നടിമാരോട് കിടപിടിക്കുന്ന സൗന്ദര്യം! ടാറ്റ ഇലക്ട്രിക് കാര്‍ സമ്മാനമായി നല്‍കിയ സുന്ദരി രാജ്യത്തിന്റെ അഭിമാനം
കായിക ലോകത്ത് ഇന്ത്യക്കായി നേട്ടങ്ങള്‍ സമ്മാനിക്കുന്ന താരങ്ങളെ ആദരിക്കുന്ന പതിവ് ചില വാഹന നിര്‍മാതാക്കള്‍ പിന്തുടര്‍ന്ന് വരാറുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുമ്പ് ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്കും ക്രിക്കറ്റ്, ചെസ് താരങ്ങള്‍ക്കും വാഹനങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. ഇക്കുറി ആ ട്രെന്‍ഡ് പിന്തുടരുന്നത് ടാറ്റ മോട്ടോര്‍സാണ്. 2024 പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കറിനെ പുത്തന്‍ കാര്‍ നല്‍കി ആദരിച്ചിരിക്കുകയാണ് ടാറ്റ. വനിതകളുടെ വ്യക്തിഗത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, മിക്സഡ് ടീം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗങ്ങളിലാണ് മനു മെഡല്‍ ഷൂട്ട് ചെയ്തിട്ടത്.
ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന രാജ്യത്തെ ആദ്യ വനിതാ ഷൂട്ടര്‍ കൂടിയാണ് മനു. പുത്തന്‍ കര്‍വ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ താക്കോല്‍ മനു ഭാക്കറിന് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ടാറ്റയുടെ ഇവി ഡിവിഷന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ഗോള്‍കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷിന് ശേഷം ടാറ്റ കര്‍വ് ഇവി സമ്മാനമായി സ്വീകരിക്കുന്ന രണ്ടാമത്തെ ഒളിമ്പിക് മെഡല്‍ ജേതാവാണ് മനു.

ഗുരുഗ്രാമിലെ സെക്ടര്‍ 14-ല്‍ സ്ഥിതി ചെയ്യുന്ന ടാറ്റയുടെ ഇവികള്‍ക്ക് മാത്രമായുള്ള ഷോറൂമില്‍ വെച്ചായിരുന്നു പരിപാടി. മനു ഭാക്കര്‍ പുതിയ ടാറ്റ കര്‍വ് ഇവിയുടെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ടാറ്റ.ഇവി എക്‌സില്‍ പങ്കുവെച്ചു. ഒളിമ്പ്യന്റെ മാതാപിതാക്കളായ രാം കിഷന്‍ ഭാക്കറും സുമേധ ഭാക്കറും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ മാസമാണ് ടാറ്റ മോട്ടോര്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍വ് ഇവി കൂപ്പെ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ മോഡലിന്റെ പ്രാരംഭ വില 17.49 ലക്ഷം രൂപയാണ്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+, എംപവേര്‍ഡ്, എംപവേര്‍ഡ്+ A എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് കര്‍വ് ഇവി ഓഫര്‍ ചെയ്യുന്നത്.

മനു ഭാക്കറിന് ഏറ്റവും മികച്ച എംപവേര്‍ഡ്+ വേരിയന്റ് ലഭിച്ചിരിക്കാനാണ് സാധ്യത. പ്യുവര്‍ ഗ്രേ ഫിനിഷിലുള്ള കര്‍വാണ് മനുവിന് ടാറ്റ നല്‍കിയത്. പനോരമിക് സണ്‍റൂഫ്, വിന്‍ഡ്ഷീല്‍ഡില്‍ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ക്യാമറ, ഡ്യുവല്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് ക്യാമറ എന്നിവ ദൃശ്യമാകുന്നതിനാല്‍ ഇത് ഒരു ഫുള്ളി ലോഡഡ് എംപവേര്‍ഡ് പ്ലസ് A വേരിയന്റാണെന്ന് മനസ്സിലാക്കാം.
എംപവേര്‍ഡ് പ്ലസ് A വേരിയന്റിന് 55 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 585 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ ലോവര്‍-സ്‌പെക്ക് വേരിയന്റുകള്‍ക്ക് 502 കിലോമീറ്റര്‍ ക്ലെയിംഡ് റേഞ്ചുള്ള 45 kWh ബാറ്ററി പായ്ക്ക് ലഭിക്കും.

70kW ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ഇതിന്റെ ബാറ്ററി 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. 1.2സി ചാര്‍ജിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കാര്‍ 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും 150 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവ ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഉള്‍പ്പെടുന്നു.
ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍-2 ADAS സ്യൂട്ട് എന്നിങ്ങനെ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. തന്റെ പുതിയ ടാറ്റ കര്‍വ് ഇവി കൂപ്പെ എസ്‌യുവിക്ക് പുറമേ സ്റ്റാറി ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ ഒരു എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയും മനു ഭാക്കറിന് സ്വന്തമായുണ്ട്. ഈ വാഹനത്തോടൊപ്പമുള്ള ഒരു ചിത്രം എംജി അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചിരുന്നു.
ടാറ്റയെ കൂടാതെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്ക് കാര്‍ സമ്മാനമായി പ്രഖ്യാപിച്ച മറ്റൊരു കമ്പനിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഒളിമ്പിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയവര്‍ക്ക് ഒരു പുതിയ എംജി വിന്‍ഡ്‌സര്‍ ഇവി ലഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11-നാണ് ഈ ക്രോസ്ഓവര്‍ ഇവി ലോഞ്ച് ചെയ്യുക. ആംബിയന്റ് ലൈറ്റിംഗ്, എയര്‍പ്ലെയിന്‍-സ്‌റ്റൈല്‍ റീക്ലൈനിംഗ് സീറ്റുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഒരു ഗ്ലാസ് റൂഫ്, ബ്ലാക്ക് അപ്ഹോള്‍സ്റ്ററി എന്നിവയുള്‍പ്പെടെ ഫീച്ചറുകള്‍ കുത്തിനിറച്ചാണ് എത്തുക.
വരാനിരിക്കുന്ന എംജി വിന്‍ഡ്‌സര്‍ ഇവിയില്‍ രണ്ട് ബാറ്ററി പായക്ക് ഓപ്ഷനുകള്‍ ഉണ്ടാകും. 50.6 kWh, 37.9 kWh എന്നിവയാണവ. രണ്ട് പതിപ്പുകളിലും 136 PS പവറും 200 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ശക്തി പകരും. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമാണ് വിന്‍ഡ്‌സര്‍ എന്നാണ് എംജി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








