'ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ'; E20 പെട്രോള്‍ മൈലേജ് കുറയ്ക്കുമെന്ന് ഗഡ്കരി
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ത്യന്‍ വാഹനലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇന്ധനം അഥവാ E20 പെട്രോള്‍. എഥനോളിന്റെ രാസസ്വഭാവം കാരണം പഴയ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ തകരാറും സംഭവിക്കുന്നുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ സുപ്രധാന പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. E20 പെട്രോള്‍ ഉപയോഗിക്കുന്നത് വഴി സാധാരണക്കാരുടെ വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് യാതൊരുവിധ കേടുപാടുകളും വലിയ സാങ്കേതിക തകരാറുകളും സംഭവിക്കില്ലെന്നാണ് നിതിന്‍ ഗഡ്കരി പറയുന്നത്.
എന്നാല്‍ സാധാരണ പെട്രോളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തുമ്പോള്‍മൈലേജില്‍ നേരിയ കുറവുണ്ടാകാം എന്ന് അദ്ദേഹം പരസ്യമായി തുറന്നു സമ്മതിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കരിമ്പ്, ചോളം എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ എഥനോള്‍ ബ്ലെന്‍ഡിംഗ് പരിപാടിക്ക് തുടക്കമിട്ടത്.

എന്നാല്‍ എഞ്ചിന്‍ തകരാറിലാകുന്നു എന്ന വാദത്തെ പൂര്‍ണമായി തള്ളിയ അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ തെളിവ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ധന സംബന്ധമായി എന്തെങ്കിലും എഞ്ചിന്‍ തകരാറുകള്‍ അപ്രതീക്ഷിതമായി സംഭവിച്ചുവെന്ന് തോന്നിയാല്‍ ഉപഭോക്താക്കള്‍ വാഹന നിര്‍മ്മാതാക്കളുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്തിച്ചു കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി ഉപദേശിക്കുന്നു.
വിദഗ്ധ പരിശോധനയില്‍ E20 ഇന്ധനമാണ് പ്രശ്‌ന കാരണമെന്ന് സാങ്കേതികമായി തെളിയിക്കപ്പെട്ടാല്‍ ആ വിവരം നേരിട്ട് തന്റെ ശ്രദ്ധയില്‍പ്പെടുത്താനും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഥനോളിന് സാധാരണ പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ കലോറിഫിക് മൂല്യം (Calorific Value) മാത്രമുള്ളതുകൊണ്ടാണ് ചെറിയ തോതല്‍ മൈലേജള കുറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈവേകളിലൂടെ ടോപ് ഗിയറില്‍ ദീര്‍ഘദൂരം ഓടിക്കുമ്പോള്‍ മാത്രമാണ് ഇന്ധനക്ഷമതയിലെ വ്യത്യാസം അറിയാന്‍ സാധിക്കുകയുള്ളുവെന്നും തിരക്കേറിയ സിറ്റി റോഡുകളില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

യാതൊരുവിധ ശാസ്ത്രീയ പരീക്ഷണങ്ങളോ സുരക്ഷ മുന്‍കരുതലുകളോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പെട്ടന്ന് നടപ്പാക്കിയതല്ല എഥനോള്‍ ബ്ലെന്‍ഡിംഗ് പരിപാടിയെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ പ്രമുഖ സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ എആര്‍എഐ (ARAI), ഐഐപി (IIP) എന്നിവ നടത്തിയ ദീര്‍ഘകാലത്തെ വിപുലമായ ഗവേഷണങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ഒടുവിലാണ് ഇത്തരമൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
സമീപഭാവിയില്‍ സാധാരണ പെട്രോളിലെ എഥനോളിന്റെ അളവ് ഘട്ടങ്ങളായി വലിയ തോതില്‍ ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. രാജ്യത്തെ പ്രധാനപ്പെട്ട ചില മെട്രോ നഗരങ്ങളില്‍ ഇതിനോടകം തന്നെ 85 ശതമാനം എഥനോള്‍ കലര്‍ത്തിയ E85 ഇന്ധനം പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നുണ്ട്. മാത്രമല്ല, സാധാരണ ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്താനുള്ള പരീക്ഷണങ്ങളും വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

അസംസ്‌കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ ഏറെ പ്രശംസനീയമാണ്. എങ്കിലും ഭാവിയില്‍ ഇന്ധനത്തില്‍ എഥനോളിന്റെ അളവ് ഇനിയും വര്‍ദ്ധിപ്പിക്കുമ്പോള്‍ സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് യാതൊരുവിധ വലിയ ബുദ്ധിമുട്ടുകളും സാമ്പത്തിക ഭാരങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications