മാൻഡ്രേക്ക് ഇഫക്ട് വിട്ടുമാറാതെ നവകേരള ബസ്; ഒരു ദിവസം ഓടണമെങ്കിൽ ചെലവ് 40,000 രൂപ
ഷാസിയിൽ ബോഡി പണികഴിഞ്ഞു ഇറങ്ങിയതു മുതൽ ഒരു തീരാ വിവാദമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നവകേരള ബസ്. ആദ്യ യാത്രയ്ക്കു മുമ്പ് തന്നെ ഇത്രയധികം വിമർശനവും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്ന ഒരു വാഹന അടുത്തിടെ എങ്ങും ഉണ്ടായിരിക്കില്ല. ഇത്രയും വലിയ തുക മുടക്കി ഈ ബസ് ആവശ്യമോ എന്ന് പ്രതിപക്ഷം തുടക്കം മുതൽ തന്നെ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ ഇന്ധന ചെലവു ചുരുക്കലിന്റെ പേരും മറ്റും കാര്യങ്ങളും പറഞ്ഞ് സമർഥമായി തടിതപ്പി.
എന്നാൽ നവകേരള സദസിന് ശേഷം ബസ് മാസങ്ങളോളം ഒരു ഉപയോഗവും ഇല്ലാതെ മെയിന്റനൻസ് & റീ വർക്കുകളുടെ പേരിൽ ഷെഡ്ഡിൽ ആയിരുന്നു എന്നത് നമുക്ക് ഏവർക്കും അറിയാം. അവിടെ നിന്ന് നിരന്തര വിമർശനങ്ങൾക്ക് ശേഷം ഈ ബസ് റൂട്ടിൽ ഓടിക്കാനും വരുമാനം കണ്ടെത്താനും പദ്ധതിയിട്ടു. രാജ്യത്തിന്റെ ഐടി ഹബ്ബായ ബെംഗളൂരുവിലേക്ക് തന്നെ റൂട്ടും ഇട്ടു.
എന്നാൽ ബസിനെ പിന്തുടരുന്ന മാൻഡ്രേക്ക് ശാപം ഇവിടെയും വിനയായിരിക്കുകയാണ് എന്ന് പറയാം. ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'നവകേരള ബസ്' ഈ മാസം ലാഭത്തിൽ ഓടിയത് ഒറ്റ ദിവസം മാത്രമാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴാം തീയതി മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനാൽ ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയുമില്ല.
നവകേരള ബസ്സിന്റെ കോഴിക്കോട് ബെംഗളൂരു യാത്രയുടെ ടിക്കറ്റ് നിരക്ക് എന്നത് 1240 രൂപയാണ്. ഇത് ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപയോളമാകും. ആകെ ബസിലുള്ളത് 25 സീറ്റാണ്. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാല്‍ 62,000 രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ സർവ്വീസ് നടത്തുന്നതിന് ബസിന് ചെലവ് എന്നത് 40,000 രൂപയോളമാണ്.

45,000 രൂപ എങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താം എന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ, ഈ മാസം നാൽപതിനായിരത്തിന് മുകളിൽ കലക്‌ഷൻ കിട്ടിയത് രണ്ട് ദിവസം മാത്രമാണ് എന്നതാണ് സങ്കട വാർത്ത. സീറ്റ് നിറഞ്ഞ് ഓടിയ ഒറ്റ ദിവസം ഹൈടെക്ക് ലക്ഷ്വറി ബസിന്റെ റൂട്ട് ചരിത്രത്തിൽ പോലുമില്ല എന്നതും വളരെ ശോചനീയമാണ്.
ജൂലൈ ഒന്നിന് ബെംഗളൂരുവിലേക്ക് 13 പേര്‍, കോഴിക്കോട്ടേക്ക് എട്ട് പേർ. വരുമാനം 22,357 രൂപ. അവസാനം സര്‍വീസ് നടത്തിയ ചൊവ്വാഴ്ച, ബെംഗളൂരുവിലേക്ക് 10 പേർ, കോഴിക്കോട്ടേക്ക് മൂന്ന് പേര്‍. വരുമാനം 14,760 രൂപയുമായിരുന്നു. ഇതേ റൂട്ടിൽ ഓടുന്ന മറ്റ് ബസുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് വെറും 700 രൂപയുള്ളപ്പോഴാണ് നവകേരളബസില്‍ 1240 രൂപ എന്നതും നാം ശ്രദ്ധിക്കണം.
കൂടാതെ ഈ സർവ്വീസിൽ ഏതു സ്റ്റോപ്പില്‍നിന്ന് എവിടേക്ക് കയറിയാലും ഈ നിരക്ക് നൽകണം എന്നാണ് ചട്ടം. ഇതിനെല്ലാം കൂടെ അശാസ്ത്രീയ സമയക്രമമാണ് മറ്റൊരു പ്രധാന വിഷയം. പുലര്‍ച്ചെ നാലുമണിക്ക് കോഴിക്കോട് വിടുന്ന ബസില്‍ കയറാന്‍ മിക്കപ്പോഴും ആരുമുണ്ടാകില്ല. ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പുറപ്പെടുന്നത്, ഈ സമയത്തോക്കെ ആര് വരാനാണ് എന്ന് സാമാന്യ ബോധമുള്ളവർക്ക് ചിന്തിക്കാവുന്നതേയുള്ളൂ.
എന്നാൽ ഇപ്പോഴത്തെ ഈ നഷ്ടം താത്കാലികമാണ് എന്നാണ് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും ആളുകൾ കുറവാണ്. വാരാന്ത്യങ്ങളിലും സീസൺ സമയത്തും മികച്ച ലാഭത്തിൽ സർവീസ് നടത്താൻ കഴിയും എന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇത് എത്രത്തോളം മെച്ചപ്പെടും എന്ന് കണ്ടറിയാം.


Click it and Unblock the Notifications








