ആദ്യ കാര്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ പാണക്കാട് കുടുംബം! 'KLM2233' വീണ്ടും കൊടപ്പനക്കല്‍ തറവാട്ടിലേക്ക്!
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയിട്ട് 15 വര്‍ഷത്തോളമായി. മൂന്നര പതിറ്റാണ്ട് കാലം മുസ്‌ലിം ലീഗിനെ നയിച്ച അദ്ദേഹത്തെ മതേതരത്വത്തിന്റെ അംബാസഡര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ അത്ര പൊതു സ്വീകാര്യത നേടാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് പോലും സാധിച്ചിട്ടില്ല. തന്റെ യാത്രകള്‍ക്കായി 1977-ല്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു പച്ച നിറത്തിലുള്ള അംബാസഡര്‍ മാര്‍ക്ക് ത്രീ മോഡല്‍ സ്വന്തമാക്കിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിറ്റ കാര്‍ ഇപ്പോള്‍ വീണ്ടും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാര്‍ തിരികെ ലഭിച്ച സന്തോഷം പങ്കുവെച്ചു. 'എന്നോളം പ്രായമുള്ള വാപ്പയുടെ ആദ്യ വാഹനം തിരികെ കിട്ടിയപ്പോള്‍.കോഴിച്ചെന ഹനീഫ സാഹിബിന്റെ സ്‌നേഹത്തിന് നന്ദി' മുനവറലി തങ്ങള്‍ കുറിച്ചു. പാണക്കാട് കുടുംബത്തില്‍ ആദ്യം വാങ്ങിയ കാറായിരുന്നു ഇത്. KLM 2233 നമ്പര്‍പ്ലേറ്റുള്ള കാര്‍ വീണ്ടും തിരികെയെത്തിയ സന്തോഷത്തിലാണ് കൊടപ്പനക്കല്‍ തറവാട്ടിലുള്ളവര്‍.

തങ്ങള്‍ മാത്രമല്ല അക്കാലത്ത് കുടുംബത്തിലുള്ളവരും തങ്ങളുടെ യാത്രകള്‍ക്ക് ഈ കാര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിലേറെ കാലം ഉപയോഗിച്ച ശേഷം കാര്‍ വില്‍ക്കുകയായിരുന്നു. കോഴിച്ചെന കുഞ്ഞു ഹാജിയെന്ന സുഹൃത്തിന് 25000 രൂപയ്ക്കാണ് കാര്‍ കൈമാറിയത്. മരണം വരെ കുഞ്ഞുഹാജി സ്ഥിരമായി ഈ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കാല ശേഷം മക്കളും കാര്‍ മികച്ച കണ്ടീഷനില്‍ തന്നെ നിലനിര്‍ത്തിപ്പോന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞു ഹാജിയുടെ സഹോദരിയുടെ മകന്‍ കോഴിച്ചെന ഹനീഫ ഹാജിയുടെ പക്കലെത്തിയത്. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്റെ പിതാവിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കാര്‍ തിരികെ നല്‍കുമോ ആഗ്രഹം മുനവറലി തങ്ങള്‍ ചോദിച്ചപ്പോള്‍ ഹനീഫ ഹാജി മറുത്തൊന്നും ആലോചിക്കാതെ സമ്മതം മൂളുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടപ്പനക്കല്‍ തറവാട്ടിലെത്തി അദ്ദേഹം കാറിന്റെ താക്കോല്‍ കൈമാറി. ശേഷം മുനവറലി തങ്ങള്‍ കാര്‍ ഓടിച്ച് നോക്കുന്നത് വീഡിയോയില്‍ കാണാം.

ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച കാറാണ് അംബാസഡര്‍. ഇന്ത്യന്‍ കുടുംബങ്ങളുടെ സ്റ്റാറ്റസ് സിംബലായിരുന്നു ഈ സെഡാന്‍. മാത്രമല്ല ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്‍മാരും അവരുടെ ഔദ്യോഗിക വാഹനമായി തിരഞ്ഞെടുത്തിരുന്നതും ഈ കാര്‍ ആയിരുന്നു. ഇന്നും അംബാസഡര്‍ കാറില്‍ സഞ്ചരിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയിലുണ്ട്. കൊല്‍ക്കത്ത പോലുള്ള വന്‍ നഗരങ്ങളില്‍ ഇപ്പോഴും അംബാസഡര്‍ ടാക്സിയായി ഓടുന്നത് കാണാം.
ബ്രിട്ടനിലെ മോറിസ് ഓക്‌സ്‌ഫോര്‍ഡിന്റെ മാതൃകയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഇത് നിര്‍മ്മിച്ചത്. അവരുടെ ആദ്യത്തെ കാറായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് മുമ്പാണ് അംബാസഡറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഗുജറാത്തില്‍ പിറവിയെടുത്തത്. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത വര്‍ഷം
കമ്പനി വെസ്റ്റ് ബംഗാളിലേക്ക് മാറുകയും അംബാസഡര്‍ കാറിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. വിശാലമായ അകത്തളവും ദൃഢമായ ബില്‍ഡ് ക്വാളിറ്റിയും മൂലം ഇന്ത്യന്‍ ജനതയുടെ ഹൃദയം കീഴടക്കാന്‍ ഈ കാറിനായി.

കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡര്‍ കണക്കാക്കപ്പെട്ടിരുന്നു. അംബാസഡര്‍ തരുന്ന യാത്രാ സുഖവും ഡ്രൈവിംഗ് അനുഭവവും അക്കാലത്ത് ഒരു കാറിനും നല്‍കാനായിരുന്നില്ല. ആദ്യ കാലത്ത് പെട്രോള്‍ ഏഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായിരുന്ന അംബാസഡര്‍ ലഭ്യമായിരുന്നത്. പിന്നീട് ഡീസലിലും എല്‍പിജിയിലും ഓഫര്‍ ചെയ്തു.
മൂന്ന് പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായിരുന്ന അംബി 80 കളിലും 90-കളിലും പ്രതാപത്തോടെയാണ് നിലനിന്നിരുന്നത്. 80-കളില്‍ പോലും 20,000 യൂണിറ്റിലധികം അംബാസഡറുകള്‍ വിറ്റുപോയിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കുറഞ്ഞ ഡിമാന്‍ഡും കാരണം 2014 മാര്‍ച്ചില്‍ കാറിന്റെ നിര്‍മാണം അവസാനിപ്പിച്ചു. നിര്‍ത്തലാക്കുന്നതിന് മുമ്പ് എച്ച്എം സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,200 യൂണിറ്റ് അംബാസഡറുകള്‍ വിറ്റിരുന്നു. ഇലക്ട്രിക് അവതാരത്തില്‍ അംബാസഡര്‍ പുനര്‍ജനിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications








