6 കാറുകളും 16 ടൂവീലറും സമ്മാനം! എല്ലാ മുതലാളിമാരും 'മൈജി'യെ കണ്ടു പഠിക്കണമെന്ന് ജീവനക്കാർ
തങ്ങളുടെ കഠിനാധ്വാനത്തിന് വില കല്‍പ്പിക്കുന്ന മുതലാളിമാര്‍ ജീവനക്കാര്‍ക്ക് എന്നും അനുഗ്രഹമാണ്. ഇന്നത്തെ കാലത്ത് ജോലിക്കാര്‍ക്ക് ഉദ്യോഗക്കയറ്റവും വേതന വര്‍ധനവും മാത്രമല്ല പല പല സമ്മാനങ്ങളും മുതലാളിമാര്‍ നല്‍കി വരുന്നുണ്ട്. കമ്പനി പച്ച പിടിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഒരു കമ്പനി അതിന്റെ ഓഹരികള്‍ നല്‍കിയ വാര്‍ത്തയും നമ്മള്‍ വായിച്ചു. അടുത്ത കാലത്തായി കേരളത്തിലെ ചില സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദരിക്കാറുണ്ട്. ചിലര്‍ അത് ഒന്നോ രണ്ടോ പ്രവശ്യം ചെയ്ത് മതിയാക്കുമ്പോള്‍ ആ പ്രവര്‍ത്തി തുടരുകയാണ് 'മൈജി ഡിജിറ്റല്‍'.
കേരളത്തിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഡിജിറ്റല്‍ ഇലക്‌ട്രോണിക് റീട്ടെയില്‍ ശൃംഖലയാണ് മൈജി. ദക്ഷിണേന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ഉള്ളതും മൈജിക്കാണ്. മൈജിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ജീവനക്കാര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ബെന്‍സ് ഉള്‍പ്പെടെ ആഡംബര കാറുകള്‍ അടക്കം സമ്മാനമായി നല്‍കിയിരുന്നു. 2006-ലാണ് മൈജി പ്രവര്‍ത്തനം ആരംഭിച്ചത്. ബ്രാന്‍ഡിന്റെ 18-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ക്കാര്‍ക്ക് 6 കാറും 16 ടൂവീലറും സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

ഹ്യുണ്ടായി, സ്‌കോഡ, എംജി, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര എന്നീ കമ്പനികളുടെ കാറുകളാണ് സമ്മാനിച്ചത്. 15 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളും ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് നഗരത്തിലെ പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മൈജി സിഎംഡി എകെ ഷാജി വാഹനങ്ങളുടെ താക്കോല്‍ കൈമാറി. ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ മൈജി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
കമ്പനി നല്‍കിയ ഉപഹാരം സ്വീകരിക്കാന്‍ എത്തിയ ജീവനക്കാരുടെ മുഖത്ത് വലിയ സന്തോഷം നമുക്ക് കാണാന്‍ സാധിക്കും. മൈജി സിഎംഡി എകെ ഷാജി മുമ്പ് തന്റെ ജീവനക്കാരന് മെര്‍സിഡീസ് ബെന്‍സ് എസ്‌യുവി സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്ഥാപനത്തോടുള്ള വിശ്വസ്തത കണക്കിലെടുത്താണ് വ്യവസായി അനീഷിന് എസ്‌യുവി സമ്മാനിച്ചത്. തനിക്കൊപ്പം 22 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അനീഷിനെ മെര്‍സിഡീസ് ബെന്‍സ് GLA 220d നല്‍കിയാണ് കമ്പനി മുതലാളി ഷാജി ആദരിച്ചത്.

എന്നാല്‍ അനീഷിനെ വെറുമൊരു ജീവനക്കാരനായല്ല സഹോദര തുല്ല്യനായാണ് ഷാജി കണക്കാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സൂചിപ്പിച്ചത്. കഠിനാധ്വാനം ചെയ്യുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് വേണ്ട കരുതല്‍ നല്‍കുകയും ചെയ്യുന്ന സംസ്‌കാരമാണ് മൈജിയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് ഷാജി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മൈജി ഷോറൂമുകളുടെ എണ്ണം 150 ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 4000 പിന്നിടും. വരും വര്‍ഷങ്ങളിലും മൈജി ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് വലിയ പാരിതോഷികങ്ങള്‍ നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍, നിലവില്‍ ഇന്ത്യയില്‍ കാറുകള്‍ വാങ്ങുന്നവര്‍ക്കായി നിരവധി ഓഫറുകളാണ് ബ്രാന്‍ഡുകള്‍ മുന്നോട്ട് വെക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 6.50 ലക്ഷം കാറുകള്‍ വില്‍ക്കപ്പെടാതെ യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഏകദേശം 60,000 കോടി രൂപയാണ് ഈ കാറുകളുടെ മൂല്യം കണക്കാക്കുന്നത്.
ഈ കാറുകള്‍ വിറ്റു തീര്‍ക്കാനാണ് കാര്‍ കമ്പനികള്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. കനത്ത മഴയും അതിന് മുമ്പ് ഉണ്ടായിരുന്ന ഉഷ്ണ തരംഗവും കാര്‍ വില്‍പ്പനയെ കാര്യമായി ബാധിച്ചതായാണ് വിവരം. ഇതുകൂടാതെ, പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഇപ്പോള്‍ കണിശത കാണിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പഴയതുപോലെ വാഹനവായ്പ ലഭിക്കുക എളുപ്പമല്ലെന്നാണ് പറയുന്നത്. ഇന്ത്യന്‍ വിപണിയിലെ കാര്‍ വില്‍പ്പന കുറയാനുള്ള ഒരു പ്രധാന കാരണമായി ഇതും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ കച്ചവടം കൂട്ടാനായാണ് മുന്‍നിര കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നല്‍കാന്‍ തുടങ്ങിയത്. അതുകൊണ്ട് നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഉത്സവകാലമാകാന്‍ കാത്തിരിക്കേണ്ട. ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ.


Click it and Unblock the Notifications








