6 മാസത്തിനുള്ളില്‍ പെട്രോള്‍ കാറിന്റെ വിലയില്‍ ഇവി ലഭിക്കുമെന്ന് ഗഡ്കരി! നടന്നാല്‍ മതിയായിരുന്നു
2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി നമ്മള്‍ കഴിഞ്ഞ ദിവസം വായിച്ചു. എന്നിരുന്നാലും ഇന്ത്യയിലെ മൊത്തം കാര്‍ വില്‍പ്പനയുടെ 4 മുതല്‍ 5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകളാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കാര്‍ ഇവി വാങ്ങാന്‍ വിമുഖത കാണിക്കാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വില. സര്‍ക്കാര്‍ സബ്‌സിഡിയും ഇന്‍സെന്റീവും നികുതി ഇളവുകളുമെല്ലാം നല്‍കിയിട്ടും നിലവിലെ സാഹചര്യത്തില്‍ ഇവികളുടെ പ്രാരംഭ വില ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ കൂടുതലാണ്.
എന്നാല്‍ വില കാരണം ഇവികളിലേക്ക് മാറാന്‍ മടിക്കുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി.അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. 20-ാമത് ഫിക്കി ഹയര്‍ എജ്യുക്കേഷന്‍ ഉച്ചകോടി 2025-ല്‍ സംസാരിക്കവെയായിരുന്നു ഇവികളുടെ വില സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവന.

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് മാത്രമല്ല അത് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുന്നുവെന്നും ഉച്ചകോടിയില്‍ വെച്ച് ഗഡ്കരി പറഞ്ഞു.ഇന്ധന ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേം ഹരിത ഊര്‍ജ്ജം കൂടുതലായി സ്വീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടേതിന് സമാനമാകുമെന്ന് ഗഡ്കരി വ്യക്തമാക്കി.
സാങ്കേതിക മുന്നേറ്റങ്ങളും ഉല്‍പ്പാദനച്ചെലവ് കുറയുന്നതുമാണ് ഇതിന് കാരണമായി പറയുന്നത്. പെട്രോള്‍ വാഹനങ്ങളുടെ വിലയില്‍ ഇവികള്‍ ലഭ്യമായി തുടങ്ങിയാല്‍ പിന്നെ രാജ്യത്ത് ഇവികള്‍ കൂടുതല്‍ ജനകീയമാകുകയും സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. തന്റെ സംസാരത്തില്‍ റിന്യൂവബിള്‍ എനര്‍ജി ഇന്ത്യയുടെ ഗ്രാമീണ മേഖലയ്ക്ക് എങ്ങിനെ പ്രയോജനകരമാകുന്നുവെന്ന് എഥനോള്‍ ഉദാഹരണമാക്കി എടുത്ത് കൊണ്ട് വിശദീകരിച്ചു.

ചോളത്തില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് 45,000 കോടി രൂപ അധിക വരുമാനം നേടാനായെന്നും ഇത് സുസ്ഥിര രീതികള്‍ പരിസ്ഥിതിക്കൊപ്പം സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ഗഡ്കരി പങ്കുവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഗഡ്കരി പറയുന്നത്.
താന്‍ ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ 14 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യന്‍ വാഹന വ്യവസായം ഇപ്പോള്‍ 22 ലക്ഷം കോടി രൂപയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വെല്ലുവിളികള്‍ക്കിടയിലും ശക്തമായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ അമേരിക്കയാണ് ഗ്ലോബല്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റില്‍ ഒന്നാമത്. 78 ലക്ഷം കോടി രൂപയാണ് അമേരിക്കന്‍ വാഹന വിപണിയുടെ വലിപ്പം.

47 ലക്ഷം കോടി രൂപയുമായി ചൈന രണ്ടാമതും 22 ലക്ഷം കോടി രൂപയുമായി ഇന്ത്യ മൂന്നാമതുമാണ്. നയപരമായ പിന്തുണ, സാങ്കേതിക നവീകരണം, റിന്യൂവബിള്‍ എനര്‍ജി സംയോജനം എന്നിവയിലൂടെ എതിരാളികളെ മറികടന്ന് രാജ്യത്തിന് മുന്നേറി മുന്നിലെത്താന്‍ സാധിക്കുമെന്ന് ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള വാഹന വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ വളര്‍ച്ച നിര്‍ണായകമാണ്.
ഇതിനായി താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത് ഗുണകരമാകും. ഇതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ഉപഭോക്തൃ സൗകര്യങ്ങളും വ്യാവസായിക വളര്‍ച്ചയും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഏതായാലും മന്ത്രിയുടെ പ്രഖ്യാപനം വാഹന ലോകം ഏറെ പ്രതീക്ഷയോടെയാണ് ശ്രവിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാത്തതും രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച് കൊണ്ടിരിക്കുന്നതും പുതിയ കമ്പനികളും മോഡലുകളും മാര്‍ക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതുമെല്ലാം പോസിറ്റീവ് സൂചനകളാണ്. രാജ്യത്ത് ഇപ്പോള്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗമാണ് മികച്ച വളര്‍ച്ച നേടുന്നത്. ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ പോസിറ്റീവ് സൂചനകള്‍ ഉണ്ടെങ്കിലും റേഞ്ച് ഉത്കണ്ഠ കാരണം പലരും ഇപ്പോഴും വാങ്ങാന്‍ മടിക്കുന്നു.
വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആകെ 11 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8.95 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി അധികം വിറ്റത് 2.05 ലക്ഷം വാഹനങ്ങളാണ്. വാര്‍ഷിക വളര്‍ച്ച 22.9 ശതമാനമാണ്.


Click it and Unblock the Notifications








