ഇതുപോലുള്ള ഡീലര്‍മാരായാല്‍ ഹോണ്ട എങ്ങനെ രക്ഷപ്പെടും! ഞെട്ടിക്കുന്ന തട്ടിപ്പിന് "പണി" കൊടുത്ത് കോടതി
പലരും ആശിച്ച് മോഹിച്ചായിരിക്കും ഒരു കാര്‍ വാങ്ങുന്നത്. എന്നാല്‍ വാഹനം അത് ഏതുമായിക്കോട്ടെ പുതിയതോ പഴയതോ ആയിക്കോട്ടെ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 'പണി' കിട്ടാന്‍ എളുപ്പമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാര്‍ ഷോറൂമുകളും സെയില്‍സ് സ്റ്റാഫും ഉപഭോക്താക്കളെ പറ്റിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സംഭവം അടുത്തിടെ രാജ്യത്ത് ആവര്‍ത്തിച്ചു. ഒരു ഹോണ്ട കാര്‍ ഡീലര്‍ പുത്തന്‍ കാറെന്ന് പറഞ്ഞ് ഉപഭോക്താവിന് യൂസ്ഡ് കാര്‍ നല്‍കിയ സംഭവത്തിലാണിപ്പോള്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സംഭവം വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഹോണ്ട കാര്‍ വാങ്ങിയ വ്യക്തി എങ്ങനെയാണ് തട്ടിപ്പിനിരയായത്. ഡീലര്‍ക്കെതിരെ കോടതി എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നീ കാര്യങ്ങള്‍ നമുക്ക് വിശദമായി നോക്കാം.

പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചണ്ഡിഗഡ് സ്വദേശിനിയായ അനു ഗാര്‍ഗാണ് ജലന്ധറിലെ ലാലി മോട്ടോര്‍സ് വഴി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ഹോണ്ട WR-V കാര്‍ വാങ്ങിയത്. അനു ഗാര്‍ഗ് ഹോണ്ട WR-V കാറിന്റെ പുതിയ പതിപ്പ് ബുക്ക് ചെയ്തപ്പോള്‍ പഴയ കാര്‍ നല്‍കി കബളിപ്പിച്ചുവെന്നാണ് പരാതി. ചണ്ഡീഗഡ് ജില്ലാ ഉപഭോക്തൃ കോടതിയാണ് ഡീലര്‍ഷിപ്പ് മാനേജ്മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.
കാറിനായി അനു ഗാര്‍ഗ് അടച്ച മുഴുവന്‍ തുകയും അതായത് 8,77,050 രൂപയും 9 ശതമാനം പലിശയടക്കം തിരികെ നല്‍കാനാണ് കോടതി ഉത്തരവിട്ടത്. മാത്രമല്ല പരാതിക്കാരിക്ക് 50,000 രൂപ അധിക നഷ്ടപരിഹാരവും കോടതി വ്യവഹാരങ്ങള്‍ക്കായി ചെലവ് വന്ന 10,000 രൂപയും ഡീലര്‍ഷിപ്പ് മാനേജ്മെന്റ് നല്‍കാനും ഉത്തരവുണ്ട്.

കാര്‍ ബുക്ക് ചെയ്ത് ഡെലിവറിക്ക് ചെന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. കാറിന്റെ ഡെലിവറിക്കായി ഷോറൂമിലെത്തിയപ്പോള്‍ അവര്‍ അതിന്റെ താഴ്ന്ന വേരിയന്റ് സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായി അനു ഗാര്‍ഗ് പറയുന്നു. കാറില്‍ ഒരു റിയര്‍വ്യൂ ക്യാമറ ഘടിപ്പിക്കാമെന്നും അധികം അടച്ച തുക തിരികെ നല്‍കാമെന്നും ഡീലര്‍മാര്‍ നല്‍കി ഉറപ്പില്‍ പരാതിക്കാരി അതിന് സമ്മതിച്ചു. എന്നാല്‍ 2022 മാര്‍ച്ചില്‍ ഗാര്‍ഗിന്റെ ഭര്‍ത്താവ് മൊഹാലിയിലെ ഹാര്‍മണി ഹോണ്ടയില്‍ കാര്‍ സര്‍വീസിനെത്തിച്ചപ്പോള്‍ ആണ് കള്ളി വെളിച്ചത്തായത്.
കാറിന്റെ വാറണ്ടി മാര്‍ച്ച് 29ന് തീരുമെന്ന് ഡീലര്‍ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. 2019 ജൂലൈ 12ന് വാങ്ങിയ കാറിന് വാറണ്ടി 2022 ജൂലൈ 11 വരെ ഉണ്ടാകുമെന്നിരിക്കേ ഗാര്‍ഗിനും ഭര്‍ത്താവിനും സംഗതി പിടികിട്ടി. ഇക്കാര്യം ജലന്ധറിലെ ഡീലര്‍മാരെ അറിയിച്ചപ്പോള്‍ അത് ക്ലറിക്കല്‍ പിശകാണെന്നായിരുന്നു അവരുടെ വാദം. ഇതിന് പരിഹാരമായി അഞ്ച് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ് നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ ഷോറൂം മാനേജ്‌മെന്റിനെതിരെ നിയമത്തിന്റെ വഴിയില്‍ നീങ്ങാനായിരുന്നു ഗാര്‍ഗിന്റെ തീരുമാനം. ലാലി മോട്ടോര്‍സ് ആരോപണങ്ങള്‍ നിഷേധിക്കുകയും ഈ കാറിന്റെ വില്‍പ്പനയില്‍ തങ്ങള്‍ക്ക് റോള്‍ ഇല്ലെന്ന് ഹോണ്ടയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുകക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഉപഭോക്താവിനെ വഞ്ചിച്ചതിന് ഷോറൂം മാനേജ്മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിച്ചത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വാഹന ഡീലര്‍മാര്‍ക്കെല്ലാം ഒരു താക്കീതാണ്.
അവര്‍ ഇനിയും ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെടില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഉപഭോക്താക്കളെ വിശ്വസിച്ച് ഷോറൂം മാനേജ്മെന്റുകള്‍ ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമല്ല.ഇതിനു മുമ്പും ഇന്ത്യയില്‍ കാര്‍ ഡീലര്‍മാര്‍ ഇത്തരത്തിലുള്ള പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ കോടതികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും തട്ടിപ്പുകള്‍ കുറയുന്നില്ലെന്നതാണ് സത്യം. ജലന്ധറിലെ സംഭവം അതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രം.
പഴയ കാറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത് മാത്രമല്ല റീപെയിന്റ് ചെയ്ത കാറുകള്‍ നല്‍കുന്ന സംഭവവും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. പഴയ കാര്‍ വാങ്ങുമ്പോള്‍ മാത്രമല്ല പുതിയ കാര്‍ വാങ്ങുമ്പോള്‍ പോലും കബളിപ്പിക്കപ്പെട്ടേക്കാമെന്ന വസ്തുത വാഹനപ്രേമികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി ഉപഭോക്താക്കളെ ഡീലര്‍മാര്‍ കബളിപ്പിക്കുന്നത് വേദനാജനകമാണ്. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ നല്ല വിശ്വാസ്യതയുള്ള ഡീലര്‍മാരില്‍ നിന്നാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications








