ബിഗ് ബോസ് ജയിച്ചതോടെ വേറെ റേഞ്ചായി! 1.7 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍
ജനപ്രിയ ടിവി ഷോ ആയ ഹിന്ദി ബിഗ് ബോസിന്റെ 17-ാം സീസണിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് അവസാനമായത്. നടന്‍മാരെയടക്കം പിന്തള്ളി സ്റ്റാന്‍ഡപ്പ് കെമേഡിയനായ മുനവര്‍ ഫാറൂഖിയായിരുന്നു കഴിഞ്ഞ സീസണിലെ വിജയിയായത്. 15 ആഴ്ച ബിഗ്‌ബോസ് ഹൗസില്‍ ചെലവഴിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയാണ് മുനവര്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ആയി എത്തുന്ന ഷോയില്‍ ഒന്നാമതെത്തിയത്.
17 സീസണ്‍ പിന്നിട്ട ഷോയില്‍ വിജയിയായ മുനവര്‍ ഫാറൂഖിക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. ട്രോഫിക്കും ക്യാഷ് പ്രൈസിന് പുറമെ ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് ന്യു ക്രെറ്റ എസ്‌യുവിയും ഷോയില്‍ നിന്ന് സമ്മാനമായി ലഭിച്ചിരുന്നു. സമ്മാനത്തുക മാത്രമല്ല ഷോയിലൂടെ കൈവരുന്ന പ്രശസ്തി കൂടിയാണ് സെലിബ്രിറ്റികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ വിജയിയായതോടെ മുനവര്‍ ഫാറൂഖിയുടെ താരമൂല്യം പലമടങ്ങ് വര്‍ധിച്ചിരുന്നു.

പിന്നാലെ താരം വില കൂടിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ കാര്‍ വാങ്ങിയിരിക്കുകയാണ്. ബ്ലാക്ക് കളറിലുള്ള കാറാണ് മുനവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.7 കോടി രൂപയാണ് ഇൗ എസ്‌യുവിയുടെ പ്രാരംഭ വില. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ഈ ആഡംബര എസ്യുവിക്ക് GJ 18 EC 8888 എന്ന ഫാന്‍സി നമ്പറും ലഭിച്ചിട്ടുണ്ട്. മുനവര്‍ ഫാറൂഖിയെ കുറിച്ച് പറയുമ്പോള്‍ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍, റാപ്പര്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.
ബിഗ്‌ബോസിലേക്ക് വരുന്നതിന് മുമ്പ് നടി കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക്കപ്പ് എന്ന ഷോയിലും മുനവര്‍ വെന്നിക്കൊടി പാറിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെ തുടക്കം മുതല്‍ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ തന്നെ ഗെയിമില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നേറിയെങ്കിലും മുന്‍കാമുകി ആയിഷ ഖാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയലായി വീട്ടിലേക്ക് കാലെടുത്ത് വെച്ചതോടെ ജനപ്രീതിയില്‍ നേരിയ ഇടിവ് നേരിട്ടു.

ബിഗ് ബോസ് ഹൗസില്‍ വെച്ച് മുനവറിനെതിരെ നിരവധി ആരോപണങ്ങളാണ് ആയിഷ ഉന്നയിച്ചത്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വമ്പന്‍ വോട്ടുകളുടെ വ്യത്യാസത്തില്‍ അദ്ദേഹം വിജയിയായി. നടന്‍ അഭിഷേക് കുമാറായിരുന്നു റണ്ണറപ്പ്. അങ്കിത് ലോഖാണ്ഡെ, മന്നാര ചോപ്ര, അഭിഷേക് എന്നിവരായിരുന്നു മറ്റ് ഫൈനലിസ്റ്റുകള്‍. ഷോയില്‍ വിജയിയായി കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന വേളയില്‍ ഈ കിടിലന്‍ കാര്‍ സ്വയം സമ്മാനിക്കുകയായിരുന്നു മുനവര്‍.
ഇക്കാര്യം മുനവര്‍ ഫാറൂഖി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വെളിപ്പെടുത്തിയിറരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ പരസ് കല്‍നാവത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അഭിനന്ദനം അറിയിച്ചതോടെയാണ് സംഗതി പുറംലോകമറിഞ്ഞത്. കാഷ്വല്‍ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ മുനവര്‍ തന്റെ ബ്ലാക്ക് ബീസ്റ്റിനൊപ്പമുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ക്രെറ്റക്ക് പുറമെ മഹീന്ദ്ര സ്‌കോര്‍പിയോ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ കാറുകള്‍ മുനവര്‍ ഫാറൂഖിക്ക് നേരത്തെ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
റേഞ്ച് റോവറിന്റെ ഏത് വേരിയന്റാണ് താരം വാങ്ങിയതെന്ന് വ്യക്തമല്ല. മികച്ച സ്റ്റൈലിംഗ്, ആഡംബരപൂര്‍ണമായ ഇന്റീരിയറുകള്‍, ശക്തമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായി എത്തുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. 400 bhp പവര്‍ നല്‍കുന്ന പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു.
അതേസമയം 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 350 bhp പവറും 700 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടെറെയ്ന്‍ റെസ്‌പോണ്‍സ് 2 ഓഫ്‌റോഡ് ഹാര്‍ഡ്‌വെയറും ഇതോടൊപ്പം ലഭിക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 5.9 സെക്കന്‍ഡില്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 234 കിലോമീറ്ററാണ് ടോപ് സ്പീഡ്.
13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 13.7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡൈവര്‍ ഡിസ്‌പ്ലേ, ആക്ടീവ് നോയ്‌സ് ക്യാന്‍സലേഷന്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു. ഇല്‌ട്രോളിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ്‌വെന്റിലേറ്റഡ് ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഫ്രണ്ട് സീറ്റില്‍ മസാജ് ഫംഗ്ഷന്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് ക്യാബിനിലെ മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.
3D സറൗണ്ട് ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കം ഒരുപിടി ADAS ഫീച്ചറുകള്‍ ഈ കാറില്‍ സുരക്ഷയൊരുക്കുന്നു. ബഎംഡബ്ല്യു X5, പോര്‍ഷ കയെന്‍, മെര്‍സിഡീസ് ബെന്‍സ് GLE എന്നിവയാണ് എതിരാളികള്‍. മികച്ച ഡിസൈന്‍, പെര്‍ഫോമന്‍സ്, ഡിസൈന്‍ എന്നിവ കാരണമാണ് കൂടുതല്‍ സെലിബ്രിറ്റികള്‍ ലാന്‍ഡ് റോവറിന്റെ ഈ ആഡംബര എസ്‌യുവിയിലേക്ക് അടുക്കുന്നത്.


Click it and Unblock the Notifications








