'KL' വണ്ടിയുമായി ബാംഗ്ലൂരില്‍ കറങ്ങുന്ന മല്ലൂസ് ജാഗ്രതൈ! ഈ നിയമം പാലിച്ചില്ലെങ്കില്‍ വണ്ടി പൊലീസ് കൊണ്ടുപോകും
കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ ഐടി സെക്ടറില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. മാത്രമല്ല നഗരത്തില്‍ പഠനത്തിനായും മറ്റ് ജോലി ആവശ്യങ്ങള്‍ക്കുമായും ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. ബാംഗ്ലൂരില്‍ ഒരു തവണയെങ്കിലും പോയവര്‍ക്കറിയാം നഗരത്തില്‍ ഭക്ഷണശാലകള്‍, ബേക്കറികള്‍ എന്നിവയടക്കം ചില ബിസിനസുകളില്‍ മലയാളികളുടെ ആധിപത്യമാണ്. ബാംഗ്ലൂരില്‍ ജോലിക്കായും പഠനത്തിനായും എത്തുന്ന പലരും കുറച്ച് നാളുകള്‍ക്ക് ശേഷം നാട്ടിലുള്ള തങ്ങളുടെ 'KL' രജിസ്‌ട്രേഷനിലുള്ള വാഹനം അങ്ങോട്ട് കൊണ്ട് പോവാറുണ്ട്.
എന്നാല്‍ ഇനി മുതല്‍ അങ്ങനെ ചെയ്യുന്നവര്‍ നിയമവശം കൃത്യമായി മനസ്സിലാക്കി വേണം അത് ചെയ്യാന്‍ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാരണം ബാംഗ്ലൂരില്‍ അനധികൃതമായി ഓടുന്ന നോണ്‍-കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ ദി ഇന്ത്യന്‍ മോട്ടോര്‍ഹെഡ്‌സ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ ഹ്രസ്വ വീഡിയോയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥരും കര്‍ണാടക പൊലീസും മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പറുള്ള മെര്‍സിഡീസ്-ബെന്‍സ് ഇ-ക്ലാസ് ഉടമയ്ക്ക് പിഴ ചുമത്തുന്നത് കാണാന്‍ കഴിയും. ഫെറാറി, ഔഡി ആഡംബര കാര്‍ ഉടമകള്‍ക്ക് പിഴ ചുമത്തിയാണ് യജ്ഞം ആരംഭിച്ചത്. തുടര്‍ന്ന് ആര്‍ടിഒ ഉദ്യോഗസ്ഥരും പോലീസ് അധികാരികളും ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണ കാറുകള്‍ കണ്ടെത്തുന്നു.
ഇനി എന്തുകൊണ്ടാണ് ഈ വാഹനങ്ങള്‍ക്ക് പിഴ ലഭിക്കാന്‍ കാരണമെന്ന് നമുക്ക് നോക്കാം. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനങ്ങള്‍ 11 മാസം വരെ മറ്റൊരു സംസ്ഥാനത്ത് തുടരാന്‍ അനുവാദമുണ്ട്. അതിനുശേഷം ഉടമ അവ സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, 2014-ലെ കര്‍ണാടക മോട്ടോര്‍ വാഹന നികുതി നിയമ ഭേദഗതി പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് 30 ദിവസം മാത്രമേ തുടരാന്‍ അനുവാദമുള്ളൂ.

ഈ കാലയളവ് കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ സാധിക്കും. നിലവില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഒരു വാഹനം കര്‍ണാടകയില്‍ പ്രവേശിച്ചാല്‍ ഉടമ ആര്‍ടിഒ ഉദ്യോഗസ്ഥരെ അറിയിച്ച് ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങണമെന്നാണ് നിയമം. ഇത് പാലിച്ചാല്‍ മാത്രമേ വാഹനം കര്‍ണാടകയിലെ നിരത്തിലിറക്കാന്‍ പറ്റൂ. കൂടാതെ 11 മാസം അവസാനിച്ച ശേഷം ഉടമ റോഡ് നികുതി അടയ്ക്കുകയും വേണം.
എന്നാല്‍ 11 മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് വാഹനം സംസ്ഥാനം വിട്ടാല്‍ നികുതി അടയ്‌ക്കേണ്ടതില്ല. നിലവില്‍ ഗതാഗത വകുപ്പും പൊലീസും കര്‍ണാടക രജിസ്‌ട്രേഷനില്‍ അല്ലാത്ത എല്ലാ വാഹനങ്ങളും നിര്‍ത്തി പരിശോധിക്കുന്നുണ്ട്. ഒരു വാഹനം 11 മാസത്തില്‍ കൂടുതല്‍ കര്‍ണാടകയിലുണ്ടെങ്കില്‍ ഉടന്‍ തന്നെ റോഡ് നികുതി അടയ്ക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നു.

പരിശോധിക്കുന്ന വാഹനങ്ങള്‍ക്ക് എതെങ്കിലും തീര്‍പ്പാക്കാനുള്ള ചലാനുകള്‍ ഉണ്ടോ എന്നും അവര്‍ പരിശോധിക്കുന്നു. മുന്‍കാല പിഴകള്‍ കണ്ടെത്തി വാഹനം പുതിയ രജിസ്‌ട്രേഷന്‍ ഗ്രേസ് പിരീഡ് കഴിഞ്ഞിട്ടും തങ്ങുന്നുണ്ടെന്ന് മനസ്സിലായാല്‍ അവരില്‍ നിന്ന് വീണ്ടും പിഴ ഈടാക്കുന്നു. നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളും സ്വീകരിക്കുന്നുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ പോലും അധികാരികള്‍ വെറുതെ വിടുന്നില്ലെന്നാണ്് റിപ്പോര്‍ട്ട്. കര്‍ണാടകയുടെ തൊട്ടടുത്ത് കിടക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഹൊസൂര്‍ (TN-70), ആന്ധ്രാപ്രദേശിലെ ഗജുവാക്കയുടെ അതിര്‍ത്തി പ്രദേശത്തെ രജിസ്‌ട്രേഷനായ AP-39 എന്നിവയ്ക്ക് മാത്രമേ ഇതില്‍ ഇളവ് നല്‍കുന്നുള്ളൂ. എന്നാല്‍ കേന്ദ്ര-കര്‍ണാടക നിയമങ്ങള്‍ തമ്മിലുള്ള മാറ്റം പലപ്പോഴും ആശയക്കുഴപ്പത്തിന് കാരണമാകുന്നു.
ഒരു വശത്ത്, 1988 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം പ്രകാരം ഒരു വാഹനത്തിന് 11 മാസം വരെ മറ്റൊരു സംസ്ഥാനത്ത് തുടരാമെന്ന് പറയുന്നു. അതേസമയം, കര്‍ണാടകയിലെ നിയമം 30 ദിവസം മാത്രമാണ് സംസ്ഥാനത്ത് തങ്ങാന്‍ അനുവാദം നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെയും അധികാരകളില്‍ നിന്നുള്ള ഈ പരിശോധന ബാധിക്കുമെന്ന് ഉറപ്പാണ്.
അതുകൊണ്ട് നിങ്ങള്‍ സ്വന്തം വാഹനം ബാംഗ്ലൂരിലോ സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും നഗരത്തിലോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന് ആവശ്യമായ നിയമവശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു വാഹനം വാങ്ങി ഉപയോഗിക്കുന്നതാകും ഉത്തമം. ഭാരത് നമ്പര്‍പ്ലേറ്റുള്ള വാഹനമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പേടിക്കാനില്ല. ഈ വാര്‍ത്ത നിങ്ങളുടെ ബാംഗ്ലൂരില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








