ഫാസ്ടാഗ് എടുക്കാത്തവര്‍ക്ക് 15 ദിവസം ഇളവുമായി കേന്ദ്രസര്‍ക്കാര്‍
ഫാസ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസങ്ങളില്‍ ഫാസ്ടാഗ് എടുക്കുന്നവരെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഫാസ്ടാഗ് സംവിധാനത്തില്‍ ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഫാസ്ടാഗ് വാങ്ങുന്നതിന് 100 രൂപയാണ് ഫീസായി ഈടാക്കുന്നത്.

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി മാറ്റുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ രാജ്യത്തെ 527 -ലധികം ദേശീയ പാതകളില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍പ്ലാസകള്‍ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.

വാഹനത്തിന്റെ അംഗീകൃത ആര്‍സി ബുക്കുമായി വില്‍പ്പന കേന്ദ്രങ്ങളെ സമീപിച്ചാല്‍ ഈ ദിവസങ്ങളില്‍ സൗജന്യമായി ഫാസ്ടാഗ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടോള്‍ പ്ലാസകള്‍, പെട്രോള്‍ പമ്പുകള്‍, തുടങ്ങിയ ഇടങ്ങളില്‍ ഫാസ്ടാഗ് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം സെക്യൂരിറ്റി ഡെപ്പോസിറ്റിലും മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ട തുകയുടെ പരിധിയിലും മാറ്റം വരുത്തിയിട്ടില്ല.

പ്രതിദിനം ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചുളള ടോള്‍ പിരിവ് 87 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കി തുടങ്ങിയിരുന്നു.

സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ്ടാഗ് സംവിധാനം പ്രാബല്യത്തില്‍ വന്നത്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു.


Click it and Unblock the Notifications








