സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നെന്ന്; അക്ഷയ് കുമാറിന്റെ 'എയര്‍ബാഗ്' പരസ്യത്തിന് വിമര്‍ശനം
റോഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണം ഇതിന് ഒരു കാരണമായി. അടുത്തിടെ ആറ് എയര്‍ബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന ഒരു പരസ്യം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു.

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ അഭിനയിച്ചിരിക്കുന്ന പരസ്യം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സൈഡ്്, കര്‍ട്ടന്‍ എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രസ്തുത പരസ്യം. എന്നാല്‍, സ്ത്രീധന സമ്പ്രദായത്തെയാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരസ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് നവവധുവായ മകള്‍ക്ക് വിടചൊല്ലുകയാണ് ഒരു പിതാവ്. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറിലാണ് മകളെ യാത്രയാക്കുന്നത്. മകളോട് വിടപറയുമ്പോള്‍ അച്ഛന്‍ വിതുമ്പി കരയുന്നത് കാണാം.

ആറ് എയര്‍ബാഗുകളല്ല മറിച്ച് രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ മകളെ അയച്ചതിന് പിതാവിന്റെ അടുത്ത് വന്ന് പരിഹസിക്കുന്ന പൊലീസുകാരനായാണ് അക്ഷയ് കുമാര്‍ രംഗപ്രവേശനം ചെയ്യുന്നത്. ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനത്തില്‍ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

രണ്ട് എയര്‍ബാഗുകള്‍ക്ക് പകരം ആറ് എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരസ്യത്തിന്റെ സന്ദേശം. എന്നാല്‍ സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന വീഡിയോയായാണ് ഇതെന്നാണ് പല നെറ്റിസണ്‍സും പറയുന്നത്.

സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശം നല്‍കുന്ന ഒരു പ്രശ്നകരമായ വീഡിയോആണിതെന്ന് പരസ്യത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ എഴുതി. റോഡ് സുരക്ഷയ്ക്കോ കാറിന്റെ സുരക്ഷാ സവിശേഷതകള്‍ക്കോ പകരം സ്ത്രീധനം എന്ന ദുഷിച്ച ക്രിമിനല്‍ നടപടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൃഷ്ടിക്കള്‍ക്കായി പണം മുടക്കുന്ന സര്‍ക്കാറിനെയും പ്രിയങ്ക ചതുര്‍വേദി ട്വീറ്റിറിലൂടെ വിമര്‍ശിച്ചു.

തൃണമൂല്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് സാകേത് ഗോഖലെയും വിഷയത്തില്‍ പ്രതികരിച്ചു. സ്ത്രീധനം പോലെയുള്ള തെറ്റായ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തി വെറുപ്പുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ഗഡ്കരി
അതേസമയം ദേശീയ റോഡ് സുരക്ഷാ ക്യാമ്പയിനിനോട് സഹകരിച്ച് ആറ് എയര്‍ബാഗുകളുള്ള വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനായി അക്ഷയ് കുമാര്‍ നടത്തിയ ശ്രമങ്ങളെ നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു.

ബോധവല്‍ക്കരണത്തിന്റെയും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തിന്റെയും സഹായത്തോടെ റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗഡ്കരി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗത്തിനായി കേന്ദ്ര മന്ത്രി അടുത്തിടെയായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധിത ഫീച്ചറാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

2022 ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന കാര്യം സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആറ് എയര്‍ബാഗുകള്‍ ചേര്‍ത്താല്‍ ബഡ്ജറ്റ് കാറുകള്‍ക്ക് വില കൂടുമെന്ന് പറഞ്ഞ് കാര്‍ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നു.

കാറിന്റെ വില താങ്ങാതെ വരുന്നതോടെ ഉപയോക്താക്കള്‍ കാറുകള്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി പകരം കാറുകളേക്കാള്‍ സുരക്ഷിതമല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ വാദിക്കുന്നത്. അതിനാല്‍, 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നിര്‍ബന്ധമാക്കുന്ന ഈ നിയമം കാര്‍ നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍ വിപരീത ഫലമുണ്ടാക്കും.

അധികമായി നല്‍കുന്ന ഒരു എയര്‍ബാഗിന് 900 രൂപയാണ് വിലവരികയെന്നും നാലെണ്ണം ചേര്‍ക്കുമ്പോള്‍ 4000 രൂപയേ വരികയുള്ളൂ എന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. ഈ ചെറിയ മാറ്റം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളുമെന്ന് ഗഡ്കരി പറഞ്ഞു. അതെന്തായാലും ഈ ആശയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആസൂത്രണം ചെയ്യുന്നുണ്ട്.

മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്ബെല്‍റ്റ് ധരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഗതാഗത നിയമപ്രകാരം പിറക് സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും പലരും ഇത് ഗൗനിക്കാറില്ല. ഇനി മുതല്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ വില്‍ക്കുന്നത് പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും നിര്‍ത്തി. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ബൂഡ്‌മോ തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ എടുത്തുകളഞ്ഞു. ക്ലിപ്പുകളുള്ള ഡമ്മി സീറ്റ് ബെല്‍റ്റ് ബക്കിളുകളാണ് ഇത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ ഏകദേശം 1,50,000 ജീവനാണ് പൊലീഞ്ഞത്. ലോകത്തിലെ മൊത്തം റോഡപകട മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റോഡുകളില്‍ ഓരോ നാല് മിനിറ്റിലും ഒരു മരണം സംഭവിക്കുന്നുണ്ടെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Click it and Unblock the Notifications