പണി കിട്ടിയോ? ഒല, ഊബർ, റാപ്പിഡോ ഓട്ടോറിക്ഷ സർവീസുകൾ നിർത്തലാക്കും
മൂന്ന് ദിവസത്തിനകം കർണാടകയിൽ ഒല, ഊബർ, റാപ്പിഡോ ഓട്ടോറിക്ഷ സർവീസുകൾ നിർത്തലാക്കും. ഈ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം കമ്പനികൾ നൽകുന്ന ഓട്ടോ സർവീസുകളെ "നിയമവിരുദ്ധം" എന്ന് വിളിച്ച് കർണാടക ഗതാഗത വകുപ്പ് വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണിത്.

ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി ആക്‌ട് 2016 പ്രകാരം ക്യാബ് അഗ്രഗേറ്റർമാർ നടത്തുന്ന ഓട്ടോ സർവീസുകളെ വകുപ്പ് 'നിയമവിരുദ്ധം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വാഹന അഗ്രഗേറ്ററുകളോട് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

രണ്ട് കിലോമീറ്ററിൽ താഴെയുള്ള ദൂരമാണെങ്കിൽ പോലും ഒലയും ഊബറും കുറഞ്ഞത് 100 രൂപ ഈടാക്കുന്നതിനെക്കുറിച്ച് നിരവധി യാത്രക്കാർ ഗതാഗത വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്.

അതേസമയം, കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂൾസ്, 2016 പ്രകാരം ടാക്സികൾ മാത്രം ഓടിക്കാൻ ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഓട്ടോകൾക്ക് ഇ നിയമം ബാധകമല്ല.

ടാക്സികൾ എന്നാൽ ഡ്രൈവർ ഒഴികെ ആറ് യാത്രക്കാരിൽ കവിയാത്ത ഇരിപ്പിട ശേഷിയുള്ള മോട്ടോർ ക്യാബാണ് എന്നാണ് ഗതാഗത വകുപ്പ് നിഷ്കർശിക്കുന്ന ടാക്സി എന്നത്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (സിസിഐ) സെപ്റ്റംബർ 9ന് മുന്നറിയിപ്പ് നൽകുകയും ഓല, ഉബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രഗേറ്ററുകളോട് (സിഎ) വരുമാനം പങ്കിടുന്നത് സംബന്ധിച്ച് വ്യക്തവും സുതാര്യവുമായ നയങ്ങൾ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ്, റൈഡ്-ഹെയ്‌ലിംഗ് കമ്പനികൾ അവരുടെ ഓട്ടോ സർവീസുകൾ എത്രയും വേഗം നിർത്തണമെന്നും ടാക്‌സികളിൽ യാത്രക്കാരിൽ നിന്ന് സർക്കാർ നിർദ്ദേശിച്ച നിരക്കിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കരുതെന്നുമാണ്. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാണ് അഗ്രഗേറ്റർമാർ ഓട്ടോറിക്ഷാ സേവനങ്ങൾ നൽകുന്നത്. കൂടാതെ, സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്നും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അവർ ക്യാബ്-അഗ്രഗേറ്റർ ലൈസൻസ് ഉപയോഗിച്ച് ഓട്ടോ റിക്ഷകൾ ഓടിക്കാൻ പാടില്ല. അഗ്രഗേറ്റർ നിയമങ്ങൾ ക്യാബുകൾക്ക് മാത്രമാണ്. ആപ്പ് വഴി ഓട്ടോ റിക്ഷാ സർവീസുകൾ നിർത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കർണാടക ഗതാഗത വകുപ്പ് കമ്പനിയെ അറിയിച്ചിരിക്കുന്നത്.

മുൻപും ഇത് പോലെ തന്നെ അമിതമായി കൂലി ഈടാക്കുന്നുവെന്ന പരാതികൾ ഉയർന്നു വന്നിരുന്നു. ശരിക്കും സാഹചര്യം ചൂഷണം ചെയ്യുക എന്ന് കേട്ടിട്ടേ ഉളളു. അത് നേരിട്ട് അനുഭവിക്കുമ്പോഴാണ് മനസിലാകുന്നത്. എന്തായാലും എത്ര നാൾ ഇ വിലക്ക് മുന്നോട്ട് പോകുമെന്ന് കണ്ടറിയാം


Click it and Unblock the Notifications








