ലൈസന്‍സ് വേണ്ട! ഈ രാജ്യത്തെ കൗമാരക്കാര്‍ക്ക് ബിഎംഡബ്ല്യുവും പോര്‍ഷയുമെല്ലാം ഓടിക്കാം...
നമ്മുടെ രാജ്യത്ത് കൗമാരാക്കാരായ കുട്ടികള്‍ വാഹനമോടിക്കുന്ന സംഭവങ്ങള്‍ ്രശദ്ധയില്‍ പെടാറുണ്ട്. എന്നാല്‍ നിയമവിരുദ്ധമായിട്ടാകും അവര്‍ വാഹനം ഓടിക്കുന്നത്. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ 18 വയസ് പൂര്‍ത്തിയാകണമെന്ന് എല്ലാവര്‍ക്കുമാറിയാം. എന്നാല്‍ കൗമാരക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ചില കാറുകള്‍ ഓടിക്കാന്‍ പറ്റുന്ന ഒരു യൂറോപ്യന്‍ രാജ്യമുണ്ട്.
15ാം വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ സാധ്യതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സ്വീഡനിലെ സ്‌റ്റോക്‌ഹോം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പോയാല്‍ നിങ്ങള്‍ക്ക് കൗമാരക്കാരായ കുട്ടികള്‍ പോര്‍ഷയിലും ബിഎംഡബ്ല്യുവിലുമെല്ലാം കറങ്ങുന്നത് കാണാം. ഇതെങ്ങനെ എന്നാകും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. സ്വീഡനില്‍ ഗോള്‍ഫ് കാര്‍ട്ടിനേക്കാള്‍ വേഗതതയില്ലാത്ത പരിഷ്‌കരണം നടത്തിയ കാറുകളുമായി കറങ്ങാന്‍ ലൈസന്‍സ് ആവശ്യമില്ല. കാര്‍ഷിക വാഹനങ്ങളില്‍ ആദ്യം പ്രയോഗിച്ച നിയമത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

15 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് ശരിയായ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആയിരിക്കണമെന്ന് മാത്രം.'എ-ട്രാക്ടര്‍' എന്ന് വിളിക്കപ്പെടുന്ന ഈ കാറുകളും ട്രക്കുകളും സമീപ വര്‍ഷങ്ങളില്‍ വളരെ പ്രചാരം നേടിയിട്ടുണ്ട്. എന്നാല്‍ റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ കാര്യത്തില്‍ അധികാരികള്‍ ഇപ്പോള്‍ അല്‍പ്പം ആശങ്കാകുലരാണ്.
അടുത്തിടെ ഇത്തരം കാറുകള്‍ക്ക് സാധാരണ കാറുകളെപ്പോലെ സീറ്റ് ബെല്‍റ്റും വിന്റര്‍ ടയറുകളും നിര്‍ബന്ധമാക്കണമെന്ന് സ്വീഡന്‍ ഗതാഗത അതോറിറ്റി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ വളരെ അഭിമാനത്തോടെയാണ് ഈ കാറുകളെ കുറിച്ച് പറയുന്നത്. ഒരു വര്‍ഷം മുമ്പ് തന്റെ പിറന്നാളിന് സമ്മാനമായി ലഭിച്ചതാണ് ഈ ഡാര്‍ക്ക് ബ്ലു നിറത്തിലുള്ള ബിഎംഡബ്ല്യു 5 സീരീസ് കാര്‍ എന്നാണ് എവ്‌ലീന ക്രിസ്റ്റിയന്‍സണ്‍ എന്ന കുട്ടി വാര്‍ത്ത ഏജന്‍സിയോട് പറയുന്നത്.

സ്‌കൂളിൽ മികവ് പുലർത്തിയതിന് പ്രത്യേക സമ്മാനമായി ലഭിച്ചതായിരുന്നു ആ കാര്‍. മറ്റ് പല സ്ഥങ്ങളിലെയും കൗമാരക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതുവരെ ഒരു മോപ്പഡോ ഇലക്ട്രിക് സ്‌കൂട്ടറോ ഉപയോഗിക്കുമ്പോള്‍ സ്വീഡനിലെ കുട്ടികള്‍ക്ക് വേഗത നിയന്ത്രിച്ച ഏത് വാഹനവും ഉപയോഗിക്കാന്‍ കഴിയും. സ്റ്റോക്ക്ഹോമില്‍ സമ്പന്നര്‍ വസിക്കുന്ന പ്രദേശങ്ങളില്‍ കൊച്ചുകുട്ടികള്‍ പോര്‍ഷെ കയെന്‍സ് സ്വന്തമായി ഓടിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.
സാധാരണയായി സ്‌കൂളില്‍ പോകുമ്പോഴോ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി പോകുമ്പോഴോ ആണ് കാര്‍ ഉപയോഗിക്കുന്നതെന്ന് കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പതുക്കെ നീങ്ങുന്ന വാഹനമാണെന്നും ട്രെയിലറുകള്‍ക്കുളള മുന്നറിയിപ്പ് സിഗ്‌നലുകളും ഇത്തരം എ ട്രാക്ടറുകളുടെ പിറകില്‍ ത്രികോണാകൃതിയിലുള്ള വാണിംഗ് സിഗ്‌നലായി ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വാഹനത്തിനകത്ത് ഡ്രൈവറും സഹയാത്രികരും മാത്രമേ സഞ്ചരിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനായി പിന്‍സീറ്റുകള്‍ നീക്കം ചെയ്യുകയും വേണം.
ഇത്തരത്തില്‍ വാഹനം ഓടിക്കാന്‍ 15ാം വയസ് മുതല്‍ ലഭിക്കുന്ന മോപ്പഡ് ലൈസന്‍സോ 16 വയസ് മുതല്‍ ലഭിക്കുന്ന ട്രാക്ടര്‍ ലൈന്‍സോ മതി. രസകരമായ കാര്യം എന്തെന്നാല്‍ റോഡ് സുരക്ഷയ്ക്ക് പേരുകേട്ട ഒരു രാജ്യത്താണ് ഇത്തരത്തില്‍ ഒരു സംവിധാനം എന്നതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ നിലവിലുള്ള സ്വീഡനാണ് ത്രീ പോയിന്റ് സീറ്റ്‌ബെല്‍ട്ടിന്റെ പിന്നിലെന്നും കൂടിയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് അല്‍പ്പം കടന്നകൈയല്ലേ എന്ന് നിങ്ങള്‍ക്കും തോന്നിയേക്കാം.
കാറുകളുടെ ടോപ് സ്പീഡ് ഇലക്ട്രോണിക് രീതിയില്‍ പരിമിതപ്പെടുത്തുന്നത് സാധ്യമായപ്പോള്‍ ഈ സംവിധാനം കൂടുതല്‍ ഈസിയായി മാറിയിരുന്നു. 2020 മധ്യത്തോടെയായിരുന്നു ഇത്. ഇതോടെ യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം വിമര്‍ശനം നേരിട്ടു. നിയമങ്ങളില്‍ അയവ് കൂടി വന്നതോടെ നഗരത്തിലെയും ഗ്രാമത്തിലെയുമടക്കം കുട്ടികള്‍ കൂടുതലായി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. രണ്ടര വര്‍ഷത്തിനുള്ളില്‍ രജിിസ്റ്റര്‍ ചെയ്ത എ-ട്രാക്ടറുകളുടെ എണ്ണം 50,000 ആയി ഇരട്ടിയായി ഉയര്‍ന്നു.
10.3 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്താണ് സംഭവമെന്നോര്‍ക്കണം. കാര്‍ഷിക ഉപകരണങ്ങളുടെ ക്ഷാമം ഉണ്ടായിരുന്ന 1930 കളിലായിരുന്നു എ ട്രാക്ടറുകള്‍ വ്യാപകമായി തുടങ്ങിയത്. കര്‍ഷകര്‍ക്ക് ട്രാക്ടറുകള്‍ ലഭ്യമല്ലാത്തപ്പോള്‍ വിലകുറഞ്ഞ വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സിംപിളായ കാറുകള്‍ ഒരുമിച്ച് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയായിരുന്നു.
1950-കളില്‍, സമ്പദ്വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ യഥാര്‍ത്ഥ ട്രാക്ടറുകള്‍ കൂടുതല്‍ സാധാരണമായി മാറി.അതോടെ പുതിയ രീതിയിലുള്ള ഇത്തരം വാഹനങ്ങളുടെ ആവശ്യകത കുറയാന്‍ തുടങ്ങി. എന്നാല്‍ പൊതുഗതാഗത സംവിധാനം അത്ര വ്യാപകമല്ലാതിരുന്ന നാട്ടിന്‍പുറങ്ങളിലുള്ള കൗമാരക്കാരും യുവാക്കളും ഇത്തരം വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗപ്പെടുത്തി. 1963-ലെ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളോടെ ഇതിന് നിയമസാധുത കൈവരുത്തി.
2018ല്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത റോഡ് യോഗ്യതാ പരിശോധന അധികാരികള്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ ഇക്കാര്യത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. മാര്‍ച്ച് തുടക്കത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഈ സംവിധാനത്തെ വിമര്‍ശിക്കുകയും ഒരു പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിരത്തിലെത്തുന്ന എ-ട്രാക്ടറുകളുടെ എണ്ണത്തിന് അനുസരിച്ച് അവ ഉള്‍പ്പെടുന്ന അപകടങ്ങളുടെയും എണ്ണം വര്‍ധിച്ചു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ എ-ട്രാക്ടറുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണം അഞ്ചിരട്ടിയിലധികം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്‍ഷുറര്‍മാരും പൊലീസും ആശങ്ക പ്രകടിപ്പിച്ചു. അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 200 പിന്നിട്ടു. കഴിഞ്ഞ വര്‍ഷം എ-ട്രാക്ടറുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ സ്വീഡൻ ഈ ഒരു സംവിധാനത്തിന് നേരെ ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








