'ഞഞ്ഞാ പിഞ്ഞാ വിളിയൊന്നുമില്ല പോളേട്ടാ...' ഫാന്‍സി നമ്പറിനായി ബാലയ്യ പൊടിച്ചത് എത്രയെന്ന് കണ്ടോ
പലര്‍ക്കും സ്വപ്ന കാര്‍ സ്വന്തമാക്കുക എന്നത് ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ മറ്റ് ചിലര്‍ ഒരുപടി കൂടി കടന്ന് ആ കാറുകള്‍ക്ക് ലക്ഷങ്ങളും കോടികളും പൊടിച്ച് ഫാന്‍സി നമ്പറുകളും വാങ്ങുന്നു. ഈ ട്രെന്‍ഡ് ഇപ്പോള്‍ കൊച്ചു കേരളത്തിലും വരെ എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മലയാളി ബിസിനസുകാരന്‍ 'KL-07 DG 0007' എന്ന നമ്പര്‍ 45.99 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. പ്രത്യേക വാഹന നമ്പര്‍ ഉണ്ടായിരിക്കുന്നത് അതിനെ കൂടുതല്‍ സവിശേഷമാക്കുന്നതിനാല്‍ സിനിമാ താരങ്ങള്‍ അടക്കം ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാന്‍ വലിയ പണം ചെലവഴിക്കാന്‍ മടിയില്ല.
ഹൈദരാബാദിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തില്‍ പ്രിയ നമ്പരിനായി ഏറ്റവും ഉയര്‍ന്ന തുക നല്‍കിയതും ആരാധകര്‍ 'ബാലയ്യ' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ ആയിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഐതിഹാസിക നടനുമായ എന്‍ടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. ടോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളും ആന്ധ്രപ്രദേശിലെ എംഎല്‍എയും കൂടിയാണ് എന്‍ബികെ.

'0001' എന്ന നമ്പരാണ് ബാലകൃഷ്ണ 7.75 ലക്ഷം രൂപ വീശി ലേലത്തില്‍ വിളിച്ചത്. തെലങ്കാന റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശനിയാഴ്ച ഖൈരതാബാദ് ഓഫീസില്‍ നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് ബാലകൃഷ്ണ 'TG09 F0001' എന്ന ഫാന്‍സി കാര്‍ രജിസ്ട്രേഷന്‍ നമ്പര്‍ വാങ്ങിയത്. 0009, 9999, 0005, 0007, 0019, 0099 എന്നിങ്ങനെ വാഹനപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി നമ്പരുകള്‍ ലേലത്തില്‍ ഉണ്ടായിരുന്നു.
രസകരമെന്നു പറയട്ടെ, ഈ ഉയര്‍ന്ന മൂല്യമുള്ള നമ്പര്‍ പ്ലേറ്റുകളില്‍ ഭൂരിഭാഗവും വ്യക്തികളേക്കാള്‍ കമ്പനികളാണ് വാങ്ങിയത്.ശതകോടീശ്വരന്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ മാത്രമല്ല ബിസിനസ് ലോകത്ത് പോലും ഈ ഫാന്‍സി നമ്പറുകള്‍ക്കുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് ഇത് കാണിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഗതാഗത വകുപ്പ് ഫാന്‍സി വാഹന രജിസ്ട്രേഷന്‍ നമ്പറുകള്‍ ലേലം ചെയ്തതിലൂടെ 37.15 ലക്ഷം രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കമലാലയ ഹൈസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 6.70 ലക്ഷം രൂപയ്ക്ക് TG09 F0009 നമ്പര്‍ ലേലത്തില്‍ വിളിച്ചു. TG09 F9999 നമ്പറിന് വേണ്ടി എക്കോ ഡിസൈന്‍ സ്റ്റുഡിയോ ഒരു ലക്ഷം രൂപയോളം ചെലവഴിച്ചു. അതുപോലെ, ജെട്ടി ഇന്‍ഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് TG09 F0005 സ്വന്തമാക്കാന്‍ 1.49 ലക്ഷം രൂപയും, ശ്രീനിവാസ് നായിഡു കെ TG09 F0007 സ്വന്തമാക്കാന്‍ 1.37 ലക്ഷം രൂപയും നല്‍കി.
TG09 F0019 എന്ന ഫാന്‍സി നമ്പര്‍ നേത്രാവതി ബാലഗപ്പ ശിവലിംഗപ്പ 60,000 രൂപയ്ക്കും, കോണ്‍കാപ്പ് ഇലക്ട്രിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് TG09 F0099 475,999 രൂപയ്ക്കും സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാലകൃഷ്ണയിലേക്ക് മടങ്ങി വന്നാല്‍ അദ്ദേഹം തന്റെ ബിഎംഡബ്ല്യു വാഹനത്തിനാണ് ഈ നമ്പര്‍ ലേലത്തില്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഉടന്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കരിയര്‍ വശം പരിശോധിക്കുമ്പോള്‍ തുടര്‍ വിജയങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നന്ദമുരി ബാലകൃഷ്ണ കടന്ന് പോകുന്നത്. അവസാനം പുറത്തിറങ്ങിയ നാല് ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ കയറ്റിയ ബാലയ്യ തന്റെ ബോക്‌സ്ഓഫീസ് പവര്‍ ഇന്‍ഡസ്ട്രിക്ക് കാണിച്ച് കൊടുത്തിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയത് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഡാകു മഹാരാജ് ആയിരുന്നു.
ആദ്യ എട്ട് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 156 കോടി രൂപയിലധികം വാരിയതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. നന്ദമുരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമായിരുന്നു ഡാകു മഹാരാജ്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍. ബോളിവുഡ് സുന്ദരി ഉര്‍വ്വശി റൗട്ടേലയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു.
പൊതുവേ 'കത്തി' സീനുകള്‍ കാരണം മലയാളികള്‍ക്കിടയില്‍ ട്രോള്‍ ചെയ്യപ്പെടാറുള്ള ബാലയ്യക്ക് ഏറെ കൈയ്യടി നേടിക്കൊടുത്ത സിനിമയായിരുന്നു ഡാകു മഹാരാജ്. ഒടിടി റിലീസിന് പിന്നാലെയാണ് ഡാകു മഹാരാജ് മലയാളികള്‍ക്കിടയിലും ചര്‍ച്ചയായത്. ആക്ഷന്‍ സീനുകളിലുള്ള ബാലയ്യയുടെ പെര്‍ഫോമന്‍സും സ്‌ക്രീന്‍ പ്രസന്‍സും ചര്‍ച്ചയായതിനൊപ്പം എസ് തമന്റെ പശ്ചാത്തല സംഗീതവും ശ്രദ്ധിക്കപ്പെട്ടു. ചിത്രം വന്‍ വിജയമായതോടെ തമന് അണിയറപ്രവര്‍ത്തകര്‍ ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു.


Click it and Unblock the Notifications








