കേരള സർക്കാർ ബോർഡ് വച്ച് ഇനി ഉഡായിപ്പ് നടക്കില്ല; പുതിയ രജിസ്ട്രേഷൻ സീരിസുമായി എംവിഡി
സർക്കാർ വാഹനങ്ങൾക്ക് ഇനി മുതൽ പുത്തൻ നമ്പർ സീരിസിലേക്ക് മാറാൻ തീരുമാനമായിരിക്കുകയാണ്. മന്ത്രിമാരുടെ വാഹനങ്ങളും സർക്കാരിൻ്റെ ഉടമസ്ഥതയിലുളള എല്ലാ വാഹനങ്ങളും പഴയതടക്കം ഇനി പുതിയ രജിസ്ട്രേഷൻ സീരിസിലേക്ക് മാറാനാണ് തീരുമാനമെടുത്തിരിക്കുന്നത്. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുവാനും പഴയതിൽ നിന്ന് മാറ്റാനും വാഹനം നേരിട്ട് ഹാജരാക്കാതെ ഓൺലൈനിലൂടെ അപേക്ഷിച്ചാൽ മതിയാകും.
കെ.എല്‍. 90 സീരിസിൽ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി നിലവിൽ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് എ സീരിസിലായിരിക്കും. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി സീരിസ് തദ്ദേശസ്ഥാപനങ്ങള്‍ക്കുമായിട്ട് നല്‍കാനാണ് ഉത്തരവായിരിക്കുന്നത്.

ബാക്കിയുളള മറ്റു പൊതുമേഖലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഡി സീരിസിലായിരിക്കും രജിസ്ട്രേഷന്‍ നൽകുക. ഇപ്പോൾ എന്തിനാണ് പെട്ടെന്ന് ഒരു മാറ്റം എന്ന് ചിന്തിച്ചേക്കാം, എന്നാൽ സ്വകാര്യ വാഹനങ്ങളും കരാര്‍ വാഹനങ്ങളും കേരള സര്‍ക്കാര്‍ ബോര്‍ഡ് ഘടിപ്പിച്ച് കേരളത്തിൽ വ്യാപകമായ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ട് ലഭിച്ചത് കൊണ്ടാണ് ഇത്തരം ഒരു മാറ്റം കൊണ്ടുവരുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നോക്കിയാൽ അത് സർക്കാർ വാഹനമാണോ എന്ന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
അതോടൊപ്പം തന്നെ സർക്കാർ വാഹനങ്ങൾക്ക് റോഡ് ടാക്സിൽ ഇളവ് ലഭിക്കുന്നുണ്ട്. പഴ വാഹനങ്ങൾ എത്രയും പെട്ടെന്ന് രേഖകൾ സഹിതം പരിവാഹന സൈറ്റിൽ അപേക്ഷ നൽകേണ്ടതാണ്, അതോടൊപ്പം തന്നെ ഇളക്കി മാറ്റാൻ കഴിയാത്ത അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇപ്പോള്‍ കെ.എല്‍. 1 മുതല്‍ 86 വരെയുള്ള രജിസ്ട്രേഷന്‍ സീരീസുകളാണ് കേരളത്തിൽ നിലവിലുളളത്.
അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിന് താഴെയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്ദ്യോഗസ്ഥർക്ക് 'ഗവൺമെന്റ് ഓഫ് കേരള' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാമെന്നും എംവിഡി നൽകിയ നിർദേശത്തിൽ പറഞ്ഞിരുന്നു. നിലവിൽ, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും അതിനു താഴെയുള്ളവരും തങ്ങളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' എന്ന ബോർഡാണ് ഉപയോഗിക്കുന്നത്.
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഗുരുതരമായ സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആയതിനാൽ സർക്കാർ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'കേരള സ്റ്റേറ്റ്' ബോർഡുകളുടെ ഉപയോഗം നിയന്ത്രിച്ചും രജിസ്ട്രേഷൻ നമ്പറുകൾക്കായി ഒരു യൂണിഫോം KL-90 സിരീസിലേക്ക് പോകുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചത്.
നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. എന്തായാലും പുതിയ നിയമം നടപ്പിലാവുന്നതോടെ വാഹന പരിശോധനകളിലും മറ്റും ഉദ്യോഗസ്ഥർക്ക് ഉണ്ടാവുന്ന ആശയക്കുഴപ്പവും ഒരു പരിധി വരെ ഇല്ലാതാവുമെന്നാണ് കരുതുന്നത്.
ഇതിനോട് അനുബന്ധമായി പുതിയ വിവരങ്ങൾ ലഭിക്കുന്നത്, സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരിക്കുകയാണ്. അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചവർക്ക് തങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ചെയ്യുന്ന പോലെയുളള കടുത്തശിക്ഷകളായിരിക്കും കോടതിയിൽ നിന്ന് ലഭിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള സംവിധാനമായി വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മറ്റുപല സംസ്ഥാനങ്ങളിലും പിഴയൊടുക്കാന്‍ ആറുമാസത്തോളം സാവകാശം നല്‍കാറുണ്ടായിരുന്നു.
ഓൺലൈൻ കോടതിക്ക് കൈമാറിയാലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു, എന്നാൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അതിന് കഴിയില്ല. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം. അത് കൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ വെബ്സൈറ്റിൽ കയറി പിഴയുണ്ടോ എന്ന് പരിശോധിക്കുക.


Click it and Unblock the Notifications








