പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന്‍ നടിയായി നയന്‍താര; വില കേട്ടാല്‍ മൂക്കത്ത് വിരല്‍വെയ്ക്കും!
മലയാളികളായ നിരവധി നടിമാര്‍ ഇന്ത്യന്‍ സിനിമ ലോകം കീഴടക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ കടന്ന് വന്ന് തെന്നിന്ത്യ കീഴടക്കി ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പ്രയാണം. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ 'ജവാനില്‍' നായിക വേഷമണിഞ്ഞ് ബോളിവുഡ് എന്‍ട്രിയും അവിസ്മരണീയമാക്കിയിരിക്കുകയാണ് നയന്‍താര.
ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 1000 കോടി രൂപ ആഗോള ബോക്‌സ്ഓഫീസ് കളക്ഷനുമായി കുതിക്കുമ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് നയന്‍താര. ജവാന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്കായി 10 കോടി രൂപയാണ് നയന്‍താരക്ക് പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.

സിനിമകളിലൂടെ മാത്രമല്ല പരസ്യചിത്രങ്ങളിലൂടെയും നയന്‍താര കോടികള്‍ സമ്പാദിക്കുന്നുണ്ട്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ക്ക് നയന്‍താര 5 കോടി രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 4 ആഡംബര വസതികളും നയന്‍താരക്കുണ്ട്. ഇവ മാത്രമല്ല പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള വിരലിലെണ്ണാവുന്ന അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ് നയന്‍സ്. തെന്നിന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള ഏക നടിയും നയന്‍താരയാണ്.
ഇപ്പോള്‍ നയന്‍താര പുതുതായി വാങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പ്രൈവറ്റ് ജെറ്റിലിരിക്കുന്ന ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. നയന്‍താര വാങ്ങിയ പ്രൈവറ്റ് ജെറ്റ് വിമാനത്തിന് 50 കോടി രൂപയാണ് വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഘ്‌നേഷ് ശിവനും നയന്‍താരയും ഒരു വെള്ള-നീല ജെറ്റില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ജെറ്റിന്റെ ഇന്റീരിയര്‍ തികച്ചും ആഡംബര പൂര്‍ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്താവളത്തിന്റെ അകത്തളത്തില്‍ കാണാന്‍ സാധിക്കുന്നത്. നയന്‍താരയെയും വിഘ്‌നേശിനെയും കൂടാതെ മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. ശുചിമുറിയും വാഷ് ബേസിനുകളും അകത്ത് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ക്ഷീണമുണ്ടെങ്കില്‍ വിശ്രമിക്കാന്‍ കിടപ്പുമുറി പോലും ഇതിനകത്തുണ്ടെന്ന് പറയപ്പെടുന്നു.
ബോളിവുഡ് നടിമാരായ ശില്‍പ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് എന്നിവരാണ് നയന്‍താരയെ കൂടാതെ സ്വകാര്യ വിമാനങ്ങളുള്ള മറ്റ് താരങ്ങള്‍. വ്യത്യസ്ത വില നിലവാരത്തിലുള്ള സ്വകാര്യ ജെറ്റുകളാണ് ഈ നടിമാരുടെ പക്കലുള്ളത്. സ്വകാര്യ വിമാനം മാത്രമല്ല കോടികള്‍ വിലമതിക്കുന്ന നിരവധി കാറുകളും നയന്‍താരയുടെ ഗരാജിലുണ്ട്.

1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് GLS 350 T, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുള്‍പ്പെടെയുള്ള ആഡംബര മോഡലുകളാണ് നയന്‍താരയുടെ കാര്‍ ശേഖരത്തിലുള്ളത്. 100 കോടി രൂപ വിലയുള്ള ആഡംബര വസതിയിലാണ് നയന്‍താരയും വിഘ്‌നേഷും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം താമസിക്കുന്നത്. ഇരട്ടക്കുട്ടികളുടെ ജന്മദിനാഘോഷവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇന്ത്യയിലും സ്വകാര്യ ജെറ്റ് വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വലിയ സമയനഷ്ടമില്ലാതെ തങ്ങളുടെ വ്യക്തിഗത, സ്വകാര്യ യാത്രകള്‍ സൗകര്യപ്രദമായി പൂര്‍ത്തിയാക്കാമെന്നതിനാലാണ് സെലിബ്രിറ്റികളും ശതകോടീശ്വരന്‍മാരും സ്വകാര്യ വിമാനങ്ങള്‍ വാങ്ങിയിടുന്നത്. നയന്‍താരയുടെ സിനിമകളിലേക്ക് വന്നാല്‍ ജയം രവിയോടൊപ്പം അഭിനയിച്ച 'ഇരൈവന്‍' ആണ് ജവാന് ശേഷം റിലീസ് ചെയ്ത അവസാന ചിത്രം. പാട്ട്, ലേഡി സൂപ്പര്‍ സ്റ്റാര്‍ 75, ദി ടെസ്റ്റ്, ഡിയര്‍ സ്റ്റുഡന്റ്‌സ്, തനി ഒരുവന്‍ 2 എന്നിവയാണ് നയന്‍സിന്റെ വരാന്‍ പോകുന്ന ചിത്രം.


Click it and Unblock the Notifications








