മൂന്ന് തവണ മറിഞ്ഞിട്ടും ഓണര്‍ സേഫ്; ബില്‍ഡ് ക്വാളിറ്റിയില്‍ വീണ്ടും വീരനായി നെക്‌സോണ്‍
ഇന്ന് സോഷ്യല്‍ മീഡിയ എടുത്താല്‍ പല കാര്‍ ബ്രാന്‍ഡുകള്‍ക്കും സ്വന്തമായി ഫാന്‍സുള്ളതായി നമുക്ക് കാണാം. പലപ്പോഴും വാഹന സംബന്ധമായ ഗ്രൂപ്പുകളില്‍ ഇഷ്ട ബ്രാന്‍ഡിനായി വാദിക്കുന്ന വണ്ടിഭ്രാന്തന്‍മാരുണ്ട്. ബില്‍ഡ് ക്വാളിറ്റി കൊണ്ട് ഇന്ത്യയില്‍ സ്വന്തമായി ഫാന്‍ബേസ് ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ് (Tata Motors).
ടാറ്റയുടെ ഓരോ കാറുകളുടെയും ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന പുതിയ വീഡിയോകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ടാറ്റ കാറുകള്‍ സേഫ്റ്റിയില്‍ കിടിലമാണെന്ന് കരുതി പല ഉടമകളും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും അപകടത്തില്‍ പെടുന്നതും ഇന്ന് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ഛത്തിസ്ഗഡില്‍ നടന്ന ഒരു അപകടത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

അമിതവേഗതയില്‍ വന്ന ടാറ്റ നെക്സോണ്‍ ആണ് നിയന്ത്രണം വിട്ട് നിരവധി തവണ മലക്കം മറിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന നിഖില്‍ റാണയുടെ യൂട്യൂബ് ചാനലില്‍ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ദേശീയപാത 43-ല്‍ ബൈകുന്ത്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്ന അപകടമെന്നാണ് വീഡിയോയില്‍ പറയുന്നത്.
അമിത വേഗതയില്‍ വന്ന ടാറ്റ നെക്സോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്ന് തെന്നി വീഴുകയായിരുന്നുവെന്നാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. പലതവണ മലക്കം മറിഞ്ഞ ശേഷമാണ് റോഡിന് സമീപം ചെളി നിറഞ്ഞ പ്രദേശത്ത് ചെന്ന് നിന്നത്. എസ്‌യുവിയില്‍ യാത്ര ചെയ്തിരുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. മഴയെ തുടര്‍ന്ന് നനഞ്ഞ് കുതിര്‍ന്ന റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്.

അമിത വേഗത്തിലെത്തിയ നെക്സണിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ റോഡില്‍ തെന്നിമാറുകയും ചെയ്യുകയായിരുന്നു. ഭാഗ്യംകൊണ്ട് നെക്‌സോണ്‍ കാര്‍ എതിര്‍വശത്ത് നിന്നോ മറ്റോ വരുന്ന വാഹനങ്ങളിലൊന്നും ഇടിക്കാത്തതിനാല്‍ അപകടത്തിന്റെ രൂക്ഷത കുറഞ്ഞു. അപകടത്തില്‍ പെട്ട നെക്‌സോണിന്റെ ഡോറുകള്‍, ബോണറ്റ്, റൂഫ്, ടെയില്‍ഗേറ്റ് എന്നിവ തകര്‍ന്നിട്ടുണ്ട്.
മുന്നിലെയും പിന്നിലെയും വിന്‍ഡ്ഷീല്‍ഡ് തവിടുപൊടിയായി. ചെളി നിറഞ്ഞ പ്രദേശത്തായിരുന്നു കാര്‍ മലക്കംമറിഞ്ഞ് എത്തിയത്. ഇവിടെ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് എസ്‌യുവി നീക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ അപകടത്തിലും ടാറ്റ നെക്സോണ്‍ അതിന്റെ കരളുറപ്പ് തെളിയിച്ചിട്ടുണ്ട്. വമ്പന്‍ അപകടത്തിന് ശേഷവും കാറിന്റെ ക്യാബിനിനും പില്ലറുകള്‍ക്കും കാര്യമായ കേടുപാടുകളില്ല.
ഈ അപകടത്തില്‍ കാര്‍ ഡ്രൈവറാണ് തെറ്റുകാരന്‍. നനഞ്ഞ റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നത് അപകടകരമായതിനാല്‍ കുറേക്കൂടി ശ്രദ്ധ വേണമായിരുന്നു. മഴ പെയ്യുമ്പോഴും നനവാര്‍ന്ന റോഡിലൂടെയും അമിതവേഗതയില്‍ വാഹനമോടിക്കാന്‍ പാടില്ലെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ അപകടം. നിങ്ങള്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുമ്പോള്‍ അക്വാപ്ലാനിംഗ് സാധ്യത കൂടുതലാണെന്നതിനാല്‍ മഴയത്ത് വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.
അതുപോലെ തന്നെ മഴക്കാലത്ത് വണ്ടിയുമായി പുറത്തിറങ്ങുമ്പോള്‍ ടയറിന്റെ കണ്ടീഷനും പരിശോധിക്കുക. അവ മാറ്റാനായിട്ടുണ്ടെങ്കില്‍ ഒട്ടും വൈകാന്‍ നില്‍ക്കരുത്. മാത്രമല്ല അനുവദിനീയമായ വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കാനും ശ്രദ്ധിക്കുക. മഴ പെയ്യുന്നുണ്ടെങ്കില്‍ വേഗത പകുതിയാക്കി കുറക്കുക. അടിയന്തിര സാഹചര്യം മുന്നില്‍ വരുമ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ വാഹനം നിര്‍ത്താനോ വേഗത കുറയ്ക്കാനോ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.
ടാറ്റ നെക്‌സോണിന്റെ സേഫ്റ്റിയെ കുറിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമായിരിക്കില്ല. എങ്കിലും അറിയാത്തവര്‍ക്കായി പറയട്ടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ രാജ്യത്തെ ആദ്യത്തെ കാറുകളിലൊന്നാണ് ടാറ്റ നെക്‌സോണ്‍. നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ പതിപ്പാണ് ഇവിടെ അപകടത്തില്‍ പെട്ടിരിക്കുന്നത്. ഈ മാസമാണ് ടാറ്റ മോട്ടോര്‍സ് നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് വിപണിയില്‍ എത്തിച്ചത്.
ഇതിന്റെ ഇലക്ട്രിക് ആവര്‍ത്തനത്തിന്റെ ലോഞ്ചും അതേദിവസം നടന്നു. ഇതിനു പിന്നാലെയിതാ നെക്‌സോണിലേക്ക് സിഎന്‍ജി ഓപ്ഷന്‍ കൂടി എത്തുകയാണെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കാറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സിഎന്‍ജി ബാര്‍ കാണിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞന്നത്. എന്നിരുന്നാലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല.


Click it and Unblock the Notifications








