ടാക്സുമില്ല രജിസ്ട്രേഷൻ ഫീയുമില്ല ഇവികൾക്ക് സർവ്വതും ഫ്രീയാക്കി ആദ്യ ഇന്ത്യൻ സംസ്ഥാനം! കേരളമൊക്കെ കണ്ടുപഠിക്ക്
ടാക്സും രജിസ്ട്രേഷനും മറ്റ് ചാർജുകളും നൂലാമാലകളും ഒന്നും തന്നെ ഇല്ലാതെ വാഹനം വാങ്ങാൻ ഒരു അവസരം ലഭിച്ചാലോ? നട്ടുച്ചയ്ക്ക് നട്ടഭ്രാന്ത് പറയുകയാണ് എന്ന് തോന്നരുത്. ഈ വിധ എക്സ്ട്ര ചാർജുകൾ ഒന്നും ഇല്ലാതെ ഒരു പുതുപുത്തൻ ഇവി സ്വന്തമാക്കാനുള്ള വഴികൾ എല്ലാം തന്നെ ജനങ്ങൾക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്താനും, ജനങ്ങൾ ഇവിയിലേക്ക് സ്വയം മാറുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാരിന്റെ ഈ നീക്കം.
പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒരു കുഞ്ഞ് പോംവഴി എന്ന നിലയിൽ പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് കൂടുതൽ ഇക്കോ ഫ്രണ്ട്ലിയായ ഇവികളിലേക്ക് സ്വിച്ച് ചെയ്യുന്നത് കാര്യങ്ങൾ മെച്ചപ്പെടുത്തും. ഡൽഹി പോലെയുള്ള മെട്രോ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കാര്യമായ അളവിൽ കുറയ്ക്കാൻ ഇവികൾക്ക് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര സർക്കാരും ഇവികളുടെ അഡോപ്ഷനെ പിന്തുണയ്ക്കുന്നു, എന്നാൽ ആദ്യ കാലങ്ങളിൽ നൽകിയിരുന്ന സബ്സിഡികളും ആനുകൂല്യങ്ങളും അത്ര കാര്യമായി ഇപ്പോൾ ഇവികൾക്ക് ലഭിക്കുന്നില്ല. എന്നിരുന്നാലും തെലങ്കാന സർക്കാരിന്റെ ഈ നീക്കം ജനങ്ങൾക്ക് വളരെ ആശ്വാസജനകമാണ്. പുത്തൻ നയത്തിൽ അധികൃതർ എന്തെല്ലാമാണ് നടപ്പിലാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആദ്യമായി തന്നെ തെലങ്കാന നിവാസികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ റോഡ് ടാക്സ്/ നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും 100 ശതമാനം ഇളവ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ നീക്കം മുകളിൽ സൂചിപ്പിച്ചതുപോലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, ഇവികളെ കൂടുതൽ ആകർഷകമാക്കാനും പൊതുജനങ്ങൾക്ക് വലിയ ഭാരമില്ലാതെ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

സർക്കാർ ഉത്തരവ് 41 -ൽ വ്യക്തമാക്കിയിരിക്കുന്ന സംസ്ഥാനത്തിൻ്റെ പുതുക്കിയ ഇവി നയം നവംബർ 18 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും എന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി. ഇതോടെ തെലങ്കാനയിലെ ഇലക്ട്രിക് വാഹന വിപണി കൂടുതൽ മെച്ചപ്പെടും എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല.
ഈ നയത്തിന് കീഴിലുള്ള റോഡ് ടാക്‌സിനും രജിസ്‌ട്രേഷൻ ഫീസിനും ഉള്ള ഇളവുകൾ രണ്ട് വർഷത്തേക്ക് നീണ്ടുനിൽക്കും. 2026 ഡിസംബർ 31 -വരെ ഇവയ്ക്ക് സാധുത ഉണ്ടാവും എന്നത് ശ്രദ്ധേയമാണ്. ഇവി നയം മെച്ചപ്പെടുത്തി ഇലക്ട്രിക് വാഹന വിൽപ്പനയും അഡോപ്ഷനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രീൻ & ക്ലീൻ ഹൈദരാബാദ് സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. യോഗ്യരായ വാഹനങ്ങളുടെ എണ്ണം 5,000 ആയി പരിമിതപ്പെടുത്തിയ മുൻ ഇവി പോളിസിയിൽ നിന്ന് (2020-30) വ്യത്യസ്തമായി.

2020-30 മുൻ ഇവി നയത്തിലെ പരിമിതികളൊന്നും പുതിയ ചട്ടക്കൂട് ഏർപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. പുത്തൻ ഇവി നയത്തിന്റെ ഈ നിർദ്ദിഷ്‌ട കാലയളവിനുള്ളിൽ സംസ്ഥാനത്തെ നിവാസികൾക്ക് സ്വകാര്യ കാറുകൾ, ബസുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെ യാതൊരു പരിധിയുമില്ലാതെ ഇവികൾ വാങ്ങാനും ആനുകൂല്യങ്ങൾ അനുഭവിക്കാനുമാവും.
ഇലക്‌ട്രിക് ടൂവീലറുകൾ, ഫോർ വീലറുകൾ, ടാക്സി പോലുള്ള വാണിജ്യ യാത്രാ വാഹനങ്ങൾ, സ്വകാര്യ കാറുകൾ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ, ത്രീ വീലർ ഗുഡ്‌സ് വാഹനങ്ങൾ തുടങ്ങിയ ഇലക്ട്രിക് ലൈറ്റ് ഗുഡ്‌സ് ക്യാരിയറുകൾ കൂടാതെ ഇലക്ട്രിക് ട്രാക്ടറുകൾ, ഇലക്ട്രിക് ബസുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ തരം ഇവികൾക്ക് ഈ ഇളവുകൾ എല്ലാം ബാധകമാണ്.
അതോടൊപ്പം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (TSRTC) നടത്തുന്ന ഇലക്ട്രിക് ബസുകൾക്ക് അവയുടെ പ്രവർത്തന കാലയളവിലുടനീളം ഈ ഇളവ് ബാധകമാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ, സംസ്ഥാനത്ത് ഇവി മാർക്കറ്റ് കൂടുതൽ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാനും സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് ക്രമാനുഗമമായി മാറാനും ഈ നയം ശ്രമിക്കുന്നു.


Click it and Unblock the Notifications








