RX100, മാക്‌സ് 100 എന്നിവ പഴങ്കഥ; ഇപ്പോൾ മരണക്കിണറിലെ 'അഭ്യാസി' ആരെന്ന് കണ്ടാൽ കിളിപോകും!
ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും പ്രദര്‍ശിക്കപ്പെടുന്ന ഒരിനം സര്‍ക്കസ് പ്രകടനമാണ് മരണക്കിണറുകള്‍. കാണികളെ മുള്‍മുനയില്‍ നിര്‍ത്തി ജീവന്‍ കൈയ്യില്‍ പിടിച്ച് അഭ്യാസികള്‍ നടത്തുന്ന പ്രകടനം പലരുടെയും നെസ്റ്റാള്‍ജിയയുടെ ഭാഗമാണ്. മനസ്സൊന്നു പതറിയാല്‍ കയ്യൊന്നു വിറച്ചാല്‍ എന്തും സംഭവിക്കാവുന്ന ഒന്നാണ് മരണക്കിണര്‍. കിണറിന്റെ രൂപത്തില്‍ മരം കൊണ്ട് ഉണ്ടാക്കിയ 20 മുതല്‍ 36 അടി വരെ വ്യാസമുള്ള സിലിണ്ടറിന്റെ കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോര്‍സൈക്കിളുകളും ചെറിയ കാറുകളും ഓടിച്ചാണ് അഭ്യാസം. കിണറിന്റെ അടിയില്‍ നിന്നും വളവുകളിലൂടെ പാഞ്ഞ് വരുന്ന അഭ്യാസികള്‍ ബൈക്കില്‍ നിന്നും കൈകള്‍ വിട്ട് കാണികള്‍ ഇട്ടുകൊടുക്കുന്ന നോട്ടുകള്‍ എത്തിപ്പിടിച്ചു വാങ്ങുന്ന കാഴ്ച കോരിത്തരിപ്പ് ഉണ്ടാക്കുന്നതാണ്.
സെന്‍ട്രിഫ്യൂഗല്‍ ബലം ഉപയോഗപ്പെടുത്തിയാണ് കുത്തനെയുള്ള വശങ്ങളിലൂടെ അഭ്യാസികള്‍ അതിവിദഗ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നത്. ആദ്യകാലത്ത് മരണക്കിണറുകളില്‍ യമഹ RX100, സുസുക്കി മാക്‌സ്100 തുടങ്ങിയ ടൂസ്‌ട്രോക്ക് ടൂവീലറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഭാരം കുറഞ്ഞ ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളായ ഹീറോ സ്‌പ്ലെന്‍ഡര്‍, ബജാജ് പ്ലാറ്റിന എന്നിവയിലേക്ക് മാറി. ചില സ്റ്റണ്ട്മാന്‍മാര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പോലുള്ള ഹെവി മോട്ടോര്‍സൈക്കിളുകളും ബജാജ് പള്‍സര്‍, ടിവിഎസ് അപ്പാച്ചെ പോലുള്ള 150 സിസി മോട്ടോര്‍സൈക്കിളുകളും ഉപയോഗിക്കുന്നു.

എന്നാല്‍ കാലംമാറിയതോടെ മരണക്കിണറിലെ വണ്ടിയും 'ഇലക്ട്രിക്കായി'. ഇപ്പോള്‍ മരണക്കിണറില്‍ സ്റ്റണ്ട് നടത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീഡിയോയില്‍ ഓല S1ഇലക്ട്രിക് സ്‌കൂട്ടറിലാണ് അഭ്യാസി മരണക്കിണര്‍ ചുറ്റുന്നത്. ഇതാദ്യമായാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ മരണക്കിണറില്‍ അഭ്യാസം നടത്തുന്നത് ശ്രദ്ധയില്‍ പെടുന്നത്. 'ഓല ഓണേഴ്‌സ് മുംബൈ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ വീഡിയോയില്‍ റൈഡര്‍ ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ മരണക്കിണറിലെ വട്ടത്തിലൂടെ ഓടിക്കുന്ന കാഴ്ച ഹിറ്റ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ തല്‍ക്ഷണ ടോര്‍ട്ട് അഭ്യാസിക്ക് പ്രയോജനപ്പെടുന്നുണ്ട്. ഈ സ്റ്റണ്ടിംഗ് നടത്തിയത് പ്രഫഷനലാണെന്ന മുന്നറിയിപ്പും വീഡിയോയുടെ കൂടെ പേജ് അഡ്മിന്‍ നല്‍കിയിട്ടുണ്ട്. ഇതാദ്യമായല്ല ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇത്തരം സ്റ്റണ്ടുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.

ഓല S1 സ്‌കൂട്ടറിന്റെ ലൈറ്റ് കെര്‍ബ് വെയ്റ്റും തല്‍ക്ഷണ ടോര്‍ക്കും പ്രഫഷനല്‍ സ്റ്റണ്ടര്‍മാര്‍ക്ക് അനുയോജ്യമായ ഘടകങ്ങളാണ്. ഇത്തരം സ്റ്റണ്ടുകളില്‍ അപകട സാധ്യത ഒളിഞ്ഞിരിക്കുന്നതിനാല്‍ പരിശീലനം ലഭിക്കാത്തവര്‍ ഇവ പരീക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. S1 X, S1 എയര്‍, S1 പ്രോ എന്നിവയടങ്ങുന്ന ഓലയുടെ S1 ശ്രേണി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ്.
ഗിഗ്, S1 Z എന്നിങ്ങനെ രണ്ട് പുത്തന്‍ ഇവികള്‍ അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓല തങ്ങളുടെ സ്‌കൂട്ടര്‍ നിര വിപുലീകരിച്ചിരുന്നു. രണ്ടിലും കമ്പനി 1.5 kWh റിമൂവബിള്‍ ബാറ്ററി പായ്ക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഗിഗ് പ്രധാനമായും വാണിജ്യ വാഹന മേഖലയെ ലക്ഷ്യംവെച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഓല ഗിഗിന്റെ ബേസ് മോഡലിന്റെ വില 39,999 രൂപയാണ്.

112 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ IDC ക്ലെയിംഡ് റേഞ്ച്. 250 W ഇലക്ട്രിക് മോട്ടോര്‍ കരുത്ത് പകരുന്നത് ഇലക്ട്രിക് മോട്ടോര്‍ മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അനുവദിക്കുന്നു. 1.5 kW ഹബ് മോട്ടോറും 1.5 kWh ബാറ്ററി പായ്ക്കുമുള്ള ഗിഗ് പ്ലസ് വേരിയന്റും ലഭ്യമാണ്.
സിംഗിള്‍ ചാര്‍ജില്‍ 81 മുതല്‍ 157 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററാണ്. 49999 രൂപയാണ് വില. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഇവിയാണ് ഓല S1 Z . ബേസ് മോഡലിന് 59,999 രൂപ വിലയാണ് എക്‌സ്‌ഷോറൂം വില.
ഡ്യുവല്‍ 1.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് 2.9 kW ഹബ് മോട്ടോറാണ് തുടിപ്പേകുന്നത്. സിംഗിള്‍ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാനാവുമ്പോള്‍ ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 Z ഇലക്ട്രിക് സ്‌കൂട്ടറിന് 146 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ടോപ് സ്പീഡ്. അടുത്ത വര്‍ഷം രണ്ട് സ്‌കൂട്ടറുകളുടെയും ഡെലിവറി ആരംഭിക്കും.


Click it and Unblock the Notifications








