എംപിയായ ഭര്‍ത്താവിനൊപ്പം സൈക്കിളില്‍ കറങ്ങാനിറങ്ങി താരറാണി! കമന്റ് ബോക്‌സ് നിറയെ ഉപദേശം, എന്തിനാണെന്നോ?
ഫിറ്റ്‌നെസിന് വളരെ ശ്രദ്ധ കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ ജിമ്മിനും ജോഗിംഗിനുമെല്ലാം പുറമെ സൈക്ലിംഗും ശീലമാക്കിയവര്‍ ഉണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് രാവിലെയോ വൈകുന്നേരമോ കൂള്‍ ആയി സൈക്കിളുമായി കറങ്ങാന്‍ ഇറങ്ങാവുന്നതാണ്. എന്നാല്‍ സൈക്ലിംഗ് ഇഷ്ടമാണെങ്കില്‍ കൂടി അതുമായി പുറത്തിറങ്ങാന്‍ സാധിക്കാത്തവരാണ് സെലിബ്രിറ്റികള്‍. എന്നാല്‍ ഒരേ മാതൃകയിലുള്ള വസ്ത്രം ധരിച്ച് സൈക്കിളില്‍ ഡല്‍ഹി നിരത്തുകളിലൂടെ കറങ്ങുന്ന രണ്ട് ഇണക്കുരുവികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത് ആരാണെന്ന് നമുക്ക് നോക്കിയാലോ?.
ചോപ്ര എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന സിനിമാക്കാരുടെ പേര് യാഷ് ചോപ്ര, ആദിത്യ ചോപ്ര അല്ലെങ്കില്‍ പ്രിയങ്ക ചോപ്രയായിരിക്കും. ഇവരെ കൂടാതെ അടുത്ത കാലത്തായി ബോളിവുഡിന് പ്രിയങ്കരിയായി മാറിയ മറ്റൊരു ചോപ്ര കുടുംബാംഗമാണ് പരിണീതി ചോപ്ര. ലേഡീസ് Vs റിക്കി ഭാല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പരിണീതി ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ്. ഇഷഖ്‌സാദെ (2012) എന്ന ചിത്രത്തിലൂടെയാണ് ജൂറിയുടെ പ്രത്യേക പരമാര്‍ശത്തിനര്‍ഹയായത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പരിണീതി ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ രാഘവ് ഛദ്ദയെ വിവാഹം ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ്. ഏഴാം ഡല്‍ഹി നിയമസഭയില്‍ രാജേന്ദ്ര നഗര്‍ മണ്ഡലത്തിന്റെ എംഎല്‍എയായിരുന്നു. എഎപിയുടെ ദേശീയ വക്താവായ രാഘവ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഈ ഒരുവര്‍ഷത്തിനിടെ ഇരുവരും ഒരുമിച്ച് പല തവണ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ഡല്‍ഹിയിലൂടെ സൈക്കിളില്‍ കറങ്ങുന്ന ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും രാഷ്ട്രപതി ഭവനിന്റെ മുന്നിലൂടെ സൈക്കിള്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമാണ്. ഈ ഒരു സാഹചര്യത്തില്‍ മാസ്‌ക് പോലും ധരിക്കാതെ സൈക്ലിംഗിനെത്തിയ ഇരുവരെയും നെറ്റിസണ്‍സ് ഉപദേശിക്കുന്നുണ്ട്. ഇത് അമിതാത്മവിശ്വാസമല്ലേ എന്ന നിലയിലാണ് കമന്റുകള്‍.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ അപകടകരമായ നിലയായ 500 കടന്നു. ആരോഗ്യമുള്ളവരെപ്പോലും ബാധിക്കുന്ന നിലയിലാണ് മലിനീകരണത്തിന്റെ തോത് എന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പഴക്കം ചെന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഇത് അനുസരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെ 2,234 പഴയ വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. 10 വര്‍ഷത്തിലേറെയായി പഴക്കമുള്ള 260 ഡീസല്‍ ഫോര്‍ വീലറുകളും 15 വര്‍ഷത്തിലേറെയായി ഉപയോഗത്തിലുള്ള 1,156 പെട്രോള്‍ ടൂവീലറുകളും 818 പെട്രോള്‍ ഫോര്‍ വീലറുകളും കണ്ടുകെട്ടിയിട്ടുണ്ട്. ഇത്തരം നടപടികള്‍ ഭാവിയിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്ക്കെല്ലാം പുറമെ അന്തരീക്ഷ മലിനീകരണ പ്രശ്നം നിയന്ത്രണവിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിവിധ നടപടികളും സ്വീകരിക്കുന്നുണ്ട്.
നിലവില്‍ ഡല്‍ഹി നിരത്തുകളില്‍ ബിഎസ് III പെട്രോള്‍, ബിഎസ് IV ഡീസല്‍ വാഹനങ്ങള്‍ ഓടിക്കാന അനുവാദമില്ല. ഈ നിരോധനം ലംഘിച്ച് വാഹനമോടിച്ചതിനും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്തതിനും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ക്കാണ് പൊലീസും എംവിഡിയും പിഴ ചുമത്തിയത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








