കുളിക്കാന്‍ പാകത്തിന് 'എണ്ണ'! എന്നിട്ടും ഈ രാജ്യത്ത് പെട്രോള്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍
മലിനീകരണം കുറയ്ക്കാനും സുസ്ഥിര ഭാവിക്കുമായി ലോകം മൊത്തം ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനായി ഓരോ രാജ്യങ്ങളും പ്രതിബദ്ധത പുലര്‍ത്തുന്നു. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ വിരലിലെണ്ണാവുന്ന ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യം മറ്റെല്ലാ രാഷ്ട്രങ്ങളെയും അസൂയപ്പെടുത്തുന്ന നേട്ടം കൈവരിച്ചു. നോര്‍വേയില്‍ ഇപ്പോള്‍ പെട്രോള്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ആണെന്ന സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എണ്ണ ഉത്പാദകരായ ഒരു രാജ്യമാണ് ലോകത്ത് ഇത്തരമൊരു നേട്ടത്തില്‍ ആദ്യമായി എത്തിയത് എന്നതാണ് രസകരമായ കാര്യം.
വെറും 5.5 ദശലക്ഷം മാത്രം ജനസംഖ്യയുള്ള നോര്‍വേ 2025-ഓടെ പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുന്ന ആദ്യ രാജ്യമാകാന്‍ ഒരുങ്ങുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2.8 ദശലക്ഷം സ്വകാര്യ കാറുകളില്‍ 7,54,303 എണ്ണം ഫുള്‍ ഇലക്ട്രിക് കാറുകളാണെന്ന് ഇന്‍ഡസ്ട്രി ബോഡി നോര്‍വീജിയന്‍ റോഡ് ഫെഡറേഷന്‍ (OFV) അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം പെട്രോളില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം 7,53,905 ആണ്. എങ്കിലും രാജ്യത്ത് ഇപ്പോഴും ഡീസല്‍ കാറുകള്‍ക്കാണ് ആധിപത്യം. നോര്‍വീജിയന്‍ നിരത്തുകളില്‍ ഏകദേശം ഒരു ദശലക്ഷം ഡീസല്‍ കാറുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ അവയുടെ വില്‍പ്പനയും അതിവേഗം കുറയുന്നു. നോര്‍വേയുടെ കാര്‍ ഫ്ലീറ്റ് നവീകരണത്തിന്റെ വേഗത ശ്രദ്ധിക്കുമ്പോള്‍ 2026 ആകുമ്പോഴേക്കും നോര്‍വേയില്‍ ഡീസല്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകളായിരിക്കും ഉണ്ടാകുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2024 ഓഗസ്റ്റില്‍ നോര്‍വേയില്‍ നടന്ന പുതിയ കാര്‍ രജിസ്‌ട്രേഷനുകളില്‍ 94.3 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. 20 വര്‍ഷം മുമ്പ് 2004 സെപ്റ്റംബറില്‍, രാജ്യത്ത് 1.6 ദശലക്ഷം പെട്രോള്‍ കാറുകളും ഏകദേശം 230,000 ഡീസല്‍ കാറുകളും വെറും 1,000 ഇലക്ട്രിക് വാഹനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തില്‍ പറഞ്ഞ പോലെ എണ്ണയ്ക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഒരു രാജ്യത്ത് എങ്ങനെ ഇലക്ട്രിക് കാറുകള്‍ പെട്രോള്‍ കാറുകളേക്കാള്‍ കൂടുതലായി എന്ന സംശയം ഇത് വായിക്കുന്ന പലര്‍ക്കും തോന്നിയേക്കാം.

ആഗോള ഇവി ഭീമനായ ഇലോണ്‍ മസ്‌ക് അവിടെ കാറുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ടോ അതോ മറ്റെവിടെ നിന്നെങ്കിലും നോര്‍വേക്ക് വൈദ്യുതി ഫ്രീയായി കിട്ടുന്നുണ്ടോ എന്നിങ്ങനെ സംശയം പലര്‍ക്കും തോന്നാം. ഏതായാലും ഇത് വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ട് നേടിയെടുത്ത സംഗതിയാണെന്ന് പറയാം.
നോര്‍വേ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പ്രകൃതി വാതക ഉല്‍പ്പാദക രാജ്യമാണ്. അമേരിക്കയും റഷ്യയും ഖത്തറും മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്.
ക്രൂഡ് ഓയിലിനെക്കുറിച്ച് പറയുകയാണെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരാണ് നോര്‍വേ. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് പ്രകൃതിവാതകത്തിനും അസംസ്‌കൃത എണ്ണയ്ക്കും ക്ഷാമമില്ലെന്ന് മനസ്സിലായിക്കാം. പ്രകൃതി വാതകത്തിന്റെയും ക്രൂഡ് ഓയിലിന്റെയും ഏതാണ്ട് മുഴുവന്‍ വിഹിതവും നോര്‍വേ കയറ്റുമതി ചെയ്യുന്നു.
ലോകത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വലിയ കരുതല്‍ ശേഖരവും അതിന്റെ സമ്പൂര്‍ണ കയറ്റുമതിക്കാരുമായ നോര്‍വെ ഇതില്‍ നിന്നുള്ള വരുമാനമാണ് ഇലക്ട്രിക് കാറുകളുടെ പ്രചാരണത്തിനായി നിക്ഷേപിക്കുന്നത്. ഇവികളുടെ പ്രചാരണത്തിനായി വലിയ ആനുകൂല്യങ്ങളും സബ്സിഡിയും ഭരണകൂടം വാഗ്ദാനം ചെയ്യുന്നു. കാര്‍ വിലയില്‍ 25 ശതമാനം നികുതി ഇളവ്, റോഡ് ടാക്‌സില്‍ 50 ശതമാനം നികുതി ഇളവ് എന്നിവ ലഭ്യമാക്കി.
ഇവികള്‍ ജനകീയമാക്കാന്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയും വന്‍ നിക്ഷേപം നടത്തി. രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശക്തമായ ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പലയിടത്തും പെട്രോള്‍ പമ്പുകള്‍ നീക്കം ചെയ്യുകയും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. പഴയ കാറുകള്‍ ഒഴിവാക്കുന്നവര്‍ക്ക് വമ്പിച്ച ഇന്‍സെന്റീവുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇവികള്‍ക്ക് നികുതിയിളവ് നല്‍കുന്ന അതേസമയം തന്നെ പെട്രോളിന് കനത്ത നികുതിയും ചുമത്താന്‍ തുടങ്ങിയതും ഒരു കാരണമാണ്.
നിലവില്‍ നോര്‍വേയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഏകദേശം 2.15 ഡോളര്‍ ആണ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 180 രൂപ വരും. പെട്രോള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒരു രാജ്യത്താണ് ഈ തീവിലയെന്ന് ഓര്‍മ വേണം. ഇലക്ട്രിക് കാറുകളില്‍ മാത്രമാണ് നോര്‍വീജിയന്‍ സര്‍ക്കാര്‍ ഭാവി കാണുന്നത് എന്ന കാര്യം വ്യക്തമാണ്. 2025-ഓടെ പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ വാഹനങ്ങളുള്ള രാജ്യമായി മാറാനാണ് നോര്‍വേ ലക്ഷ്യമിടുന്നത്.
നോര്‍വേയിലെ ഇവി വില്‍പ്പന പരിശോധിക്കുമ്പോള്‍ അവിടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ടെസ്‌ല മോഡല്‍ Y ആണ്. മൊത്തം കാര്‍ വില്‍പ്പനയുടെ 23 ശതമാനം കൈയ്യടക്കി വെച്ചിരിക്കുന്നത് ടെസ്ല മോഡല്‍ Y ആണ്. ടെസ്ല മോഡല്‍ Y ഇവിയുടെ 1747 യൂണിറ്റുകള്‍ ഒരു മാസത്തില്‍ വിറ്റഴിക്കുമ്പോള്‍ ഹ്യുണ്ടായിക്കും നിസാനും ഏകദേശം 200 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാന്‍ സാധിക്കുന്നത്. ടെസ്ല ഇതിനകം രാജ്യത്ത് ശക്തമായ ചാര്‍ജിംഗ് ശൃംഖല സ്ഥാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








