ഇന്ത്യയെ ചൈനയുടെ മുന്നിലെത്തിച്ച 'റോഡ്കരി'; ബയോപിക് ദിവസങ്ങള്‍ക്കകം വെള്ളിത്തിരയില്‍
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രശസ്തരായ വ്യക്തികളുടെ ജീവചരിത്രം പറയുന്ന നിരവധി ബയോപിക്കുകള്‍ വെള്ളിത്തിരയിലെത്തിയത് നാം കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, സിനിമ താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം ബയോപിക്കുകള്‍ വന്നിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബിജെപി മന്ത്രിസഭയിലെ ഹേറ്റേഴ്സ് ഇല്ലാത്ത മന്ത്രി ആരെന്ന് ചോദിച്ചാല്‍ നിതിന്‍ ഗഡ്കരി എന്നായിരിക്കും പലരുടെയും ഉത്തരം. ഇന്ത്യയുടെ ഉപരിതല റോഡ് ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഗതാഗത മന്ത്രിയെ പ്രതിപക്ഷം പോലും പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്‌സ്പ്രസ് വേ മാന്‍ എന്നാണ് ഗതാഗത മന്ത്രിയായ ഗഡ്കരി അറിയപ്പെടുന്നത്.

ഇപ്പോള്‍ ഗഡ്കരിയുടെ ജീവിതകഥ പറയുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ ഗഡ്കരിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഗഡ്കരി' എന്ന ചിത്രം 2023 ഒക്ടോബര്‍ 27-ന് റിലീസ് ചെയ്യാന്‍ പോകുകയാണ്. പോസ്റ്ററുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
സാധാരണ ബിജെപി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന നാള്‍ മുതല്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയാകുന്നതുവരെയുള്ള ഗഡ്കരിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മറാഠി ഭാഷയില്‍ ചിത്രം പുറത്തിറങ്ങുന്നത്. നടന്‍ രാഹുല്‍ ചോപ്ദയാണ് നിതിന്‍ ഗഡ്കരിയായി വേഷമിടുന്നത്. അനുരാഗ് രഞ്ജന്‍ ഭുസാരി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് അക്ഷയ് അനന്ത് ദേശ്മുഖ് ആണ്.

ഐശ്വര്യ ഡോര്‍ലെ, അഭിലാഷ് ഭാസൂരി, പുഷ്പക് ഭട്ട്, അഭയ് നവതെ, വേദാന്ത് ദേശ്മുഖ്, തൃപ്തി പ്രമീള കല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നതും വാര്‍ത്തയായിരുന്നു. ഗഡ്കരിയെ പോലെ ഒരു ദേശീയ നേതാവിന്റെ ബയോപിക്ക് ചെയ്യുമ്പോള്‍ കാസ്റ്റിംഗ് കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നാണ് വിമര്‍ശനം. പങ്കജ് ത്രിപാഠിയേയോ പരേഷ് റാവലിനെയോ ഗഡ്കരിയുടെ റോള്‍ ഏല്‍പ്പിക്കേണ്ടിയിരുന്നുവെന്നാണ് ചില നെറ്റിസണ്‍സ് ഉപദേശിക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തെയാണ് ഗഡ്കരി ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ആര്‍എസ്എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരില്‍ നിന്നാണ് ഗഡ്കരി വരുന്നത്. ഗഡ്കരി ഗതാഗത മന്ത്രിയായി വന്ന ശേഷം രാജ്യത്തെ റോഡ് ശൃംഖലയില്‍ സമൂലമായ മാറ്റങ്ങള്‍ വന്നിരുന്നു. ഗഡ്കരിയുടെ കാലത്ത് റോഡ് ശൃംഖല വിപുലീകരണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. അമേരിക്കയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
രാജ്യത്ത് നിലവില്‍ 1.45 ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ട്. മുമ്പ് ഇന്ത്യയില്‍ 91,287 കിലോമീറ്റര്‍ റോഡായിരുന്നു ഉണ്ടായിരുന്നത്. അധികാരമേറ്റ ശേഷം റോഡ് സുരക്ഷക്കൊപ്പം തന്നെ രാജ്യത്തെ ദേശീയപാതാ വികസനത്തിന് ഗഡ്കരി വലിയ ഊന്നല്‍ കൊടുത്തിരുന്നു. 2019 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ 30,000 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മിച്ചത്. ബാംഗ്ലൂര്‍-മൈസൂര്‍, മീററ്റ്-ഡല്‍ഹി, ഗാസിപൂര്‍-ലഖ്‌നൗ എന്നീ എക്‌സ്പ്രസ് ഹൈവേകളാണ് ഇക്കാലത്തിനിടെ തുറന്നുകൊടുത്ത പ്രധാന പാതകള്‍.
8 വരിയില്‍ വരുന്ന ദ്വാരക എക്സ്പ്രസ് വേയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 27.6 കിലോമീറ്റര്‍ നീളമുള്ള ഈ ഹൈവേ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിലെ ഖേര്‍ക്കി ദൗള ടോള്‍ പ്ലാസയെയുമാണ് ബന്ധിപ്പിക്കുന്നത്. രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ദ്വാരക എക്സ്പ്രസ്വേ. ദക്ഷിണേന്ത്യയിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ദേശീയപാതകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതാ വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ ദേശീയപാത 66 വികസനം യാഥാര്‍ഥ്യമാകുന്നതോടെ 70,113.62 കോടിയുടെ പുതിയ പദ്ധതികളും വരുന്നുണ്ട്. ഗ്രീന്‍ഫീല്‍ഡ് പാതകള്‍ ഉള്‍പ്പെടെ ആകെ 960 കിലോമീറ്ററില്‍ 27 റോഡുകളാണ് സംസ്ഥാനത്തിന്റെ സഹകരണത്തോടെ ദേശീയപാതാ അതോറിറ്റി നിര്‍മിക്കാന്‍ പോകുന്നത്. മറ്റെങ്ങും ഇല്ലാത്തവിധം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചതോടെയാണ് ദേശീയപാത വികസനം യാഥാര്‍ഥ്യമായത്.
അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയല്‍ കര്‍ണാടകയില്‍ അടുത്ത കാലത്താണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തത്. മൂന്ന് വരികള്‍ വീതമുള്ള 6 വരി എക്സ്പ്രസ് വേക്ക് രണ്ട് വശങ്ങളില്‍ രണ്ട് വരി വീതമുള്ള സര്‍വീസ് റോഡും വരുന്നുണ്ട്. 8172 കോടി രൂപ ചെലവിലാണ് ഹൈവേ അതോറിറ്റി മലയാളികള്‍ക്കടക്കം ഏറെ ഉപകാരപ്രദമായ പാത പണികഴിപ്പിച്ചത്.


Click it and Unblock the Notifications








