MyG മുതലാളിയുടെ വിജയത്തിന് പിന്നിലെ സ്ത്രീ! ആനിവേഴ്‌സറിക്ക് സമ്മാനിച്ചത് അരക്കോടി വില വരുന്ന കാര്‍
വിജയിച്ച ഓരോ പുരുഷന്റെ പിന്നിലും ഒരു സ്ത്രീയുണ്ടാകും. ചിലര്‍ക്ക് അത് അമ്മയാകാം, ഭാര്യയാകാം, സഹോദരിയാകാം മകളുമാകാം. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനായ എകെ ഷാജിയും ഇത് അടിവരയിടും. മൊബൈല്‍ഫോണ്‍, ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ എന്നിവയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നായ മൈജിയുടെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ് അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ 'മൈജി ഹദീഖ' എന്ന ആഡംബര ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങിനോടൊപ്പം രണ്ട് ആഡംബര വാഹനങ്ങള്‍ ഡെലിവറിയെടുത്തിരുന്നു. വ്യക്തിപരമായ ഉപയോഗത്തിനുള്ള മെര്‍സിഡീസ് മെയ്ബാക്ക് GLS 600 അത്യാഡംബര എസ്‌യുവിയോടൊപ്പം മകന് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറും സമ്മാനിച്ചു.
അടുത്തിടെ സകല ആഡംബര സുഖസൗകര്യങ്ങളുമുള്ള ഒരു കാരവാനും അദ്ദേഹം സ്വന്തമാക്കി. ഇപ്പോള്‍ തന്റെ പ്രിയതമയുടെ യാത്രകള്‍ക്ക് കൂട്ടായി ഒരു കിടിലന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് ഷാജി.ഇന്ത്യയില്‍ അടുത്ത കാലത്ത് ട്രെന്‍ഡിംഗ് ആയിരുന്ന ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI എന്ന മോഡലായിരുന്നു ഷാജി ഭാര്യക്ക് വിവാഹ വാര്‍ഷിക സമ്മാനമായി നല്‍കിയത്. സ്വന്തം വീട്ടില്‍ വെച്ച് കാര്‍ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

'കണ്ടുമുട്ടിയ അന്നുമുതല്‍ ഇനിയങ്ങോട്ടും തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്. ഹാപ്പി ആനിവേഴ്‌സറി ഹാജു. നീ എനിക്ക് നല്‍കിയ അനന്തമായ സ്‌നേഹത്തിനുള്ള ഒരു ചെറിയ പ്രതീകം മാത്രമാണ് ഈ സമ്മാനം' ഇങ്ങനെ പോകുന്ന ചെറുകുറിപ്പ് സഹിതമായിരുന്നു ഷാജിയുടെ പോസ്റ്റ്. താക്കോല്‍ കൈമാറ്റം കഴിഞ്ഞ് കുട്ടികളുടെ കൂടെ കേക്ക് മുറിച്ച ശേഷം ഷാജിയും ഭാര്യയും പുതിയ ഗോള്‍ഫില്‍ ചെറിയ ഡ്രൈവും പോയി.
ഗോള്‍ഫിനെ കുറിച്ച് പറയുമ്പോള്‍ പോളോ ജിടിഐക്ക് ശേഷം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ ജിടിഐ മോഡലാണ് ഇത്. 53 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐ പുറത്തിറങ്ങിയത്. കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്ര വില വരാന്‍ കാരണം. ഗോള്‍ഫ് ജിടിഐ Mk 8.5 എന്ന ഔദ്യോഗിക നാമമുള്ള ഈ മോഡലിന്റെ 150 യൂണിറ്റ് മാത്രമായിരുന്നു ഇന്ത്യക്ക് അനുവദിച്ചത്.

എന്നാല്‍ പ്രീ ബുക്കിംഗ് തുടങ്ങി വെറും മൂന്ന് ദിവസത്തിനുള്ളില്‍ മുഴുവന്‍ കാറുകളും വിറ്റുതീര്‍ന്നു. വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇതെന്ന് ഓര്‍ക്കണം. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം അടുത്ത 100 യൂണിറ്റ് കൂടി ഇന്ത്യയിലെത്തിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരായ മമ്മൂട്ടി, ഫഹദ് ഫാസില്‍, ജയസൂര്യ, ജോജു ജോര്‍ജ്, മാധവ് സുരേഷ് എന്നിവര്‍ ഈ ഹോട്ട്ഹാച്ച് സ്വന്തമാക്കിയിട്ടുണ്ട്.
265 bhp പവറും 370 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയുടെ ഹൃദയം. ഈ പെര്‍ഫോമന്‍സ് ഹാച്ച് വെറും വെറും 5.9 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

വലിപ്പം നോക്കുമ്പോള്‍ ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐക്ക് 4,289mm നീളവും 1,789mm വീതിയും 1,456mm ഉയരവുമുണ്ട്. വീല്‍ബേസ് അളവ് 2,627mm ആണ്. ടേണിംഗ് സര്‍ക്കിള്‍ 12 മീറ്ററും 134mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. 225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളാണ് ഹോട്ട് ഹാച്ചിന് ലഭിക്കുന്നത്.
പെര്‍ഫോമന്‍സിന് അനുസരിച്ച് കാറിന്റെ സേഫ്റ്റിയിലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. 7 എയര്‍ബാഗുകള്‍, റിയര്‍-വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-ചേഞ്ച് അസിസ്റ്റ്, റിയര്‍ ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍ 2 ADAS എന്നിവയടക്കമുള്ള മികച്ച സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ നല്‍കിയിരിക്കുന്നത്.
ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോര്‍ട്‌സ് സീറ്റുകള്‍, മധ്യഭാഗത്തായി സിഗ്നേച്ചര്‍ ടാര്‍ട്ടന്‍ ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിങ്ങനെ അത്യാധുനിക ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








