സർക്കാരിൻ്റെ വിവാദ താരം വീണ്ടും നിരത്തിലേക്ക്, നവകേരള ബസിൽ മാറ്റങ്ങൾ വരുത്തി
നവകേരള ബസ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടെ വരുന്ന വണ്ടിയാണ്. കോടികൾ മുടക്കി ജനസമ്പർക്ക പരിപാടിക്ക് വേണ്ടി അവതരിപ്പിച്ച വണ്ടി കുറച്ച് കാലമായി പൊടിപിടിച്ച് കിടക്കുകയായിരുന്നു. അതിന് ശേഷമാണ് ദൂരയാത്രയ്ക്ക് വേണ്ടി വാഹനം തയ്യാറാക്കിയത്. എന്നാൽ അതും അടപടലം പൊട്ടി പാളീസാകുകയായിരുന്നു. ഇപ്പോൾ വീണ്ടും കുറച്ച് മാറ്റങ്ങളുമായി വീണ്ടും നവകേരള ബസ് നിരത്തുകളിൽ എത്തുകയാണ്. കോഴിക്കോട് - ബംഗ്ലൂരു റൂട്ടിൽ ഉടൻ സർവീസ് പുനരാരംഭിക്കും. ടിക്കറ്റ് ചാർജ് കുറയ്ക്കാനും സമയക്രമത്തിൽ മാറ്റം വരുത്താനും ആലോചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നവകേരള സദസിന് ശേഷം ബസ് മാസങ്ങളോളം ഒരു ഉപയോഗവും ഇല്ലാതെ മെയിന്റനൻസ് & റീ വർക്കുകളുടെ പേരിൽ ഷെഡ്ഡിൽ ആയിരുന്നു എന്നത് നമുക്ക് ഏവർക്കും അറിയാം. അവിടെ നിന്ന് നിരന്തര വിമർശനങ്ങൾക്ക് ശേഷം ഈ ബസ് റൂട്ടിൽ ഓടിക്കാനും വരുമാനം കണ്ടെത്താനും പദ്ധതിയിട്ടു. രാജ്യത്തിന്റെ ഐടി ഹബ്ബായ ബെംഗളൂരുവിലേക്ക് തന്നെ റൂട്ടും ഇട്ടു.

നവകേരള ബസ്സിന്റെ കോഴിക്കോട് ബെംഗളൂരു യാത്രയുടെ ടിക്കറ്റ് നിരക്ക് എന്നത് 1240 രൂപയായിരുന്നു. ഇത് ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപയോളമാകും. ആകെ ബസിലുള്ളത് 25 സീറ്റാണ്. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാല്‍ 62,000 രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ സർവ്വീസ് നടത്തുന്നതിന് ബസിന് ചെലവ് എന്നത് 40,000 രൂപയോളമാണ്.
കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ വാർത്തകളിലേക്ക് നോക്കിയാൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റ് പാസായാൽ ഉടൻ ലൈസൻസ് പാസാക്കി നൽകുന്ന പരമ്പരാഗത സമ്പ്രദായത്തിന് അവസാനം കുറിക്കാൻ മോട്ടോര്‍വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഈ പുത്തൻ ആശയപ്രകാരം കുറഞ്ഞത് ആറു മാസം അല്ലെങ്കിൽ ഒരു വര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണ അടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് MVD -യും മറ്റ് ഉന്നത അധികാരികളും ആലോചിക്കുന്നത്.

ഈ പദ്ധതി പ്രകാരം ടെസ്റ്റ് പാസാവുന്ന എല്ലാവർക്കും ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഈ പ്രൊബേഷൻ കാലയളവില്‍ അപകടരഹിത ഡ്രൈവിംഗ് ഉറപ്പാക്കിയാൽ മാത്രമേ ഒറിജിനൽ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കൂ. നിലവിൽ ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുക എന്ന ലക്ഷ്യത്തോടെയാണു ഈ പുത്തൻ പരിഷ്‌കാരം.
അമിത വേഗത്തിലായിരുന്നില്ല എങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിൽ ഒന്നായി കണ്ടെത്തിയിരുന്നു. വീട്ടിൽ അച്ഛന്റെയോ മാമന്റെയോ 100 സിസി ബൈക്കിൽ പയ്യെ പയ്യെ ക്ലച്ച് വിട്ട് ആദ്യപാഠം പടിച്ച്, അതിനു ശേഷം മുറ്റത്തും പറമ്പിലും ബാക്കി പഠിത്തം പൂർത്തിയാക്കി, നാട്ടുവഴികളിൽ അത്യാവശ്യം പരിചയവുമായി ലൈസൻസ് എടുത്ത ശേഷം 200 സിസിയ്ക്കു മുകളിലുള്ള കൈ കൊടുത്താൽ നീങ്ങുന്നതിനു പകരം പായുന്ന വാഹനങ്ങളിലേക്കാണ് ഇന്ന് നമുടെ യുവ തലമുറ ഡയറക്ടായി എത്തുന്നത്.
പ്രായത്തിന്റെ ഒരു ത്രില്ലും തിളപ്പും അതിനൊപ്പം പറപറക്കുന്ന മോഡേൺ ബൈക്കുകളും കാറുകളും അപകടങ്ങൾ വിളിച്ചു വരുത്തുന്ന ഒരു അസാധ്യ കോമ്പിനേഷൻ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പിന്നെ ഇന്ന് ഇൻസ്റ്റയിലും യുട്യൂബിലും വൈറലാവാൻ നടത്തുന്ന ഡ്രൈവിംഗ് അഭ്യാസങ്ങളും ചില്ലറ പൊല്ലാപ്പല്ല നമുക്ക് വരുത്തുന്നത്. നാട്ടിൽ പലയിടത്തും നടുറോഡിൽ റീൽസ് ഷൂട്ടിംഗ് ഒരു ശല്യമായി മാറിയിരിക്കുകയാണ് എന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








