പരാതിക്കാരി പറഞ്ഞു.

അതിനുശേഷം വാഹനം തെറ്റായ ദിശയില്‍ കൊണ്ടുപോയ ഡ്രൈവര്‍ അടുത്തുള്ള സിഎന്‍ജി സ്റ്റേഷനില്‍ എത്തി. ക്യാബ് അവിടെ എത്തിച്ച ഇയാള്‍ 15-20 മിനിറ്റ് പാഴാക്കി. തുടര്‍ന്ന് 5.23-നാണ് പരാതിക്കാരിയെ വിമാനത്താവളത്തില്‍ ഇറക്കിയത്. അപ്പോഴേക്കും അവളുടെ ഫ്‌ലൈറ്റ് നഷ്ടമായി.

ലഭ്യമായ അടുത്ത വിമാനത്തില്‍ പരാതിക്കാരിയായ കവിത ശര്‍മക്ക് സ്വന്തം ചെലവില്‍ പോകേണ്ടിവന്നു. ഇത് കൂടാതെ ക്യാബ് ഡ്രൈവറുടെ സേവനത്തെ കുറിച്ച് പിന്നെയും പരാതികള്‍ ഉണ്ടായിരുന്നു. ബുക്കിംഗ് സമയത്ത് കണക്കാക്കിയ നിരക്ക് 563 രൂപയാണെങ്കിലും 703 രൂപയുടെ ബില്‍ ആണ് കവിതക്ക് യാത്രയുടെ ശേഷം നല്‍കിയത്.

ഡ്രൈവറുടെ അശ്രദ്ധയും പ്രഫഷനലല്ലാത്ത മനോഭാവവും കാരണം തന്റെ വിമാന യാത്ര മുടങ്ങിയെന്ന് പരാതിക്കാരി ആരോപിച്ചു. ഇതിന് പിന്നാലെ നിരക്കിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പരാതിപ്പെട്ടു. ഇതിന് ശേഷം കണക്കാക്കിയതും യഥാര്‍ത്ഥവുമായ നിരക്കിലെ വ്യത്യാസമായ 139 രൂപ ഊബര്‍ തിരികെ നല്‍കി. എന്നിരുന്നാലും നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ കവിത തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താനെ അഡീഷനല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്.

തങ്ങള്‍ ഒരു അഗ്രഗേറ്റര്‍ മാത്രമാണെന്നും ഡ്രൈവറും ഉപഭോക്താവും തമ്മില്‍ ബന്ധപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്നതിനാല്‍ ഡ്രൈവറുടെ കുറ്റത്തിന് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് ഊബര്‍ ഇന്ത്യ അവകാശപ്പെട്ടു.

ആപ്പ് ഉപയോഗിക്കുന്ന എല്ലാ ഡ്രൈവര്‍മാരും സ്വതന്ത്ര കരാറുകാരായി പ്രവര്‍ത്തിക്കുന്നു. അവര്‍ സേവനത്തിനിടയില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും സംഭവങ്ങള്‍ക്കും അവര്‍ വ്യക്തിപരമായിട്ടായിരിക്കും ഉത്തരവാദികളായിരിക്കുകയെന്ന് ഊബര്‍ വ്യക്തമാക്കി. കൂടാതെ, ഡ്രൈവര്‍മാര്‍ ഊബറിന്റെ ജോലിക്കാരല്ലെന്നും അവര്‍ അവകാശപ്പെടുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, യാത്രക്കാര്‍ ഊബര്‍ ആപ്പില്‍ സേവനത്തിനുള്ള അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നുവെന്നും മൂന്നാം കക്ഷി ദാതാക്കളുമായി ഗതാഗതം ക്രമീകരിച്ചും ഷെഡ്യൂള്‍ ചെയ്തും അവര്‍ സേവനം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. 'ആപ്പ് ഉപയോഗിച്ച് യുവതി യൂബറിന്റെ സേവനങ്ങള്‍ സ്വീകരിച്ചു. കൂടാതെ യൂബറിന്റെ ഗതാഗത സേവനത്തിനായി ഈടാക്കുന്ന തുകയും നല്‍കി. അല്ലാതെ സ്ഥാപനം നിയോഗിച്ച ഡ്രൈവര്‍ക്ക് അല്ല' -കമ്മീഷന്‍ നിരീക്ഷിച്ചു.


Click it and Unblock the Notifications








