ഗതാഗത മന്ത്രാലയവും ഗഡ്ഗരിയിസവും; 10 വർഷത്തെ ഭരണത്തിലെ നേട്ടങ്ങളും കോട്ടങ്ങളും
ബിജെപി നേതാവായ നിതിൻ ഗഡ്ഗരി മുതിർന്ന കേന്ദ്രമന്ത്രി എന്ന നിലയിൽ വലിയ രീതിയിൽ അറയപ്പെടുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഇന്ത്യയിലെ കേന്ദ്ര ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് റോഡ്, ഹൈവേ വികസനത്തിന്റെ കാര്യത്തിൽ, കാര്യമായ മാറ്റങ്ങൾ നാം കണ്ടു. അതുപോലെ തന്നെ ചില വിവാദങ്ങളും കോട്ടങ്ങളും ഈ കാലയളവിൽ വന്നിട്ടുമുണ്ട്. നിലവിൽ പുതിയ കേന്ദ്ര ഗതാഗത മന്ത്രി ആരാകും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എന്നാൽ അതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഗഡ്ഗരിയുടെ 10 വർഷത്തെ കാലയളവ് നമുക്ക് ഒന്ന് പരിശോധിക്കാം നോക്കാം.
കേന്ദ്ര ഗതാഗത മന്ത്രി എന്ന നിലയിൽ ഗഡ്ഗരിയുടെ നേട്ടങ്ങളിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. അതിൽ ആദ്യമായി എടുത്തു പറയേണ്ടതാണ് കർശനമായ സുരക്ഷാ ഫീച്ചറുകൾ എന്നത്. ഇന്ത്യൻ വാഹന വ്യവസായത്തിനും കാർ ഉപഭോക്താക്കൾക്കും ഗഡ്ഗരി നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിൽ ഒന്ന് എന്നത് സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണ്. കേന്ദ്ര ഗതാഗത മന്ത്രിയായിരുന്ന തന്റെ രണ്ട് കാലയളവുകളിലും, കർശനമായ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എല്ലാ വാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), സ്പീഡ് അലർട്ട് സംവിധാനങ്ങൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ എയർബാഗുകൾ എന്നിവ സ്ഥാപിക്കണം എന്ന് അദ്ദേഹം നിർബന്ധിച്ചു. വർഷങ്ങളായി നടപ്പിലാക്കി ഈ നടപടികൾ റോഡ് സുരക്ഷയുടെ നിലവാരം ഗണ്യമായി വർധിപ്പിച്ചു. അപകടങ്ങളുടെയും അത് മൂലം ഉണ്ടാകുന്ന മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിൽ ഇവ നേരിട്ട് തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രണ്ടാമതായി പറയേണ്ടത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് നൽകിയ പ്രോത്സാഹനമാണ്. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കുന്നതിന് ഗഡ്ഗരി ഒരു നിർണായക പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. വ്യക്തിപരമായി, അദ്ദേഹം ഹൈഡ്രജൻ കാറുകളോട് വളരെ പ്രിയമുള്ള ഒരാളാണ്, കുറച്ചുകാലം ടൊയോട്ട മിറായി താൻ ഉപയോഗിച്ചിരുന്നു. സമീപകാലത്ത്, ഹൈബ്രിഡ് കാറുകൾക്ക് പോലും കുറഞ്ഞ GST നിരക്കിൽ നികുതി ചുമത്തണം എന്ന് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതിൻ പ്രകാരം ഹോണ്ട സിറ്റി ഹൈബ്രിഡ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹൈക്രോസ്, മാരുതി ഇൻവിക്റ്റോ എന്നിവയുടെ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്ക് കാര്യമായി വില കുറയുമായിരുന്നു. എന്നാൽ ഈ നിർദേശം കേന്ദ്ര ധനമന്ത്രാലയം തള്ളിയതോടെ ആ പ്ലാൻ അങ്ങ് പാളി.
പിന്നെ വരുന്ന കാര്യങ്ങളാണ് ഫാസ്ടാഗും, ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളും എന്നത്. ഹൈവേകളിലുടനീളമുള്ള ടോൾ പിരിവുകൾ കാര്യക്ഷമമാക്കാൻ ഈ സംവിധാനം സഹായിച്ചു എന്നത് ശ്രദ്ധേയമാണ്. കൂടാതെ യാത്രാസൗകര്യത്തോടൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാര്യക്ഷമമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വ്യക്തമായി സഹായിച്ചിട്ടുണ്ട് എന്ന് പറയാം.
കൂടാതെ, വാഹന വ്യവസായത്തിന്റെ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും അദ്ദേഹം നടപ്പാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, വാഹനങ്ങളിൽ നിന്ന് വരുന്ന മലിനീകരണം കുറയ്ക്കുന്നതിൽ ഈ പരിവർത്തനം വളരെ നിർണായകമായി മാറി. മുകളിൽ പറഞ്ഞ സേഫ്റ്റി ഫീച്ചറുകളുടെ നെക്സ്റ്റ് ലെവൽ ആയിരുന്നു ആറ് എയർബാഗുകളുടേയും പിൻസീറ്റ് ബെൽറ്റുകളുടേയും വരവ്.
2021 ഏപ്രിലിന് ശേഷം വിൽക്കുന്ന എല്ലാ പുതിയ കാറുകളിലും രണ്ട് എയർബാഗുകൾ നിർബന്ധമാക്കിയതിന് പുറമേ, എല്ലാ വാഹനങ്ങളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കി യാത്രക്കാരുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കും എന്നും നിതിൻ ഗഡ്ഗരി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഈ നയത്തിന് വാഹന വ്യവസായത്തിൽ നിന്ന് ധാരാളം വിമർശനങ്ങളും കാര്യമായ തിരിച്ചടികളും ലഭിച്ചു. എന്നാൽ, ഇപ്പോൾ വാഹന നിർമ്മാതാക്കളിൽ പലരും ഈ സുരക്ഷാ ഫീച്ചർ സാവധാനം സ്വയം നടപ്പിലാക്കുന്നത് നമുക്ക് കാണാനാവും.
സൈറസ് മിസ്ത്രി ഉൾപ്പെട്ട വളരെ ദാരുണമായ അപകടത്തെ തുടർന്ന് നിതിൻ ഗഡ്ഗരിയും പിൻ സീറ്റ് ബെൽറ്റും നിർബന്ധമാക്കി. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഇത് വളരെ പ്രധാനമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അത് കൂടാതെ രാജ്യത്ത് പല പ്രമുഖ നഗരങ്ങളിലേയും വായു മലിനീകരണം നിയന്ത്രിക്കാൻ എഥനോൾ മിക്സ് ഫ്യുവലും ഗ്രീൻ ഹൈഡ്രജനും എല്ലാം അദ്ദേഹം കാര്യമായി തന്നെ പ്രോത്സാഹിപ്പിച്ചു.
കൂടാതെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങൾ അവ ആവർത്തിക്കുന്നത് കുറയ്ക്കാനുമായി പിഴയുടെ തുക കാര്യമായി ഉയർത്തിയിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങൾ തന്നെയാണ്, എന്നാൽ ആരും പൂർണ്ണല്ലല്ലോ...അതിനാൽ ചില പോരായ്മകളും വിവാദങ്ങളും അദ്ദേഹവും സൃഷ്ടിച്ചിട്ടുണ്ട്. ഈ അടുത്തിടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കണം എന്ന പ്രഖ്യാപനമാണ് മൊത്തത്തിൽ ഒരു കോളിളക്കം സൃഷ്ടിച്ചത്. ഗ്രീൻ-ക്ലീൻ മൊബിലിറ്റിയുടെ ഒരു ആശയമാണ് അദ്ദേഹം പങ്കുവെച്ചത് എങ്കിലും ഈ നിർദ്ദേശത്തെ ഒരു അപഹാസ്യമായിട്ടാണ് ഭൂരിഭാഗവും കണ്ടത്.
അടുത്തത് ഇന്ത്യയിൽ യുഎസ് നിലവാരത്തിലുള്ള ഹൈവേകൾ നിർമ്മിക്കും എന്നതാണ്. തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമായിരുന്നു ഇവ, എന്നാൽ അവ പ്രാവർത്തികമാക്കുക എന്നത് ഇന്നും ഒരു വിദൂര സ്വപ്നം തന്നെയാണ് എന്നതാണ് യാഥാർഥ്യം. ഇത് കൂടാതെ വാഹനങ്ങളുടെ ഹോണിന്റെ ശബ്ദം സംഗീത ഉപകരണങ്ങളുടേതാക്കണം എന്നും അദ്ദേഹം ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതും വലിയ രീതിയിൽ ചർച്ചയാവുകയും പല അവസരങ്ങളിൽ പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








