മഹീന്ദ്ര ഥാര്‍ സമ്മാനം കിട്ടി; ബെന്‍സ് വേണ്ടെന്ന് വെച്ച് ബോക്‌സര്‍ നിഖാത് സരിന്‍
കഴിഞ്ഞ ദിവസം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി നിഖാത് സരിന്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്നു. 50 കിലോഗ്രാം വിഭാഗത്തില്‍ വിയറ്റ്‌നാം താരവും രണ്ടു തവണ ഏഷ്യന്‍ ജേതാവുമായ യുയെന്‍ തിതാമിനെ തോല്‍പിച്ചാണ് നിഖാത് സരിന്‍ തന്റെ രണ്ടാം ലോക കിരീടം ചൂടിയത്. 5-0 എന്ന സ്‌കോറിനായിരുന്നു നിഖാത്തിന്റെ വിജയം.
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലൂടെ ലഭിക്കുന്ന ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക ഉപയോഗിച്ച് ഒരു മെര്‍സിഡീസ് ബെന്‍സ് കാര്‍ വാങ്ങാനായിരുന്നു നിഖാത് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലോക വേദിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരത്തിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരു ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കി. ഇതോടെ ബെന്‍സ് കാര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച താരം ആ പണം ഉപയോഗിച്ച് തന്റെ മാതാപിതാക്കളെ പരിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാനായി അയക്കാന്‍ തീരുമാനിച്ചു.

'ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ തവണ മെര്‍സിഡീസ് വാങ്ങുമെന്ന് പറഞ്ഞെങ്കിലും ഒരു ഥാര്‍ സമ്മാനമായി കിട്ടിയതിനാല്‍ ഇപ്പോള്‍ മെര്‍സിഡസ് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നില്ല. റംസാന്‍ മാസമായതിനാല്‍ എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയയ്ക്കണം. ഞാന്‍ ഇതിനെക്കുറിച്ച് വീട്ടില്‍ സംസാരിക്കും'-മത്സര വിജയ ശേഷം നിഖാത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിഖാത് സരിന്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇടിച്ചിട്ടതിന് പിന്നാലെയാണ് മഹീന്ദ്ര തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഥാര്‍ എസ്‌യുവി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്.
''മഹീന്ദ്ര എമര്‍ജിംഗ് ബോക്‌സിംഗ് ഐക്കണിന് അഭിനന്ദനങ്ങള്‍. അവളുടെ മഹത്തായ നേട്ടത്തോടുള്ള ഞങ്ങളുടെ അഭിനന്ദനത്തിന്റെ അടയാളമാണ് ഒരു പുത്തന്‍ ഥാര്‍'-മഹീന്ദ്ര കുറിച്ചു. ഇതിന് മുമ്പും കായിക രംഗത്ത് മികവ് തെളിയിക്കുന്ന താരങ്ങളെ മഹീന്ദ്ര അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തിനായി അംഗീകാരങ്ങള്‍ നേടിയ ഇന്ത്യന്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുതുപുത്തന്‍ മോഡലുകളാണ് മഹീന്ദ്ര സമ്മാനിക്കാറുള്ളത്.

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ എറിഞ്ഞിട്ട് റെക്കോഡിട്ട നീരജ് ചോപ്രയാണ് ഇത്തരത്തില്‍ മഹീന്ദ്രയുടെ അനുമോദനം ഏറ്റുവാങ്ങിയ പ്രമുഖ അത്‌ലറ്റ്. ഇന്ത്യയുടെ അഭിമാനമായ കായിക താരങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളും മഹീന്ദ്ര പുറത്തിറക്കാറുണ്ട്. നീരജ് ചോപ്രയുടെ ഒളിമ്പിക്‌സിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ മഹീന്ദ്ര ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700-യുടെ ജാവലിന്‍ എഡിഷന്‍ പുറത്തിറക്കിയിരുന്നു.
നീരജ് ചോപ്രയെ കൂടാതെ മറ്റ് ചില താരങ്ങള്‍ക്ക് കൂടി മഹീന്ദ്ര XUV700-യുടെ ജാവലിന്‍ എഡിഷന്‍ സമ്മാനിച്ചിരുന്നു. 2020-ല്‍ പാരാലിമ്പിക്സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോ F64 വിഭാഗത്തില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിന് മഹീന്ദ്ര XUV700 ജാവലിന്‍ എഡിഷന്‍ ലഭിച്ചിരുന്നു. ഒപ്പം പാരാലിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ സ്വര്‍ണ മെഡല്‍ നേടിയ അവനി ലേഖരയ്ക്കും മഹീന്ദ്ര എസ്‌യുവി സമ്മാനിച്ചു.
2020-ലാണ് ഇന്ത്യയിലെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഓഫ് റോഡ് പ്രേമികള്‍ വാഹനം ഏറ്റെടുത്തതോടെ സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് ഥാര്‍. മാരുതി സുസുക്കി ജിംനി 5 ഡോര്‍ ഉടന്‍ എത്തുമെങ്കിലും അത് ഥാറിന്റെ ജനപ്രീതി കുറക്കാന്‍ സാധ്യതയില്ലെന്ന് വേണം കരുതാന്‍.
ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ ഥാര്‍. വളരെ ആധുനികമായ ഇന്റീരിയറില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള സംവിധാനങ്ങളും മഹീന്ദ്ര സജ്ജീകരിച്ചിട്ടുണ്ട്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ 4X4 പതിപ്പുകള്‍ 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്വന്തമാക്കാന്‍ സാധിക്കുക.
ഫോര്‍വീല്‍ ഡ്രൈവുള്ള ഡീസല്‍ എഞ്ചിന് 130 bhp പവറും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം പെട്രോള്‍ എഞ്ചിന് 150 bhp പവറില്‍ 320 Nm ടോര്‍ക്ക് വരെ നല്‍കും. ഇനി ഥാറിന്റെ RWD പതിപ്പുകള്‍ എടുത്താല്‍ മറാസോയിലും XUV300 എസ്‌യുവിയിലും കാണുന്ന അതേ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ D117 ഡീസല്‍ എഞ്ചിന് പരമാവധി 117 bhp കരുത്തില്‍ 300 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








