എംബിഎ ചായ് വാലയുടെ ജൈത്രയാത്ര ഇനി ആഡംബരത്തിനൊപ്പം; ബെൻസ് സ്വന്തമാക്കി പ്രഫുൽ
തോറ്റുപ്പോയവർ എന്നും തോൽവിയാണെന്ന് വിശ്വസിക്കുന്നവർക്ക് ഏറെ പ്രചോദനമായ ഒരു വിജയകഥയാണ് എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുൽ ബില്ലൂറിൻ്റേത്. 2017 ലാണ് എംബിഎ പഠിത്തം ഡ്രോപ്പ് ഔട്ട് ആയി ഐഐഎം അഹമ്മദാബാദിന് പുറത്ത് ഒരു ചായക്കട തുടങ്ങിയത്.
വളരെ പെട്ടെന്നാണ് ടീ സ്റ്റാൾ ജനശ്രദ്ധ നേടിയതും പ്രശസ്തമായതും. അത് പോലെ തന്നെ ഒരുപാട് സ്ഥലങ്ങളിൽ കട ആരംഭിക്കുകയും ചെയ്തു. എംബിഎ ചായ് വാലയ്ക്ക് ഇപ്പോൾ രാജ്യത്തുടനീളം ഒന്നിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. പ്രഫുൽ ബില്ലൂർ അടുത്തിടെയാണ് 90 ലക്ഷം രൂപയുടെ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി സ്വന്തമാക്കിയത്. പുത്തൻ വാഹനത്തിൻ്റെ ഡെലിവറി വീഡിയോകളും ചിത്രങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വച്ചിട്ടുണ്ട്.

മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ 300d വേരിയന്റാണ് പ്രഫുൽ സ്വന്തമാക്കിയത്. കഠിനാധ്വാനത്തിൻ്റെയും കഷ്ടപ്പാടിൻ്റേയും ഫലമാണ് തൻ്റെ പുതിയ വാഹനമെന്നാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചതിന് ശേഷം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മെർസിഡീസ് ബെൻസിൻ്റെ ഏറ്റവും വില കൂടിയതും ആഡംബരവുമായ എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് GLE. വാഹനത്തിൻ്റെ സെഗ്‌മെന്റിലെ മറ്റ് മെഴ്‌സിഡസ്-ബെൻസ് കാറുകളെപ്പോലെ, GLE അതിന്റെ ഉപഭോക്താക്കൾക്ക് വളരെ വ്യത്യസ്തമായ പ്രീമിയം ഫീച്ചേഴ്സ് നൽകുന്നുണ്ട്.
ഏഴ് എയർബാഗുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതിന് സമാനമായ വലിപ്പത്തിലുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് നൽകിയിരിക്കുന്നത്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകളാണ് എസ്‌യുവി ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ ലെതർ സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

മെർസിഡീസ് ബെൻസ് എസ്‌യുവിക്ക് ഒന്നിലധികം വേരിയന്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, അത് മാത്രമല്ല പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാണ്. ഏകദേശം 90 ലക്ഷം രൂപ വിലവരുന്ന എൻട്രി ലെവൽ വേരിയന്റായ GE 300d ആണ് പ്രഫൂൽ വാങ്ങിയത്. GLE 300d ന് മുകളിലായി, 400d, 450 വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. GLE 400d ക്ക് 1.05 കോടി രൂപയാണ് എക്‌സ് ഷോറൂം വില, GLE 450 ന് 1.04 കോടി രൂപയാണ് എക്‌സ് ഷോറൂം വില.
വാഹനത്തിൻ്റെ കരുത്തിലേക്ക് വരുകയാണെങ്കിൽ ഡീസൽ എഞ്ചിനാണ് മെർസിഡീസ് ബെൻസ് GLE 300d യിൽ. ഈ എസ്‌യുവിയിൽ 245 bhp യും 500 nm പീക്ക് ടോർക്കും നൽകുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിലുളളത്. എസ്‌യുവിക്ക് 7.2 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ ഇലക്‌ട്രോണിക് പരിമിതമായ ടോപ്പ് സ്പീഡ് 225 കി.മീ ആണ്. 400d-യിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിനും 450-ൽ 365 Ps-ഉം 500 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനും ഉപയോഗിച്ചിരിക്കുന്നു.

ഇതിനെല്ലാം പുറമേ സാധാരണ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഒരു കൂപ്പെ പോലുള്ള ഡിസൈനും ലഭിക്കുന്നുണ്ട്. 435 bhp യും 520 nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ആറ് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മോഡലിൽ ഉപയോഗിക്കുന്നത്. ഈ വേരിയന്റിന് 1.64 കോടി രൂപയാണ് എക്‌സ് ഷോറൂം വില. വാഹനപ്രേമികളുടെ ഇടയിലും സെലിബ്രിറ്റികളുടെ ഇടയിലും ഏറെ ആരാധകരുളള വാഹന നിർമാതാക്കളാണ് മെർസിഡീസ് ബെൻസ്. ഏതൊരു വാഹന പ്രേമിയോടും സ്വന്തമാക്കണമെന്ന് ആഗ്രഹമുളള വാഹനം ഏതാണെന്ന് ചോദിച്ചാൽ അവരുടെ ഇഷ്ടവാഹനത്തിൻ്റെ പട്ടികയിൽ മെർസിഡീസ് ബെൻസ് ഉണ്ടാകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








