ഹൈവേയിൽ ഹൈസ്പീഡ്; അപകടങ്ങൾ തുടർകഥയായി ബംഗ്ലൂരു-മൈസൂർ ഹൈവേ
ബംഗ്ലൂരു മലയാളികൾക്ക് ഏറ്റവും വലിയ ആശ്വാസമായിരുന്നു ഹൈവേ തുടങ്ങിയത്. യാത്രാസമയം വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചിരുന്നു ഹൈവേ തുടങ്ങിയതോടെ. ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും അത് പോലെ ദോഷങ്ങളും ഉണ്ട് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ വാഹനാപകടങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു.
ജനുവരി മുതല്‍ ജൂണ്‍ വരെ 512 വാഹനാപകടങ്ങളിലായി 123 പേര്‍ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കിൽ പറയുന്നത്. മേയിലാണ് എറ്റവും കൂടുതൽ അപകടങ്ങളുണ്ടായിരിക്കുന്നത്. 110 അപകടങ്ങളാണ് മേയ് മാസത്തിൽ ഉണ്ടായത്. മറ്റൊരു ആശയക്കുഴപ്പം നിലനിൽക്കുന്നത് പാതയിലെ വേഗതയെ കുറിച്ചാണ് നിലവിൽ 100 കിലോമീറ്ററാണ് വേഗതയെങ്കിലും പല വാഹനങ്ങളും 150 കിലോമീറ്റർ വേഗതയിലാണ് പായുന്നത്.

അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ലെയ്ന്‍ തെറ്റിച്ച് മറികടക്കാന്‍ ശ്രമിക്കുന്നത് അപകടം പെരുകാനുള്ള കാരണങ്ങളിലൊന്നാണ്. വളവുകളില്‍ വേണ്ടത്ര അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. അത് കൊണ്ട് തന്നെ ഒരുപാട് ഗതാഗത നിയമലംഘനങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 44 കേസുകളാണ് ബംഗ്ലൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ രജിസ്ടർ ചെയ്തത്.
ഹൈവേയിൽ ടോൾ പിരിവിനെകുറിച്ച് പറയുകയാണെങ്കിൽ ഒരു ടോൾ ബൂത്ത് കൂടി തുടങ്ങാൻ പദ്ധതിയിട്ടുണ്ട്. അങ്ങനെ വന്നാൽ കേരളത്തിലേക്കുളള യാത്രയുടെ ചിലവ് വീണ്ടും കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതൽ ടോള്‍പിരിവ് ആരംഭിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ബെംഗളൂരുവില്‍നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് രണ്ടാഴ്ചമുമ്പ് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.

കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയില്‍ ഇപ്പോൾ അടയ്ക്കുന്നത്. കണിമിണികെയില്‍ 165 രൂപ നല്‍കണം. ഇതോടെ ടോള്‍ ഇനത്തില്‍ മൊത്തം 320 രൂപയാണ് ചെലവാക്കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേര്‍ത്ത് 505 രൂപയാണ് നല്‍കേണ്ടത്.
ഇതോട് കൂടി കെഎസ്ആർടിസിയുടെ ബസ് നിരക്ക് കൂട്ടാനും സാധ്യതയുണ്ട്, കാരണം കർണാടക ആർടിസി ആദ്യ ടോൾ തുടങ്ങിയപ്പോൾ തന്നെ നിരക്ക് വർധിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴും കെഎസ്ആർടിസി നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം ദേശീയപാതാ അതോറിറ്റി എടുക്കുന്നതോടെ നിരക്കുയര്‍ത്തുന്ന കാര്യം കോര്‍പ്പറേഷന്‍ ആലോചിച്ചേക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്നുളള റിപ്പോർട്ടുകൾ.

നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.
ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








