കാര്‍ പോലെ ഓടുന്ന കട്ടില്‍! ഉണ്ടാക്കിയ യുവാവ് പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും
മാനവവിഭവശേഷിയുടെ കാര്യത്തില്‍ സമ്പന്നമായ ഒരു രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിന് മനുഷ്യരുള്ള ഈ രാജ്യത്ത് ഓരോ ദിവസവും വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ നടക്കുന്നു. ഇന്ത്യയുടെ നാട്ടിന്‍പുറങ്ങളിലെ ചിലരുടെ നൂതന കണ്ടുപിടുത്തങ്ങള്‍ കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. പ്രത്യേകിച്ചും വാഹനങ്ങളുടെ കാര്യത്തില്‍. മഹീന്ദ്ര മുതലാളി ആനന്ദ് മഹീന്ദ്രയടക്കമുള്ള പ്രമുഖര്‍ മുമ്പ് ഇത്തരം സ്‌പെഷ്യല്‍ 'ടാലന്റുകളെ' സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള 27-കാരന്‍ നിര്‍മിച്ച ഒരു നൂതന വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച ഈ അതുല്യ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
അടുത്ത കാലത്തായി ഇന്ത്യയില്‍ വാന്‍ ലൈഫ് സംസ്‌കാരം ഏറെ പ്രചാരം നേടിയിട്ടുണ്ട്. തരക്കേടില്ലാത്ത ഒരു കാറും യാത്ര ചെയ്യാനുള്ള മനസ്സും ഉള്ളവര്‍ അതിനായി ഇറങ്ങിപ്പുറപ്പെടുന്നു. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ദിവസങ്ങളോളം വീടായി നിലകൊള്ളുന്നത് ആ വാഹനമായിരിക്കും. കാറിന്റെ അകത്തളം തന്നെ കിടപ്പ് മുറിയും കട്ടിലുമെല്ലാമായി മാറും. എന്നാല്‍ നമ്മള്‍ പറയാന്‍ പോകുന്ന കഥയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായ വീഡിയോയില്‍ ഒരു വാഹനം കട്ടിലായി മാറിയ കാഴ്ചയാണ് നമുക്ക് കാണാനാകുക. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വൈറല്‍ വീഡിയോയില്‍ റോഡിലൂടെ ഒരു കട്ടില്‍ വരുന്നത് നമുക്ക് കാണാന്‍ കഴിയും. ആ കട്ടിലില്‍ മെത്തകള്‍, തലയിണകള്‍, ബെഡ്ഷീറ്റ് എല്ലാമുണ്ട്. കൂടാതെ, ഒരു ചെറുപ്പക്കാരന്‍ ആ കട്ടിലില്‍ ഇരിക്കുന്നു. ഒറ്റനോട്ടത്തില്‍ വീഡിയോ കാണുമ്പോള്‍ 'സഞ്ചരിക്കുന്ന' കട്ടില്‍ എന്ന് തന്നെ ആര്‍ക്കും തോന്നിയേക്കാം.
നടുറോഡില്‍ ഒരു കാര്‍ പോലെ കിടക്ക എങ്ങനെ ഓടുന്നുവെന്ന സംശയവും മനസ്സില്‍ ജനിച്ചിട്ടുണ്ടാകും. വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മാത്രമാണ് ഇതിന് പിന്നിലെ ഗുട്ടന്‍സ് മനസ്സിലാകുക. കട്ടിലില്‍ ഇരക്കുന്ന യുവാവാണ് 'ബെഡ് കാര്‍' പ്രവര്‍ത്തിപ്പിക്കുന്നത്. വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് നവാബ് എന്നാണ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ 27-കാരന്‍ പ്രദേശത്തെ ഒരു സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

9,000 രൂപ മാസ ശമ്പളത്തിനാണ് നവാബ് ഡ്രൈവറുടെ ജോലി ചെയ്യുന്നത്. ലളിതമായ ജീവിതമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ എങ്ങനെയെങ്കിലും വൈറലാകണമെന്നാായിരുന്നു നവാബിന്റെ വലിയ ആഗ്രഹം. ആ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ വേണ്ടി നവാബ് കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ വാഹനം.ഈ ബെഡ് കാര്‍ നിര്‍മ്മിക്കാന്‍ നവാബ് ഏകദേശം ഒന്നര വര്‍ഷം കഷ്ടപ്പെട്ടു.
രണ്ട് ലക്ഷം രൂപയാണ് ചെലവ് വന്നത്. ബെഡ് കാര്‍ വാങ്ങാന്‍ പണം തികയാതെ വന്നതോടെ ഭാര്യയുടെ ആഭരണങ്ങള്‍ വരെ ഇയാള്‍ വിറ്റുവെന്നാണ് പറയപ്പെടുന്നത്. ഏതായാലും നബാബ് ആഗ്രഹിച്ചതുപോലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലക്ഷ്യം നേടാനും കഠിനാധ്വാനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് കൈയ്യടിച്ചേ മതിയാകൂ. എന്നിരുന്നാലും ഇതുപോലുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് സുരക്ഷിതമല്ല എന്ന കാര്യം കൂടി ഓര്‍മിക്കുക.

ഓരോ വര്‍ഷവും നമ്മുടെ നിരത്തില്‍ ആയിരക്കണക്കിന് ജീവനാണ് പൊലിയുന്നത്. നമ്മുടെ റോഡുകളെ അപകടകരമാക്കുന്ന ഒന്നിനെയും ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് ഓര്‍മിപ്പിക്കുന്നു. ഏതായാലും ഇത്തരമൊരു നൂതന ഉല്‍പ്പന്നം വികസിപ്പിച്ചെടുത്ത നവാബിന്റെ കഴിവ് പ്രമുഖരായ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടട്ടെ. വൈറലാകാനാുള്ള ആഗ്രഹം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി ജീവിതം കൂടി മെച്ചപ്പെടാനുള്ള ഒരു സാഹചര്യമാണ് അദ്ദേഹത്തിന് വേണ്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








