സ്വിഫ്റ്റ് പപ്പടമല്ല, പവറാണ്... 'പവറേഷ്'! ഇഷ്ടിക ലോറി വീണിട്ടും നില്‍ക്കുന്ന നില്‍പ്പ് കണ്ടോ?
അപകടത്തില്‍ പെട്ടാല്‍ 'പപ്പടം' പോലെ പൊടിയുന്ന കാര്‍ നിര്‍മിക്കുന്ന കമ്പനിയെന്ന് ദുഷ്‌പേര് കാലങ്ങളായി പേറിയവരായിരുന്നു മാരുതി സുസുക്കി. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ പല എന്‍ട്രി ലെവല്‍ കാറുകളുടെയും ക്രാഷ് ടെസ്റ്റ് ഫലങ്ങളും അങ്ങനെ ഉള്ളതായിരുന്നു. കുറഞ്ഞ വിലയില്‍ കാര്‍ നല്‍കാനുള്ള തിരക്കിനിടയില്‍ ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ കമ്പനി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസയര്‍ സബ് കോംപാക്ട് സെഡാന്റെ പുതിയ തലമുറ പതിപ്പിലൂടെ മാരുതി ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടി നല്‍കിയിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഡിസയര്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ആണ് നേടിയത്.
മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഡിസയര്‍ 34-ല്‍ 31.24 പോയിന്റ് നേടി. മറുവശത്ത് കുട്ടികളുടെ സംരക്ഷണയില്‍ 42-ല്‍ 39.20 പോയിന്റുകള്‍ ലഭിച്ചു. ഡിസയറിന്റെ ഹാച്ച്ബാക്ക് സഹോദരനായ സിഫ്റ്റിന്റെ നാലാ തലമുറ പതിപ്പ് പക്ഷേ ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. എന്നാല്‍ ഏറ്റവും പുതിയ സ്വിഫ്റ്റ് അതിന്റെ കരുത്ത് തെളിയിക്കുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് നമുക്ക് ചുവടെ വിശദമായി നോക്കാം.

പുതിയ മാരുതി സ്വിഫ്റ്റിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന വീഡിയോ ഡ്രിഫ്റ്റ് XP എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇഷ്ടിക കയറ്റി വന്ന ഒരു ലോറി സ്വിഫ്റ്റ് കാറിന്റെ മുകളിലേക്ക് മറിഞ്ഞിട്ടും കേടുകൂടാതെ ഇരിക്കുന്നതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ സ്വിഫ്റ്റിന്റെ ഫ്രണ്ട് ഭാഗമാണ് കാണിക്കുന്നത്. ഒരു മതിലിന്റെ അടുത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിന് മുകളിലേക്ക് ഇടത് വശത്ത് നിന്ന് ലോറി മറിയുകയായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ട്രക്ക് ബെഡില്‍ നിന്നുള്ള ഇഷ്ടികകള്‍ വാഹനത്തിന്റെ റൂഫിലും ബോണറ്റിലും വന്ന് പതിച്ചതായി വീഡിയോയില്‍ കാണാം. ട്രക്ക് പൂര്‍ണമായും കാറിന് മുകളിലേക്ക് മറിഞ്ഞിട്ടും കട്ടകള്‍ പലതും കാറിന് മുകളിലേക്ക് വീണിട്ടും അത് തരക്കേടില്ലാത്ത രീതിയിലാണ് കാണപ്പെടുന്നത് എന്നതാണ് രസകരം. സ്വിഫ്റ്റിന്റെ മുന്നിലും പിന്നിലെയും വിന്‍ഡ്ഷീല്‍ഡുകള്‍ തകര്‍ന്നു. ഒപ്പം റൂഫും നശിച്ചിട്ടുണ്ട്. എന്നിരുന്നാലും, കാറിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

എവിടെ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ എന്നോ അപകടസമയത്ത് ഈ കാറില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യങ്ങള്‍ ഒന്നും വീഡിയോയില്‍ പരാമര്‍ശിച്ചിട്ടില്ല. ഏതായാലും മാരുതി ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ഡിസയറിന് സ്ഥിരതയുള്ള ബോഡി ഷെല്ലും ഫുട്വെല്‍ ഏരിയയും ഉണ്ടെന്നാണ് ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ പ്ലാറ്റ്‌ഫോമില്‍ പണിത വാഹനമായതിനാല്‍ പുതിയ സ്വിഫ്റ്റിന് അതേ സേഫ്റ്റി റേറ്റിംഗ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒരു വാഹനം സുരക്ഷിതമാണോ അല്ലയോ എന്ന് ഉറപ്പാക്കുന്ന യഥാര്‍ത്ഥ പാരാമീറ്റര്‍ കാറിനുള്ളില്‍ നിലനില്‍ക്കുന്ന ക്രാഷ് ഘടനകളുടെ ഉപയോഗമാണ്. ഒരു അപകട സമയത്ത് അതിന്റെ ആഘാതം ആഗിരണം ചെയ്യുന്ന ക്രംപിള്‍ സോണുകളാണ് സുരക്ഷിതമായ കാറുകളുടെ പ്രത്യേകത. അപകട സമയത്ത് വാഹനത്തിനുള്ളിലെ യാത്രക്കാരെുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ ക്രമ്പിള്‍ സോണുകള്‍ ചെയ്യുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ഡിസയര്‍ അപകടത്തില്‍ പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാരകമായ അപകടത്തില്‍ കാറിന്റെ മുന്‍വശവും പിന്‍വശവും തകര്‍ന്നെങ്കിലും എയര്‍ബാഗ് വിന്യസിക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. പുതിയ മാരുതി സുസുക്കി സ്വിഫ്റ്റില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ഹോള്‍ഡ് അസിസ്റ്റ്, റി്യര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയാണ് പുതിയ സ്വിഫ്റ്റിലെ സേഫ്റ്റി ഫീച്ചറുകള്‍.
ഇന്ത്യ സ്‌പെക്ക് സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലെങ്കിലും ജാപ്പനീസ് സ്‌പെക്ക് 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. നിലവില്‍ 6.49 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 9.60 ലക്ഷം രൂപയാണ്. ഫെബ്രുവരി 1 മുതല്‍ സ്വിഫ്റ്റിന് മാരുതി വില കൂട്ടാന്‍ പോകുകയാണ്.


Click it and Unblock the Notifications








