തട്ടിപ്പ് കുറയും; സെക്കന്‍ ഹാന്‍ഡ് കാര്‍ വിപണി അടിമുടി മാറ്റാന്‍ പുതിയ നിയമം വരുന്നു
ഇന്നത്തെ കാലത്ത് ഇന്ധന വിലവര്‍ധനവിന്റെയും മറ്റും സാഹചര്യത്തില്‍ ജീവിതച്ചെലവ് വളരെ കൂടുതലാണ്. എന്നാല്‍ ഏതൊരു കുടുംബത്തിനും ഒത്തൊരുമിച്ച് യാത്ര ചെയ്യാന്‍ കാര്‍ എന്നത് ഒരു സ്വപ്‌നമാണ്. പുതിയ കാര്‍ വാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവര്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ സമീപിക്കുകയാണ് പതിവ്.

ഇന്ന് ആഭ്യന്തര വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കൊപ്പം തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പനയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യൂസ്ഡ് വാഹന വിപണിയില്‍ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമം കൊണ്ടു വരികയാണ് കേന്ദ്ര ഗതാഗത വകുപ്പ്.

നിലവിലെ വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കൊപ്പം തന്നെ സാഹചര്യം അനുവദിച്ചാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നവരുമുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന വ്യവസായം അതിവേഗം വളരുന്ന സാഹചര്യത്തില്‍ അതിനെ നിയന്ത്രിക്കാനാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചത്.

പുതിയ നിയമമനുസരിച്ച്, ഇനി മുതല്‍ ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന ഡീലര്‍മാരും ഇടനിലക്കാരും വില്‍പ്പന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗതാഗത വകുപ്പിന് സമര്‍പ്പിക്കണം. വ്യവസായം സുഗമമാക്കാനും സുതാര്യത കൈവരുത്താനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡീലര്‍മാര്‍, വാഹനം വില്‍ക്കുന്നയാള്‍, വാഹനം വാങ്ങുന്ന ഉപഭോക്താവ് എന്നിവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഓരോ വാഹനത്തെക്കുറിച്ചും മുഴുവന്‍ വിവരങ്ങളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.

യൂസ്ഡ് വാഹന വിപണിയെ സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. മോഷ്ടിച്ച വാഹനങ്ങളുടെ പുനര്‍വില്‍പ്പന തടയാന്‍ ഇത് സഹായിക്കും.

പുതിയ നിയമം അനുസരിച്ച് ഒരു വ്യക്തി തന്റെ കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍ക്ക് വില്‍ക്കുമ്പോള്‍ ഇരുവരും ഈ വിവരം അവരുടെ പ്രാദേശിക ആര്‍ടിഒയ്ക്ക് നല്‍കണം. ഇത് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ചെയ്യാം. തുടര്‍ന്ന് വാഹനം വാങ്ങുന്ന ഉപഭോക്താവിനെ കുറിച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ അറിയിക്കണം.

ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഡീലര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ള അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കും. ഡീലര്‍മാര്‍ അവരുടെ പക്കലുള്ള ഓരോ വാഹനത്തിനും ഒരു ട്രിപ്പ് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ അത്തരം വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവുകള്‍, അറ്റകുറ്റപ്പണികള്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാന്‍ എന്നിവയ്ക്കായി മാത്രമേ നിരത്തിലിറക്കാന്‍ കഴിയൂ.

അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ആ കാര്‍ ഡീലറായിരിക്കും പിന്നീട് എന്ത് അപകടമുണ്ടായാലും അതിന് ഉത്തരവാദിയെന്ന് നിര്‍ദിഷ്ട നിയമങ്ങളില്‍ പരാമര്‍ശിക്കുന്നു. ഡീലര്‍ നിയമത്തില്‍ സൂചിപ്പിച്ച ഏതെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആര്‍ടിഒ കണ്ടെത്തിയാല്‍ അവരുടെ അംഗീകാര സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ പൂര്‍ണ്ണമായും റദ്ദാക്കുകയോ ചെയ്യാമെന്ന വ്യവസ്ഥയും കരട് വിജ്ഞാപനത്തിലുണ്ട്.

ഒരു ഡീലര്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം, അവര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ആര്‍സി), ഡ്യൂപ്ലിക്കേറ്റ് ആര്‍സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ പുതുക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയും.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന, വാങ്ങല്‍ പ്രക്രിയയെക്കുറിച്ച് ഡീലര്‍ക്ക് ആര്‍ടിഒ ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാം അല്ലെങ്കില്‍ ഒരു പ്രത്യേക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കാം. ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ ഉടമയുടെ വിശദാംശങ്ങള്‍ ലഭിക്കേണ്ടതും ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്.

യഥാര്‍ത്ഥ ഉടമ വാഹനം വിറ്റ ശേഷം ഡീലര്‍മാര്‍ തെറ്റായ ആവശ്യങ്ങള്‍ക്ക് കാര്‍ ഉപയോഗിച്ചതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൃത്യസമയത്ത് വാഹനത്തിന്റെ ആര്‍.സി മാറ്റാത്തതിനാല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ മുന്‍ ഉടമയുടെ പേരില്‍ വരുന്ന സംഭവം സാധാരണമാണ്. പഴയ ഉടമകള്‍ നടത്തിയ ലംഘനങ്ങള്‍ക്ക് പുതിയ ഉടമകള്‍ ചിലപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന കേസുകളുമുണ്ട്.

അതിനാല്‍, പുതിയ നിയമങ്ങള്‍ പഴയ വാഹന ഉടമകള്‍ക്കും യുസ്ഡ് കാറുകളുടെ പുതിയ ഉടമകള്‍ക്കും ഏറെ ഗുണകരമാകും. വാഹന വില്‍പന സമയത്തെ ഇടപാടുകള്‍ സുതാര്യമാക്കാനും തട്ടിപ്പ് തടയുന്നതിനുമുള്ള യൂസ്ഡ് കാര്‍ ഡീലര്‍മാരുടെ ഉത്തരവാദിത്തം പുതിയ നിയമം വരുന്നതോടെ വര്‍ദ്ധിക്കും.

ഇന്ത്യന്‍ ബ്ലൂബുക്കും DasweltAuto യും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2026-27 ഓടെ ഇന്ത്യയിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി 19.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 ശതമാനമാകും വര്‍ധന. ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ക്കൊപ്പം യൂസ്ഡ് കാറുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പറ്റിക്കപ്പെടാനുള്ള സാഹചര്യം കുറയുക കൂടി ചെയ്യുന്നതോടെ കൂടുതല്‍ ആളുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ തേടി വന്നേക്കാം.


Click it and Unblock the Notifications








