പ്രമുഖര്‍ കാര്‍ വാങ്ങുന്ന തിരക്കില്‍! കോടികള്‍ പൊടിച്ച് പുത്തന്‍ റേഞ്ച് റോവര്‍ വാങ്ങിയ കക്ഷിയെ പിടികിട്ടിയോ?
ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ലക്ഷ്വറി എസ്‌യുവികളോടുള്ള ഇഷ്ടം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. സിനിമാ ലോകത്തെ പ്രമുഖരുടെ ഇഷ്ടപ്പെട്ട ലക്ഷ്വറി എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡ സ്വന്തം പിറന്നാളിന് റേഞ്ച് റോവര്‍ വീട്ടിലെത്തിച്ചത്. ഇപ്പോള്‍ ഈ ട്രെന്‍ഡിനൊപ്പം ചേരുന്നത് ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് സംഗീത സംവിധായകന്‍ അനു മാലിക്ക്. ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരില്‍ ഒരാളാണ് അനു മാലിക്. ദേശീയ അവാര്‍ഡ് ജേതാവ് തൊണ്ണുറുകളിലും രണ്ടായിരങ്ങളുടെ തുടക്കകാലത്തുമെല്ലാം എക്കാലത്തും കേള്‍ക്കാന്‍ ഇമ്പമുള്ള ഒത്തിരി ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചിരുന്നു.
സംഗീത സംവിധാനത്തിനൊപ്പം ഇടക്ക് ഗായകനായും മാറാറുള്ള അനു മാലിക് ഇന്ത്യന്‍ ഐഡല്‍ എന്ന ജനപ്രിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവുമായിരുന്നു. അനു മാലിക്കിന്റെ പുത്തന്‍ കാറിലേക്ക് വന്നാല്‍ ഒരു റേഞ്ച് റോവര്‍ സ്പോര്‍ട്ട് ആണ് അദ്ദേഹം വാങ്ങിയത്. അനു മാലിക്ക് പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ 'കാര്‍ ക്രേസി ഇന്ത്യ' അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഭാര്യ അഞ്ജു മാലിക്കിനൊപ്പം എത്തിയാണ് അനു മാലിക്ക് പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ശിവ നാമം ചൊല്ലിയാണ് അനു മാലിക്ക് കാറില്‍ നിന്ന് കറുത്ത കവര്‍ നീക്കിയത്. ഇഷ്ട വാഹനം സ്വന്തമാക്കിയതിന് പിന്നാലെ അദ്ദേഹം ബോണറ്റില്‍ തല ചേര്‍ത്തു. പുത്തന്‍ കാറിന്റെ ഡെലിവറി ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മുംബൈയിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പ് കേക്ക് മുറിക്കല്‍ ചടങ്ങ് ഒരുക്കിയിരുന്നു. ഇത് കൂടാതെ അനു മാലിക്കിന് മറ്റ് ചില സമ്മാനങ്ങളും നല്‍കി.
അനു മാലിക്കിന്റെ കാറിനെ കുറിച്ച് പറയുമ്പോള്‍ സാധാരണ ബോളിവുഡ് സെലിബ്രിറ്റികള്‍ റേഞ്ച് റോവര്‍ വാങ്ങുമ്പോള്‍ വെള്ളയോ അല്ലെങ്കില്‍ കറുപ്പോ നിറമാണ് തെരഞ്ഞെടുക്കാറ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി അനു മാലിക് ഈഗര്‍ ഗ്രേ പെയിന്റ് സ്‌കീം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അനു മാലിക് ലക്ഷ്വറി എസ്‌യുവിയുടെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

ലൈനപ്പിലെ മുന്‍നിര മോഡലായ റേഞ്ച് റോവറിന് തൊട്ടുതാഴെയാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ സ്ഥാനം. റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ തലമുറ SV വേരിയന്റിന് 1.62 കോടി മുതല്‍ 3.22 കോടി രൂപ വരെയാണ് വില.ആകര്‍ഷകവും അതിനൊപ്പം അക്രമണാത്മകവുമായ ഡിസൈനുമാണ് ഇതിന്റെ പ്രത്യേകത. ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലിം ഓള്‍-എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എസ്‌യുവിക്ക് മോഡേണ്‍ ലുക്ക് സമ്മാനിക്കുന്നു.
വ്യത്യസ്തവും അതുല്യവുമായ ഡിസൈനുകളുള്ള അലോയ് വീലുകളും ഇതിലുണ്ട്. അലോയ് വീല്‍ 21 മുതല്‍ 23 ഇഞ്ച് വരെ വലിപ്പത്തില്‍ വരുന്നു. പിവി പ്രോ സോഫ്റ്റ്വെയറും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കുന്ന 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള ഫ്യൂച്ചറിസ്റ്റിക് ഡാഷ്ബോര്‍ഡാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതില്‍ 19-സ്പീക്കര്‍ 800W മെറിഡിയന്‍ സൗണ്ട് സിസ്റ്റവും ഉള്‍പ്പെടുന്നു.

റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 400 bhp പവറും 500 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഒന്നാമത്തേത്. 350 bhp പവറും 700 Nm ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ d350 ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തേത്. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ 4WD, എയര്‍ സസ്പെന്‍ഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
തുടക്കത്തില്‍ പറഞ്ഞ പോലെ രണ്‍ദീപ് ഹൂഡയെ കൂടാതെ റേഞ്ച് റോവര്‍ ഉടമകളായ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുണ്ട്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, കാര്‍ത്തിക് ആര്യന്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത്, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ തുടങ്ങിയവരാണ് പുതുതലമുറ റേഞ്ച് റോവറിന്റെ ഉടമകളായ പ്രമുഖ താരങ്ങള്‍. അനിമല്‍ എന്ന ചിത്രത്തിലൂടെ നാഷനല്‍ ക്രഷ് ആയി മാറിയ നടി ത്രിപ്തി ദിമ്രി ഒരു യൂസ്ഡ് മുന്‍ തലമുറ റേഞ്ച് റോവര്‍ വാങ്ങിയിരുന്നു.


Click it and Unblock the Notifications








