പെട്രോൾ യുഗത്തിന് അന്ത്യമാകുമോ? E100 ഇന്ധനത്തിന് നിയമസാധുത; കുറഞ്ഞ ചെലവിൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ വരുന്നു
രാജ്യത്തെ ഗതാഗത മേഖലയെ പൂര്‍ണമായും ഹരിതവല്‍ക്കരിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളില്‍ 100 ശതമാനം എഥനോള്‍ (E100) നേരിട്ട് ഇന്ധനമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ചട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമസാധുത നല്‍കി.
നാഗ്പൂരില്‍ നടന്ന സുപ്രധാന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഈ ചരിത്രപരമായ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയില്‍ ശുദ്ധമായ എഥനോളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഫ്‌ലെക്‌സ്-ഫ്യുവല്‍ (Flex-Fuel) വാഹനങ്ങള്‍ വിപണിയിലിറക്കാനുള്ള നിയമപരമായ തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. വരും മാസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നുവരും.

ഊര്‍ജ്ജ സുരക്ഷയും ഇറക്കുമതി നിയന്ത്രണവും
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിപണിയിലുണ്ടാകുന്ന വിലക്കയറ്റവും വിതരണ ശൃംഖലയില്‍ നേരിടുന്ന തടസങ്ങളും ഇന്ത്യ പോലെ വന്‍തോതില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ സാമ്പത്തികമായി വലിയ രീതിയില്‍ ബാധിക്കാറുണ്ട്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് കോടി രൂപയാണ് രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് മാത്രമായി വിദേശത്തേക്ക് ഒഴുക്കുന്നത്. ഈ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് പുതിയ E100 നയത്തിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഇന്ധനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കരിമ്പ്, ചോളം, ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് എഥനോള്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇത് രാജ്യത്തിന് വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനം നേടാനുള്ള പുതിയ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.
ഫ്‌ലെക്‌സ്-ഫ്യുവല്‍ മുന്നേറ്റം
സര്‍ക്കാരിന്റെ ഈ പുതിയ നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രശസ്തമായ വാഗണ്‍ആര്‍ (WagonR) കാറിന്റെ 100 ശതമാനം എഥനോളില്‍ ഓടുന്ന പ്രോട്ടോടൈപ്പ് പതിപ്പ് അടുത്തിടെ വാഹന ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇരുചക്ര വാഹന വിപണിയിലെ ഭീമന്മാരായ ഹീറോ മോട്ടോകോര്‍പ്പും ഈ രംഗത്ത് ഇതിനകം ചുവടുവെച്ചു കഴിഞ്ഞു.
ജനപ്രിയ ബൈക്കുകളായ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്സ് എന്നിവയുടെ പ്രൊഡക്ഷന്‍ റെഡി ഫ്‌ലെക്‌സ്-ഫ്യുവല്‍ പതിപ്പുകള്‍ ഹീറോ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിയമപരമായ അനുമതി ലഭിച്ചതോടെ വരും ദിവസങ്ങളില്‍ ടൊയോട്ട, ഹ്യുണ്ടായി മോട്ടോര്‍ കമ്പനി, എംജി മോട്ടോര്‍, മഹീന്ദ്ര തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകളും എഥനോ.ല്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും.

എഞ്ചിന്‍ മാറ്റങ്ങള്‍
സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍, നിലവിലുള്ള സാധാരണ പെട്രോള്‍ കാറുകളിലോ ബൈക്കുകളിലോ നേരിട്ട് E100 ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ശുദ്ധമായ എഥനോളിന്റെ രാസഘടന പെട്രോളില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാല്‍, ഉയര്‍ന്ന തോതിലുള്ള എഥനോളിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഞ്ചിനുകളും ഇന്ധന വിതരണ സംവിധാനങ്ങളുമാണ് ഇത്തരം ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് ആവശ്യമുള്ളത്.
എഥനോളിന്റെ സാന്നിധ്യം കാരണം മെറ്റല്‍ ഭാഗങ്ങളില്‍ തുരുമ്പെടുക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ തുരുമ്പ് പ്രതിരോധിക്കുന്ന പ്രത്യേക ഫ്യുവല്‍ ലൈനുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍ എന്നിവ ഇതില്‍ നല്‍കണം. കൂടാതെ ഇതിനായി എഞ്ചിന്‍ കാലിബ്രേഷന്‍ മാറ്റുകയും, ഉയര്‍ന്ന ഇന്ധന പ്രവാഹം സാധ്യമാക്കുന്ന പ്രത്യേക ഫ്യുവല്‍ ഇന്‍ജക്ഷന്‍ ക്രമീകരണങ്ങളും മോഡിഫൈഡ് എഞ്ചിന്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെയറുകളും (ECU)ി ഇതില്‍ സജ്ജീകരിക്കേണ്ടതുണ്ട്.

ഹൈഡ്രജന്‍ ഫ്യുവല്‍ പെലറ്റ് പ്രോജക്റ്റുകള്‍
എഥനോളിന് പുറമെ രാജ്യത്ത് മറ്റ് ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അത്യാധുനിക ഹൈഡ്രജന്‍ ഇന്ധനത്തില്‍ (Hydrogen Fuel) പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ പൈലറ്റ് പ്രോജക്റ്റുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം തുടക്കം കുറിച്ചു കഴിഞ്ഞു. ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളിലെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
പ്രത്യേകിച്ച് സര്‍ക്കാര്‍ ബസുകളിലാണ് ഹൈഡ്രജന്‍ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. ഇലക്ട്രോളിസിസ് പ്രക്രിയയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഈ ഗ്രീന്‍ ഹൈഡ്രജന്‍ ഭാവിയില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ള മികച്ച ഇന്ധന കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക റീഫ്യുവലിംഗ് കേന്ദ്രങ്ങളും ഹൈഡ്രജന്‍ സ്റ്റേഷനുകളും പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചു വരികയാണ്.
വൈവിധ്യമാര്‍ന്ന ഗ്രീന്‍ മൊബിലിറ്റി എക്കോസിസ്റ്റം
ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ മൊബിലിറ്റി, സിഎന്‍ജി, എല്‍എന്‍ജി എന്നിവയ്ക്കൊപ്പം എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വൈവിധ്യമാര്‍ന്നു ഹരിത ഗതാഗത ആവാസവ്യവസ്ഥയാണ് ഇന്ത്യയില്‍ കെട്ടിപ്പടുക്കുന്നത്. ഒറ്റ ഇന്ധനത്തെ മാത്രം ആശ്രയിക്കാതെ വിവിധ ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുന്നത് രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷിതത്വം ഉറപ്പാക്കും. E100 വിപണി ചട്ടക്കൂട് നിലവില്‍ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹന വിപണികളിലൊന്നായി ഇന്ത്യ മാറാനുള്ള സാധ്യതകളാണ് തുറക്കപ്പെട്ടിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ ആവശ്യത്തിന് എഥനോള്‍ പമ്പുകളും വിതരണ ശൃംഖലകളും രാജ്യത്തുടനീളം സ്ഥാപിക്കപ്പെടുന്നതോടെ സാധാരണക്കാര്‍ക്ക് പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഈ പുതിയ സാങ്കേതികവിദ്യ വഴി സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ നിയമസാധുത നല്‍കിയ ഈ പുതിയ E100 ഇന്ധന നയത്തെ കുറിച്ചും വിപണിയിലെത്താനിരിക്കുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങളെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications