മോഡി സ്‌കോര്‍പിയോ ഉപയോഗിക്കില്ല
നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വാഹനം ഏതെന്നതു സംബന്ധിച്ച് വന്‍ ചര്‍ച്ചകളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ജര്‍മന്‍ നിര്‍മിത കാറായ ബിഎംഡബ്ല്യു 7 സീരീസ്, ദേശീയവാദിയായ മോഡി ഉപയോഗിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയായിരുന്നു.
ലോകനേതാക്കളുടെ കാറുകൾ
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇന്ത്യന്‍ കാര്‍ നിര്‍മാതാവായ മഹീന്ദ്ര നിര്‍മിച്ച സ്‌കോര്‍പിയോ എസ്‌യുവിയായിരുന്നു മോഡിയുടെ വാഹനം. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പാടാക്കിയ 7 സീരീസ് സെഡാനില്‍ തന്നെ യാത്ര ചെയ്യണമെന്ന് സുരക്ഷാവിഭാഗം കര്‍ശന നിലപാടെടുത്തതായാണ് അറിയുന്നത്.

മോഡിയുടെ ദേശീയവാദത്തില്‍ വിശ്വാസമര്‍പ്പിച്ച മഹീന്ദ്രയും കുറച്ചൊക്കെ പ്രതീക്ഷിക്കുകയുണ്ടായി. മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ചില ട്വീറ്റുകളും മറ്റുമായി വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പ്രധാനമന്ത്രിക്കല്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ മോഡിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എടുത്ത തീരുമാനം ബിഎംഡബ്ല്യുവില്‍ തന്നെ തുടരുവാനാണ്. ലോകത്തിലെ നിരവധി ദേശീയനേതാക്കള്‍ ബിഎംഡബ്ല്യുവിന്റെ ആമേഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിശ്വാസ്യത തെളിയിച്ച ബിഎംഡബ്ല്യു വാഹനത്തില്‍ നിന്ന് മഹീന്ദ്ര സ്‌കോര്‍പിയോയിലേക്കു മാറുവാന്‍ ചില സങ്കുചിതമായ വൈകാരികതകളല്ലാതെ മറ്റൊരു കാരണവും എസ്പിജിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്‌കോര്‍പിയോ ഉപയോഗിക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളും എസ്പിജിക്കുണ്ടായിരുന്നു. ഒന്നാമതായി വാഹനത്തിന്റെ ഉയരമാണ് പ്രശ്‌നം. ദൂരെ നിന്നു ടാര്‍ഗറ്റ് ചെയ്യുവാന്‍ ഇത് സൗകര്യം കൂട്ടുന്നു. 7 സീരീസ് സെഡാന്‍ വളരെ ഉയരം കുറഞ്ഞ വാഹനമാണ്.

മഹീന്ദ്രയുടെ പക്കല്‍ വേണ്ടത്ര സാങ്കേതികതകളില്ലാത്തതും ഒരു പ്രശ്‌നമാണ്. പ്രധാനമന്ത്രിയുടെ വാഹനം നിര്‍മിക്കുന്നതിനായി ലോകത്തെമ്പാടു നിന്നും സാങ്കേതികത കടം വാങ്ങാന്‍ നടക്കുന്നത് രഹസ്യാത്മകതയെ ബാധിച്ചേക്കാം. ബിഎംഡബ്ല്യു ഇതെല്ലാം വളരെ വൃത്തിയായി ചെയ്യുന്ന കൂട്ടരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലവിലെ വാഹനത്തിന് എന്തെല്ലാം സുരക്ഷാ സന്നാഹങ്ങള്‍ ചേര്‍ത്തിരിക്കുന്നു എന്നതു സംബന്ധിച്ച് ചില ഐതിഹ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ബോംബുകള്‍, വെടിയുണ്ടകള്‍, ഷെല്ലാക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചു നിറുത്താന്‍ ബിഎംഡബ്ല്യു 7 സീരീസിനു സാധിക്കും. വെടിയുണ്ടാകളാലോ മറ്റേതെങ്കിലും വിധേനയോ ടയര്‍ പങ്ചറായാലും സാരമില്ല. ഫ്‌ലാറ്റ് ടയറില്‍ വളരെ വൃത്തിയായി ഓടാനുള്ള ശേഷിയുണ്ട് വാഹനത്തിന്.

എത്ര വലിയ ആക്രമണത്തിലും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കില്ല എന്നുറപ്പുവരുത്തിയിട്ടുണ്ട്. വന്‍ സുരക്ഷ ആഗ്രഹിക്കുന്നയാളുകള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു 760എല്‍. ഇന്ത്യന്‍ പ്രധാനമന്ത്രിക്കു വേണ്ടി ഇതില്‍ ഇനിയുമേറെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

439 കുതിരകളുടെ കരുത്താണ് ഈ വാഹനത്തിനുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.5 സെക്കന്‍ഡ് നേരമെടുക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍മിഷനാണ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നത്. വാഹനം റിയര്‍വീല്‍ ഡ്രൈവാണ്.


Click it and Unblock the Notifications








